മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ തമിഴ്നാട് ജലസേചന വകുപ്പിൻ്റെ തീരുമാനം. രാവിലെ 10 മണിക്ക് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ശനിയാഴ്ച രാത്രി 10 മണിയോടെ ജലനിരപ്പ് 136 അടി തൊട്ടു.
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. റൂൾ കർവ് പരിധിയായ 136 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ തമിഴ്നാട് ജലസേചന വകുപ്പ് തീരുമാനിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ജലനിരപ്പ് 136 അടി തൊട്ടത്. പുലർച്ചെ നാലുമണിക്ക് ജലനിരപ്പ് 136.10 അടിയിലെത്തി. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ തുറക്കാവൂ എന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ചാണ് പകൽസമയം അണക്കെട്ട് തുറക്കുന്നത്
ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഷട്ടർ തുറക്കുന്ന സമയത്തെ നീരൊഴുക്ക് പരിഗണിച്ചാകും എത്ര ഷട്ടറുകൾ തുറക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അണക്കെട്ടിനാകെ 13 സ്പിൽവേ ഷട്ടറുകളാണ് ഉള്ളത്.
വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധി കവിഞ്ഞത്. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2117 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
നിലവിൽ പെരിയാർ നദിയിൽ ജലനിരപ്പ് കുറവാണ്. അതിനാൽ അണക്കെട്ട് തുറക്കുമ്പോൾ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകാനിടയില്ല. പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം ആദ്യം ജനവാസമേഖലയായ വള്ളക്കടവിലേക്ക് എത്തും. തുടർന്ന് വണ്ടിപ്പെരിയാർ, തേങ്ങാക്കൽ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിൽ എത്തിച്ചേരും.
പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽനിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ റവന്യൂ, പോലീസ് അധികാരികളോട് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശിച്ചിരുന്നു. ജില്ലാ ഭരണകൂടം 20ലധികം ക്യാമ്പുകൾ ഒരുക്കിയിരുന്നു. റവന്യൂ, പോലീസ് അധികാരികളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചിട്ടുണ്ട്
