കോട്ടയം: ആരും അപകടത്തിൽപ്പെട്ടിട്ടുണ്ടാവില്ലെന്ന അധികൃതരുടെ മുൻവിധിയാണ് മകളുടെ ചികിത്സയ്ക്കായി ഒപ്പമെത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന വിശദീകരണവും ആ ഉറപ്പിൽ ആദ്യഘട്ടത്തിൽ അധികം പരിശോധനയിലേയ്ക്ക് കടക്കാതിരുന്നതുമാണ് കാരണം.
വൈകാതെ രക്ഷാപ്രവർത്തനം നടത്തി വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, ബിന്ദുവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിസാര പരിക്കുകളോടെ ചിലരെ രക്ഷപ്പെടുത്തിയതിനാൽ മറ്റാരുമില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകൾ അറിയിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും, സഹോദരിയുടെ മരുമകൻ എറണാകുളം സ്വദേശി ഗിരിനും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പൊലീസും, രക്ഷാപ്രവർത്തകരും എത്തിയത്.
അപ്പോഴേയ്ക്കും ഒരു മണിക്കൂറിലേറെ പിന്നിട്ടിരുന്നു. 12.30ഓടെയാണ് അവശിഷ്ടങ്ങൾ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് ഫയർഫോഴ്സും, പൊലീസും വിശദമായ തെരച്ചിൽ ആരംഭിച്ചത്. ഒരുമണിയോടെ ബിന്ദുവിനെ പുറത്തെടുത്ത് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തരചികിത്സ ലഭ്യമാക്കിയെങ്കിലും അല്പസമയത്തിനകം മരിച്ചു. ജീവൻ രക്ഷിക്കാൻ സാധിച്ചേക്കാമായിരുന്ന വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവ് മൂലം നഷ്ടമായത്.
മക്കളിലൂടെ ജീവിതം സ്വപ്നം കണ്ട ബിന്ദു
തലയോലപ്പറമ്പ്: രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അവരിലൂടെ ജീവിതം നെയ്തെടുക്കാമെന്നായിരുന്നു ബിന്ദുവിന്റെയും ഭർത്താവ് വിശ്രുതന്റെയും സ്വപ്നം. പക്ഷേ, മകളുടെ രോഗവും തുടർന്ന് ബിന്ദുവിനുണ്ടായ ദുരന്തവും കുടുംബത്തെ ഉലച്ചു. ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായ മകൾ നവമിയുടെ ചികിത്സയ്ക്കാണ് ബിന്ദുവും വിശ്രുതനും കഴിഞ്ഞ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
നവമിയുടെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ. അഡ്മിറ്റായ നവമിക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ദുരന്തം. വസ്ത്രശാലയിൽ ജീവനക്കാരിയായ ബിന്ദുവും ഫർണിച്ചർ നിർമ്മാണ തൊഴിലാളിയായ വിശ്രുതനും കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പോറ്റുന്നത്.
ഓട് മേഞ്ഞ വീടും തേക്കാത്ത ഭിത്തിയുമൊക്കെയായി അങ്ങേയറ്റം കഷ്ടത നിറഞ്ഞ ജീവിതം. വീട്ടിലേയ്ക്ക് ചെറിയ നടപ്പുവഴി മാത്രം. മുണ്ടുമുറുക്കിയുടുത്തും മക്കളെ നന്നായി പഠിപ്പിക്കാൻ ഇരുവരും സമ്പാദ്യം നീക്കിവച്ചു. സിവിൽ എൻജിനിയറായ മകൻ നവനീതും രക്ഷപ്പെട്ട് വരുന്നതേയുള്ളൂ. നവമിയുടെ നഴ്സിംഗ് പഠനം കൂടി പൂർത്തിയാക്കിയാൽ ജീവിതം നല്ലനിലയിലാകുമെന്ന് ബിന്ദു വിശ്വസിച്ചിരുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് ബിന്ദുവിന്റേതെന്ന് നാട്ടുകാർ പറയുന്നു. ദാരുണമായ വാർത്ത അറിഞ്ഞത് മുതൽ ജനപ്രവാഹമായിരുന്നു വീട്ടിലേയ്ക്ക്. 90 വയസുള്ള ബിന്ദുവിന്റെ അമ്മ സീതാലഷ്മിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു. രോഗാവസ്ഥയിൽ കഴിയുന്ന അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ബിന്ദുവായിരുന്നു.
