നിസാരവത്കരിക്കാൻ ശ്രമം,  കെണിയിൽ വീണ് മന്ത്രിമാർ 

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആദ്യാവസാനം നിഴലിച്ചത് ഉദ്യോഗസ്ഥതല ആശയക്കുഴപ്പവും കെടുകാര്യസ്ഥതയും. ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് അധികൃതർ ചെയ്തത്. അപകടവിവരമറിഞ്ഞ് മന്ത്രിമാരായ വി.എൻ.വാസവനും, വീണാജോർജും, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടില്ല.

ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീർത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു ശ്രമം. ഇവരുടെ വാക്കുകേട്ടാണ് മന്ത്രിമാർ മൂന്നുപേർ‌ക്ക് മാത്രമേ പരിക്കുള്ളൂവെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ, ബിന്ദുവിന്റെ മരണവിവരമറിഞ്ഞതോടെ ആദ്യനിലപാട് മാറ്റിപ്പറഞ്ഞ് മന്ത്രിമാർ രംഗത്തെത്തി.

ആദ്യകാലത്തു നിർമ്മിച്ച കെട്ടിടം അപകടനിലയിലായതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുമ്പോഴും തകർന്ന ടോയ്ലെറ്റ് ഇന്നലെയും ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞത്. അഞ്ച് ടോയ്ലെറ്രുകൾ അടങ്ങിയ മൂന്നുനില കെട്ടിടമാണിത്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം ഈ മാസാവസാനം മാറ്റാനുള്ള നടപടികൾ നടക്കുമ്പോൾ ജീർണാവസ്ഥയിലായ കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചതിന് അധികൃതർക്ക് ഉത്തരമില്ല.

വെള്ളം, വൈദ്യുതിയടക്കം ഇവിടെയുണ്ടായിരുന്നതിനാൽ ആളുകൾ പതിവായി ടോയ്ലെറ്റ് ഉപയോഗിച്ചിരുന്നു. പ്രവേശനം നിയന്ത്രിച്ചുള്ള അറിയിപ്പുകളും ഇവിടെയില്ല. ബിന്ദുവിന്റെ മരണവിവരം ഏറെനേരം മാദ്ധ്യമങ്ങളിൽ നിന്നു മറച്ചുപിടിക്കാനും ഉന്നത അധികൃതർ ശ്രമിച്ചു. ദുരന്തത്തെ തുടർന്ന് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ നടത്തിയ ശ്രമവും വിവാദമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം യു.ഡിഎഫ് നേതാക്കളുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഇത് നിറുത്തിവച്ചത്.

സാദ്ധ്യമായതെല്ലാം ചെയ്തു : മന്ത്രി വീണ

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സാദ്ധ്യമായതെല്ലാം ചെയ്തിരുന്നെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടമുണ്ടായത് ഉപയോഗിക്കാത്ത കെട്ടിടത്തിലാണെന്ന് പ്രതികരിച്ചത്. ആശുപത്രിയിൽ വന്ന ഉടനെയുള്ള മറുപടിയായിരുന്നു അത്. ചർച്ചകൾക്ക് ശേഷമായിരുന്നില്ല.

രണ്ടുപേർക്ക് പരിക്കെന്ന് മാത്രമായിരുന്നു ആദ്യവിവരം. ഉടൻ സംഭവസ്ഥലത്തേയ്ക്ക് ജെ.സി.ബി എത്തിക്കുന്നതിന് ഉൾപ്പെടെ നടപടിയെടുത്തു. ഗ്രിൽ പൊട്ടിച്ചാണ് ജെ.സി.ബി അകത്തേക്ക് എത്തിച്ചത്. ആദ്യഘട്ടത്തിൽ അകത്ത് ആരുമില്ലെന്നായിരുന്നു വിവരമെങ്കിലും രക്ഷാപ്രവർത്തനത്തിന് താമസമുണ്ടായില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരുന്നു പ്രാഥമിക ലക്ഷ്യം.

കാലപ്പഴക്കം കൊണ്ട് കെട്ടിടം ഉപയോഗിക്കാനാകില്ലെന്ന് 2012-13 കാലഘട്ടത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ അന്ന് ഫണ്ട് ലഭിച്ചില്ല. 2016ൽ എൽ.ഡി.എഫ് സർക്കാരാണ് ആശുപത്രിയുടെ സമഗ്രവികസനത്തിനായി തുക അനുവദിച്ചത്. പക്ഷേ കൊവിഡ് കാരണം 2021- 22 ലാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനായത്. എട്ടുനിലയിലുള്ള ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ 30 ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു. ഓപ്പറേഷൻ തിയേറ്ററുകൾ കൂടി പൂർത്തിയായി ഈ മാസം 31 ന് ഇവിടേക്ക് പ്രവർത്തനം മാറ്റാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top