പലിശയിൽ ഒളിച്ചുകളിച്ച് ബാങ്കുകൾ

റിപ്പോ കുറച്ചിട്ടും നേട്ടം കൈമാറാതെ ബാങ്കുകൾ

കൊച്ചി: റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ വായ്പകളുടെ പലിശയിൽ നേരിയ കുറവ് മാത്രം വരുത്തി ബാങ്കുകൾ ഒളിച്ച് കളിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരുക്കം ബാങ്കുകൾ മാത്രമാണ് പലിശ കുറച്ചത്. ഉപഭോക്താക്കൾക്ക് കാര്യമായി നേട്ടം ലഭിക്കാത്ത വിധം റിപ്പോ ബന്ധിത നിരക്ക് മാത്രമാണ് പല ബാങ്കുകളും കുറച്ചത്. വെള്ളിയാഴ്ച റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കായ റിപ്പോ അര ശതമാനം കുറച്ചിരുന്നു. പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും റിപ്പോ ബന്ധിത വായ്പാ നിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറച്ചു. അതേസമയം അടിസ്ഥാന നിരക്കും മാർജിനൽ കോസ്‌റ്റ് അടിസ്ഥാനമായ വായ്പാ നിരക്കിലും(എം.സി.എൽ.ആർ) മാറ്റം വരുത്തിയില്ല.

മറ്റൊരു പൊതുമേഖല ബാങ്കായ യൂകോ ബാങ്ക് എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ എം.സി.എൽ.ആർ 0.1 ശതമാനം കുറച്ച് വ്യത്യസ്തമായ പാത സ്വീകരിച്ചു. ഇതോടെ യൂകോ ബാങ്കിന്റെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നാളെ മുതൽ 0.1 ശതമാനം കുറയും.

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ എം.സി.എൽ.ആർ 0.1 ശതമാനം കുറച്ചു. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ കുറച്ചേക്കും.

1. എം.സി.എൽ.ആറിൽ നേരിയ കുറവ് മാത്രം വരുത്തിയതിനാൽ വിവിധ വായ്പകളെടുത്തിട്ടുള്ള കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രതീക്ഷിച്ച ആശ്വാസം ലഭിക്കില്ല

2. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ കാര്യമായി വായ്പയെടുക്കാത്തതിനാൽ വായ്പകളുടെ പലിശ ഉടൻ കുറയ്ക്കാനാകില്ലെന്ന് ബാങ്കുകൾ പറയുന്നു

3.റിപ്പോ ബന്ധിത നിരക്കിൽ വരുന്ന കുറവ് വായ്പകളുടെ പലിശ ബാദ്ധ്യത കുറയ്ക്കില്ല. എം.സി.എൽ.ആർ നിരക്ക് കുറഞ്ഞാൽ മാത്രമേ വായ്പകളുടെ പലിശ താഴാനിടയുള്ളൂ

• നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ആവേശം

ഫെബ്രുവരിയ്ക്ക് ശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 0.3 ശതമാനം മുതൽ 0.7 ശതമാനം വരെ കുറച്ചുവെന്ന് എസ്.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് റിപ്പോയിൽ അര ശതമാനം കുറച്ചതിനാൽ വരും ദിവസങ്ങളിലും പലിശ താഴേക്ക് നീങ്ങും. ഫെബ്രുവരിയ്ക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞത്. അതേസമയം വായ്പകളുടെ പലിശയിൽ 0.3 ശതമാനം കുറവ് മാത്രമാണ് എസ്.ബി.ഐ പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top