വാട്സാപ് ഹാക്കിംഗ് വ്യാപകം; ഒറ്റ ക്ലിക്കിൽ കീശ കാലിയാകും

കൊച്ചി: വാട്‌സാപ് ഹാക്കിംഗിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൊച്ചിയിൽ വർദ്ധിച്ചു വരുന്നു. കൊച്ചി സിറ്റിയിൽ മാത്രം 50 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. റൂറൽ മേഖല കൂടി ഉൾപ്പെടുത്തിയാൽ എണ്ണം ഇരട്ടിയാകും. ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ട സംഭവവും ഇതിൽ ഉൾപ്പെടുന്നു. മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി.) പേരിലെത്തുന്ന സന്ദേശങ്ങളുടെ മറവിലാണ് കൂടുതലും ഹാക്കിംഗുകൾ നടക്കുന്നത്. വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്‌ശേഷം പണം കൈക്കലാക്കുന്നതിനു പുറമെ, അക്കൗണ്ട് ഉടമയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നുണ്ട്.
വാട്‌സാപ് അക്കൗണ്ടിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിയെടുത്ത് ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായേക്കാമെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വാട്‌സാപ് ഹാക്ക് ചെയ്യപ്പെട്ടാൽ അത് തിരികെ ലഭിക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന കൊച്ചിയിൽ, ഈ തട്ടിപ്പുകൾക്ക് തടയിടാൻ സൈബർ പൊലീസ് സജ്ജമാണ്. തട്ടിപ്പുകൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നൽകുന്നു.


തട്ടിപ്പിന്റെ രീതി
എം.വി.ഡിയുടെ പിഴയടക്കാനുള്ള സന്ദേശമെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരാണ് സാധാരണയായി കുടുങ്ങുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു എ.പി.കെ ഫയൽ ഫോണിൽ തനിയെ ഇൻസ്റ്റാൾ ആകും. ഇത് ഫോണിന്റെ സ്‌ക്രീൻ തട്ടിപ്പുകാർക്ക് കാണാവുന്ന രീതിയിൽ കൈമാറുന്നതോടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. ഒ.ടി.പി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാൽ പണം നഷ്ടപ്പെട്ടുവെന്ന് ഉടൻ തിരിച്ചറിയാൻ സാധിക്കില്ല. പണം ആവശ്യപ്പെട്ട് പരിചിതർ സന്ദേശം അയച്ചാലും നേരിട്ട് വിളിച്ച് ഉറപ്പുവരുത്താതെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ പണം കൈമാറുകയോ ചെയ്യരുതെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു.


ഗായികയ്ക്ക് പണം നഷ്ടപ്പെട്ടത് ഇങ്ങനെ
ഇ.എം.ഐ. അടക്കാനാണെന്നും ഒരു മണിക്കൂറിനകം തിരിച്ചുനൽകാമെന്നും കാണിച്ച് ബന്ധുവിന്റെ വാട്‌സാപ്പിൽനിന്ന് 45,000 രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം വിശ്വസിച്ച് അമൃത പണം കൈമാറി. പിന്നാലെ 30,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ പണം കൈവശമില്ലാത്തതിനാൽ അമൃത അവരെ വീഡിയോ കോൾ ചെയ്‌തെങ്കിലും തട്ടിപ്പുകാർ കോൾ കട്ട് ചെയ്തു. പിന്നീട് ഫോണിൽ വിളിച്ചപ്പോഴാണ് വാട്‌സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നും പലരിൽനിന്നായി തന്റെ പേരിൽ പണം ആവശ്യപ്പെട്ടതായും അമൃത അറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top