മാനേജ്മെന്റ് , എൻ.ആർ.ഐ സീറ്റിലും ഫീസ് വർദ്ധന
തിരുവനന്തപുരം:സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ മെരിറ്റ് സീറ്റുകളിലും ഫീസ് കൂട്ടി.50 ശതമാനം മെരിറ്റ് സീറ്റുകളിലെ പകുതി സീറ്റുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് 50,000 രൂപയായിരുന്ന ഫീസ് 55,000 രൂപയാക്കി.ശേഷിച്ച സീറ്റുകളിൽ 55,000 രൂപ ഫീസിന് പുറമെ 27,500 രൂപ സ്പെഷ്യൽ ഫീസുമുണ്ട്.നേരത്തേ 25,000 രൂപയായിരുന്നു സ്പെഷ്യൽ ഫീസ്.മാനേജ്മെന്റ്,എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലും ഫീസ് കൂട്ടി.
മന്ത്രി ആർ.ബിന്ദുവുമായി മാനേജ്മെന്റ് അസോസിയേഷൻ നടത്തിയ ചർച്ചയിൽ ഫീസ് കൂട്ടാൻ തീരുമാനിച്ചതോടെ, 50% സീറ്റുകൾ സർക്കാരിന് വിട്ടുനൽകാനുള്ള കരാറിൽ മാനേജ്മെന്റുകൾ ഒപ്പിട്ടു.85 സ്വാശ്രയ കോളേജുകളിലെ ഫീസാണ് കൂടുന്നത്.15% എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 1.5 ലക്ഷം ട്യൂഷൻ ഫീസും 25,000 രൂപ സ്പെഷ്യൽ ഫീസുമായിരുന്നത് ട്യൂഷൻ ഫീസ് 2,11,065 രൂപയും സ്പെഷ്യൽ ഫീസ് 35,167രൂപയുമായി കൂട്ടി. മാനേജ്മെന്റ് ക്വോട്ടയിൽ 99000 രൂപ ട്യൂഷൻ ഫീസും 25000 രൂപ സ്പെഷ്യൽ ഫീസുമായിരുന്നത് 1,39,302 രൂപ ട്യൂഷൻ ഫീസും 35,167രൂപ സ്പെഷ്യൽ ഫീസുമാക്കി. മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ടയിൽ 1.5 ലക്ഷം വീതം നിക്ഷേപം വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത് ഒഴിവാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.സെക്രട്ടറി സി.അജയനും സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജുരമേശും സെക്രട്ടറി ഷിന്റോയുമാണ് കരാറിലൊപ്പിട്ടത്. ഫീസ് കൂട്ടിയതിൽ തൃപ്തിയില്ലെങ്കിലും പ്രവേശനം വൈകുന്നത് ഒഴിവാക്കാൻ കരാറിലൊപ്പിടുകയായിരുന്നുവെന്ന് പ്രസിഡന്റ് ബിജുരമേശ് പറഞ്ഞു.
മൂന്ന് പ്രധാന
അലോട്ട്മെന്റ്
സ്വാശ്രയ കോളേജുകളിൽ മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റും ഒരു സ്ട്രേ വേക്കൻസി അലോട്ട്മെന്റും സ്പോട്ട് അലോട്ട്മെന്റുകളുമുണ്ട്. ഇതിനു ശേഷവും ഒഴിവുള്ള സീറ്റുകളിൽ എൻട്രൻസ് യോഗ്യത നേടാത്തവർക്കും പ്രവേശനം നൽകും.
മാർക്ക് സമീകരണം
വേണ്ടെന്ന്
അടുത്ത വർഷം മുതൽ വിദ്യാർത്ഥികളുടെ എൻട്രൻസ് സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തണമെന്ന് മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാർക്ക് സമീകരണം നടത്തേണ്ട കാര്യമില്ല. പ്ലസ്ടു മാർക്ക് എൻട്രൻസ് സ്കോറിനോട് കൂട്ടിച്ചേർത്താൽ പിന്നെ എൻട്രൻസിന്റെ പ്രസക്തിയെന്താണെന്ന് അസോസിയേഷൻ നേതാക്കൾ ചോദിച്ചു. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചു.
പ്രവേശന പരീക്ഷാ പ്രതിസന്ധി ഇനി ഉണ്ടാകാതിരിക്കട്ടെ…
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ ഇത്തവണ നടത്തിയ കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലങ്ങളിലേക്ക് വളരുകയാണ്. അവസാനനിമിഷം നടപ്പാക്കിയ പരിഷ്കാരപ്രകാരം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയത് ഇന്നലെ ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു. നിയമയുദ്ധം നിറുത്തി മുൻവർഷത്തെപ്പോലെ തന്നെ പ്രവേശനം നടത്താനുള്ള സർക്കാർ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമായി.
70000 ഓളം വിദ്യാർത്ഥികളെ ബാധിക്കുന്ന പരിഷ്കാരം കൊണ്ടുവരുമ്പോൾ വേണ്ടത്ര ഗൃഹപാഠം ചെയ്യേണ്ടതായിരുന്നു. തിരക്കിട്ട് നടത്തിയ പരിഷ്കാരമാണ് ഇപ്പോഴത്തെ അങ്കലാപ്പിന് കാരണമായത്. അയൽ സംസ്ഥാനങ്ങളിൽ എൻജിനിയറിംഗ് പ്രവേശനം ആരംഭിച്ച സമയമാണിത്. കേരളത്തിലെ ശരാശരി 20,000ഓളം വിദ്യാർത്ഥികൾ വർഷാവർഷം അയൽ സംസ്ഥാനങ്ങളിൽ എൻജിനിയറിംഗിന് പഠിക്കാൻ പോകുന്നുണ്ട്. പ്രവേശന നടപടികൾ നീണ്ടുപോയിരുന്നെങ്കിൽ ഒരുപക്ഷേ സമർത്ഥരായ വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായേനെ.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രധാനപ്പെട്ട പ്രവേശനപരീക്ഷകളിലൊന്നും പ്ളസ് ടൂ മാർക്ക് കണക്കാക്കാറില്ല. പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം നോക്കി റാങ്ക് നിർണയിക്കുന്നതാണ് ശാസ്ത്രീയമായ രീതി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പതിറ്റാണ്ടുകളായി കുറ്റമറ്റ ഈ രീതിയാണ് പിന്തുടരുന്നത്. ജെ.ഇ.ഇ മെയിനും,ജെ.ഇ.ഇ അഡ്വാൻസും നീറ്റ് പ്രവേശന പരീക്ഷകളും ഇതേ രീതി തന്നെ അവലംബിക്കുന്നു. കീമിനും ഇതിലേക്ക് മാറാവുന്നതേയുള്ളൂ.
ഇത്രയും കാലം നോർമ്മലൈസേഷൻ പ്രക്രിയയിൽ വലിയ വിമർശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷമാണ് ചില രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതികരിച്ചുതുടങ്ങിയത്. അത് കണ്ടാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഇത്തവണ അവസാനനിമിഷം പ്രോസ്പെക്ടസിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ നോർമ്മലൈസേഷൻ പ്രക്രിയ കൊണ്ടുവന്നത്. ഇതിന്റെ അനന്തരഫലം സ്റ്റേറ്റ് സിലബസിന് ഗുണകരവും സി.ബി.എസ്.ഇ /ഐ,സി.എസ്.സി വിദ്യാർത്ഥികൾക്ക് പ്രതികൂലവുമായി.
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിനെപ്പോലെ തന്നെ കേന്ദ്രസിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുമുണ്ടെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ മനസിലാക്കണം. അവരും മലയാളികൾ തന്നെയാണ്. കേരള സിലിബസിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പരിഷ്കാരമെന്ന് ചിലരൊക്കെ വ്യാഖ്യാനിക്കുന്നത് പക്ഷപാതപരമായ നിലപാടാണ്. അടുത്തവർഷം മുതൽ പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം ഉൾപ്പെടുത്തി ശാസ്ത്രീയമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാൽ പ്രതിസന്ധികളും സങ്കീർണതകളും ഒഴിവാക്കാനാകും.
