കൊച്ചി: പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പരാതി പരിഹരിച്ചുവെന്ന മറുപടിയല്ല, എന്തു നടപടിയെടുത്തുവെന്ന കാര്യത്തിൽ വിശദീകരണമാണ് വേണ്ടത്. എത്ര പരാതികൾ ലഭിച്ചു, എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങൾ കെ. സ്മാർട്ടിൽനിന്ന് നീക്കംചെയ്തത് അമിക്കസ്‌ക്യൂറി അഡ്വ. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
ബോർഡുകൾ നീക്കംചെയ്യുന്നതിന്റെ ചുമതലയുള്ള തദ്ദേശ സെക്രട്ടറിമാർക്ക് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. അവർക്ക് രാഷ്ട്രീയ സമ്മർദ്ദമുണ്ടാകാമെങ്കിലും അതിനുനീതീകരണമില്ല. ഓരോബോർഡിനും 5000രൂപ പിഴ ഈടാക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെങ്കിൽ സെക്രട്ടറിമാർ വഹിക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
സർക്കാരിലെ അധികാരകേന്ദ്രങ്ങളായ ഉന്നതവ്യക്തികളുടെ ചിത്രങ്ങളാണ് ബാനറും ബോർഡുമായി വഴിയോരങ്ങളിൽ ഉയർന്നുനിൽക്കുന്നതെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണ്ടാണ് മറ്റുള്ളവരും ചെയ്യുന്നത്. ഉന്നതരുടെ ചിത്രമുള്ള ബോർഡ് മാറ്റാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരോട് പറഞ്ഞിട്ട് എന്തുകാര്യം. അവർക്ക് അതിനുള്ള ധൈര്യമുണ്ടാകുമോ? കോടതിയുടെ നിലപാടിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വലിയ മാറ്റമുണ്ടായെന്നും പറഞ്ഞു.
ഓൺലൈൻ സംവിധാനത്തിലൂടെ പരാതി സ്വീകരിക്കുന്ന രീതിയുടെ അവസ്ഥയെന്താണെന്ന് കോടതി ചോദിച്ചു. പരാതികളിൽ നടപടിയെടുക്കുന്നുണ്ടോയെന്ന് അറിയിക്കണം. എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, എത്ര രൂപ പിഴയായി ഈടാക്കി, ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെ തുടങ്ങിയവയടക്കം അറിയിക്കണം.
ചെറിയകാര്യങ്ങൾക്കു വരെ
വലിയ ബോർഡുകൾ
ചെറിയ കാര്യങ്ങൾക്ക് വലിയ ബോർഡുകൾ സ്ഥാപിക്കുന്നവരുടെ നാടായി കേരളം മാറിയെന്ന് കോടതി. വേഷത്തിലടക്കം ഏറ്റവും ലാളിത്യം പുലർത്തിയിരുന്നവരായിരുന്നു മലയാളികളെങ്കിൽ ഇന്ന് സ്ഥിതിമാറി. കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടും ഫ്‌ളക്‌സ് ബോർഡുകൾ പെരുകുകയാണ്. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇത്തരം ബോർഡുകളുണ്ടാക്കുന്ന വെല്ലുവിളികൾ ഏറെയാണ്. ഉദ്യോഗസ്ഥരുടെ ഓരോ നടപടിയും നിരീക്ഷിക്കുകയാണെന്നും അറിയിച്ചു.