പണം തട്ടിയെടുക്കൽ: നാല് പേർ അറസ്റ്റിൽ

വെഞ്ഞാറമൂട്:ക്ഷീര കർഷകനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ വെങ്കിട്ട വിളയിൽ ആലിയാട് പുതുവൽ വിള പുത്തൻ വീട്ടിൽ അജിത് കുമാർ(37), വെമ്പായം കൊഞ്ചിറ കൈതയിൽ അഹ്‌ന മൻസിലിൽ അസീം(42) കോലിയക്കോട് ആലിയാട് പുതുവൽവിള പുത്തൻ വീട്ടിൽ സുധീഷ്(25) വാമനപുരം വാര്യംകോണം വിഷ്ണു വിലാസത്തിൽ കിച്ചു (31) എന്നിവരാണ് അറസ്റ്റിലായത്. വലിയകട്ടയ്ക്കാൻ മുരൂർക്കോണം രോഹിണിയിൽ അനിൽ കുമാറിനാണ് മർദ്ദനമേറ്റതും പണം നഷ്ടമായതും. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് അല്പം അകലെയായി അനിൽ കുമാർ നടത്തുന്ന ആമ്പാടി ഡയറി ഫാമില്‍വച്ചായിരുന്നു സംഭവം നടന്നത്. രാത്രിയിൽ പശുക്കളെ നോക്കുന്നതിനും തീറ്റകൊടുക്കുന്നതിനുമായി ഫാമിലെത്തിയ അനിൽ കുമാറിനെ ഗേറ്റ് തുറന്ന് തൊഴുത്തിലേക്ക് കയറിയ ഉടനെ മുഖം മൂടി ധരിച്ച് പ്രതികൾ നാല് പേരും ചേർന്ന് മർദ്ദിച്ചവശനാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കുകയും പിൻ നമ്പർ ചോദിച്ചറിഞ്ഞ് അക്കൗണ്ടിലെത്ര രൂപയുണ്ടന്ന് മനസിലാക്കി അതിലുണ്ടായിരുന്ന 16,000 രൂപ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാൽ നേതൃത്വത്തിൽ വെഞ്ഞാറമൂട് സി.ഐ. അനൂപ് കൃഷ്ണ, എസ.ഐ മാരായ ഷാൻ.എസ്.എസ്, സജിത്ത്.എസ്,ഗ്രേഡ് എസ്.ഐ. ഷാജി, സി.പി.ഒ മാരായ ഭരത്, അനൂപ്, ശ്രീകാന്ത്, ഗോകുൽ എന്നിവരടങ്ങിയ സംഘം പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നു പിടികൂടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top