വെടിനിറുത്തൽ ചർച്ച: ഇസ്രയേൽ സംഘം ഖത്തറിൽ

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേലിന്റെ പ്രതിനിധി സംഘം ഖത്തറിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിറുത്തൽ കരാറിനോട് അനുകൂലമാണെന്നും, എന്നാൽ വ്യവസ്ഥകളിൽ ചില മാറ്റം വേണമെന്നും ഹമാസ് മദ്ധ്യസ്ഥ രാജ്യമായ ഖത്തറിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ഇസ്രയേൽ അംഗീകരിച്ച വ്യവസ്ഥകളിലാണ് ഹമാസ് മാറ്റങ്ങൾ ആവശ്യപ്പെടുന്നത്. ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാൻ കഴിയുന്നവ അല്ലെന്നും, എന്നാൽ ചർച്ചയ്ക്ക് പ്രതിനിധികളെ അയക്കുന്നു എന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് കാട്ടി ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധം ശക്തമാണ്. കരാർ അംഗീകരിക്കാൻ ട്രംപും നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

ട്രംപുമായി ചർച്ച നടത്താൻ നെതന്യാഹു ഇന്ന് വൈറ്റ് ഹൗസിലെത്തും. ചർച്ചയ്ക്ക് പിന്നാലെ വെടിനിറുത്തലിന് അനുകൂലമായ പ്രഖ്യാപനം ഇരുനേതാക്കളും ചേർന്ന് നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. തീവ്ര വലതുപക്ഷ അംഗങ്ങൾ ഒഴികെ ഇസ്രയേലി ക്യാബിനറ്റ് അംഗങ്ങൾ എല്ലാം കരാറിന് അനുകൂലമാണ്. അതേ സമയം, ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയിൽ ഇന്നലെ 61 പാലസ്തീനികൾ കൊല്ലപ്പെട്ടു. ആകെ മരണം 57,410 കടന്നു.

അമേരിക്ക പാർട്ടിയുമായി മസ്‌ക്

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇടഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌ക്. ട്രംപിന്റെ ടാക്‌സ്-ബഡ്‌ജറ്റ് ബിൽ നിലവിൽ വന്ന ഉടൻ ‘അമേരിക്ക പാർട്ടി” എന്ന തന്റെ പാർട്ടി രൂപീകൃതമായെന്ന് മസ്ക് പ്രഖ്യാപിച്ചു.

ട്രംപിന്റെ ബിൽ അമേരിക്കയെ പാപ്പരാക്കുമെന്ന് ആരോപിച്ച മസ്ക്,​ ജനങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുമെന്നും പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയ്ക്കും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്കും ബദലായി മസ്ക് അവതരിപ്പിച്ച അമേരിക്ക പാർട്ടി ഫെഡറൽ ഇലക്‌ടറൽ കമ്മിഷനിൽ ഒദ്യോഗികമായി രജിസ്റ്റർ ചെയ്‌തോയെന്ന് വ്യക്തമല്ല.

കമ്മിഷൻ ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. യു.എസിന് പുറത്ത് ജനിച്ച ആളായതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മസ്‌കിന് മത്സരിക്കാൻ കഴിയില്ല. അതിനാൽ ആരാകും പാർട്ടിയെ നയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വെള്ളിയാഴ്ചയാണ് ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്നറിയപ്പെടുന്ന നിയമ നിർമ്മാണത്തിൽ ട്രംപ് ഒപ്പിട്ടത്. അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ, സൈന്യം, ഊർജ്ജ ഉത്പാദനം എന്നിവയ്ക്കുള്ള ധനവിനിയോഗം ഉയർത്താനും ആരോഗ്യ പരിരക്ഷ പദ്ധതി ഇല്ലാതാക്കാനും ബില്ലിൽ നിഷ്കർഷിക്കുന്നു. മസ്ക് ബില്ലിനോടുള്ള എതിർപ്പ് പരസ്യമാക്കിയതോടെയാണ് ട്രംപുമായുണ്ടായിരുന്ന സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top