പൊള്ളില്ല ഇന്ധനം; പെട്രോൾ, ഡീസൽ വില കൂടില്ല, തീരുവ കുറച്ച് കേന്ദ്രസർക്കാർ

എണ്ണക്കമ്പനികൾക്ക് നഷ്ടപ്പേടി വേണ്ട
ലോക്ക് ഡൗൺ നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും അധിക ഇറക്കുമതി തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചത് എണ്ണക്കമ്പനികൾക്കും പൊതുജനത്തിനും ഒരുപോലെ ആശ്വാസമായി. ഇന്ധവില കൂടുന്നത് ഒഴിവാക്കാനാണ് നടപടി. പെട്രോളിന്റെ അധിക തീരുവ 13 രൂപയിൽ നിന്ന് മൂന്നാക്കി. ഡീസലിന് ഒഴിവായി.

ആഭ്യന്തര വിപണിയിൽ കൂടുതൽ ഇന്ധനം ഉറപ്പാക്കാൻ ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ.ടി.എഫ്) ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ ചുമത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികൾ നഷ്ടത്തിലായിരുന്നു. അധിക നികുതി കുറച്ചതോടെ കമ്പനികളുടെ നഷ്ടം കുറയുകയും ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒഴിയുകയും ചെയ്തു.


അതേസമയം, സാധാരണഗതിയിലുള്ള ഇറക്കുമതി തീരുവ തുടരും. ഇത് പെട്രോളിന് 11.90 രൂപയും ഡീസലിന് ലിറ്ററിന് 7.8 രൂപയുമാണ്. രാജ്യത്ത് ഊർജ ലോക്ക് ഡൗൺ വരുമെന്ന വാർത്തകൾ അസംബന്ധമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ലോക്ക്ഡൗൺ അഭ്യൂഹത്തെ തുടർന്ന് ഗ്രാമീണ മേഖലകളിൽ പെട്രോൾ ബങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. കന്നാസുകളിലും മറ്റും ഇന്ധനം വാങ്ങിക്കൂട്ടാൻ ആളുകൾ തിക്കിത്തിരക്കിയെത്തിയിരുന്നു.

ഒരു ലിറ്റർ പെട്രോളിൽ

കമ്പനിക്ക് നഷ്ടം 24 രൂപ

യുദ്ധത്തെ തുടർന്ന് ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളർ വരെ ക്രൂഡ് ഓയിൽ വില ഉയർന്നത് മൂലം എണ്ണക്കമ്പനികൾക്ക് പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് ലിറ്ററിന് 30 രൂപയും നഷ്ടം നേരിട്ടെന്നാണ് കണക്ക്. ഇത് പരിഹരിക്കാൻ സ്വകാര്യ കമ്പനിയായ നയാര ഇന്ധന വില വർദ്ധിപ്പിച്ചിരുന്നു.

#എക്‌സൈസ് അധിക തീരുവ കുറച്ചത് ഖജനാവിന് 7,000 കോടി നഷ്‌ടം വരുത്തും. കയറ്റുമതി തീരുവ വർദ്ധിപ്പിച്ചത് 1,500 കോടി രൂപയുടെ ലാഭവും നൽകും (രണ്ടാഴ്‌ചത്തെ കണക്ക്).

വാണിജ്യ എൽ.പി.ജി

വിഹിതം കൂട്ടി

ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയ്‌ക്ക് ആശ്വാസം നൽകി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 20 ശതമാനം വർദ്ധന വരുത്തി. നേരത്തെ 20 ശതമാനം വിഹിതം വർദ്ധിപ്പിച്ചിരുന്നു.

 ജഗ്‌വസന്ത് എത്തി

42,000 മെട്രിക് ടൺ എൽ.പി.ജിയുമായി ജഗ്‌വസന്ത് എന്ന കപ്പൽ ഇന്നലെ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തി. എൽ.പി.ജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന പൈൻ ഗ്യാസ് എന്ന കപ്പലും ഉടൻ ഇന്ത്യൻ തീരത്തെത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top