നിലമ്പൂർ: അഡ്വ. മോഹൻ ജോർജ് ബി.ജെ.പി സ്ഥാനാർത്ഥി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കൊച്ചേത്ത് കാലായിൽ വീട്ടിൽ അഡ്വ.മോഹൻ ജോർജിനെ (62) ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കേന്ദ്ര നേതൃത്വം. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം ഇന്നലെയാണ് ബി.ജെ.പി അംഗത്വമെടുത്തത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹൻ നിലമ്പൂർ, മഞ്ചേരി കോടതികളിൽ അഭിഭാഷകനാണ്.

കേരള കോൺഗ്രസ് (ബി)​ മുൻ നേതാവു കൂടിയായ ഇദ്ദേഹം കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി,യുവജന വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ കോളേജ് കൗൺസിലംഗം,ചുങ്കത്തറ മാർത്തോമ ചർച്ച് ഉപാദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

നേരത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലായിരുന്നു ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ബി.ജെ.പി കോർകമ്മിറ്റി തീരുമാനം. പിന്നീട് ഘടക കക്ഷിയായ ബി.ഡി.ജെ.എസിനോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചതോടെ ബി.ജെ.പി മത്സരരംഗത്ത് ഇറങ്ങണമെന്ന പ്രാദേശിക സമ്മർദ്ദം ശക്തമായി. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വം മോഹൻ ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.ഭാര്യ: ബീന.ടി.ചെറിയാൻ( റിട്ട.പ്രിൻസിപ്പൽ, മാർത്തോമ ഹയർസെക്കന്ററി സ്‌കൂൾ). മക്കൾ: മിഥുൻ മോഹൻ ജോർജ് (കാനഡ), മിന്നു മോഹൻ ( വെല്ലൂർ സി.എംസി).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top