കായൽ അടിത്തട്ട് കലങ്ങി, കരിമീനും കക്കയും കിട്ടാനില്ല

കോട്ടയം : തുടർച്ചയായ വെള്ളപ്പൊക്കത്തിൽ മണ്ണും, എക്കലും അടിഞ്ഞ് വേമ്പനാട്ടുകായലിന്റെ അടിത്തട്ട് കലങ്ങിയതോടെ കരിമീനും കക്കയും കിട്ടാക്കനിയായി. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ചെളിയിൽ താഴ്ന്ന കരിമീൻ പിടിക്കുന്നത് മത്സ്യതൊഴിലാളികൾ പരമ്പരാഗത രീതിയിലാണ് (വെള്ള വലിക്കൽ ). എന്നാൽ കലക്കലായതിനാൽ മുങ്ങിത്താഴുമ്പോൾ കരിമീനെ കണ്ടത്താനാകുന്നില്ല. യമഹ ഘടിപ്പിച്ച വള്ളവുമായി പോകുന്ന തൊഴിലാളികൾക്ക് ഇന്ധന ചെലവിനുള്ള കരിമീൻ പോലും കിട്ടുന്നില്ല. വേമ്പനാട്ടു കായലിൽ കക്കയും സമൃദ്ധമാണെങ്കിലും കാര്യമായി ലഭിക്കുന്നില്ല.

തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുകയാണ്. ഒഴുക്കുമുണ്ട്. വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കിടക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പറയുന്നത്. കായലിന്റെ ആഴം കുറഞ്ഞതോടെ ഒഴുക്കിൽ ചെളി ഇളകിയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ആദ്യമാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പൊള്ളിക്കും വില, 600 തൊട്ടു

കരിമീൻ കൂടുതൽ ലഭ്യമായിരുന്നപ്പോൾ വലിപ്പമനുസരിച്ച് കിലോയ്ക്ക് 300- 450 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇപ്പോൾ സൊസൈറ്റിയിൽ 450- 550 രൂപ വരെയായി. പൊതു വിപണിയിൽ 600 ന് മുകളിലാണ്. കായൽ വറ്റ, മുരശ്, ചെമ്മീൻ ,പൂമീൻ, വാള, കൂരി എന്നിവയുടെ ലഭ്യതയും കുറഞ്ഞതോടെ ഇവയുടെ വിലയും 450 ന് മുകളിലായി.

”തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ മുൻപൊക്കെ ചാകരയായിരുന്നു. ഈ വർഷം ഒഴുക്കില്ലാതിരുന്നതിനാൽ കാര്യമായൊന്നും ലഭിച്ചില്ല. മത്സ്യ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സഹായം അനുവദിക്കണം. ആഴംകൂട്ടാൻ ഡ്രഡ്ജിഗ് നടത്തി പ്ലാസ്റ്റിക് മാലിന്യമടക്കം നീക്കം ചെയ്യണം.

ആധുനിക അറവുശാലയുടെ ഉദ്ഘാടനം 14ന്, ഇരവിപേരൂർ മീറ്റ്സ് വിപണിയിലേക്ക്

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ഇരവിപേരൂർ മീറ്റ്സ് വിപണിയിലേക്ക് എത്തുന്നു. ഇതിന്റെ തുടക്കമായി ആധുനിക അറവുശാലയുടെ ഉദ്ഘാടനം 14ന് രാവിലെ 11ന് വള്ളംകുളത്ത് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. വൃത്തിയുള്ള അന്തരീക്ഷത്തിൽ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയർന്ന നിലവാരമുള്ള മാംസം ഉൽപ്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1.2കോടി രൂപ വിനിയോഗിച്ച് പൊതു – സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം 10 മുതൽ 15 കന്നുകാലികളുടെ കശാപ്പ് മുതൽ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും സജ്ജമാക്കാനുള്ള യന്ത്രങ്ങളാണുള്ളത്. മാംസംമുറിക്കൽ, എല്ലുനീക്കം, അറവുമാലിന്യങ്ങൾ വേർതിരിക്കൽ എന്നിവയെല്ലാം യന്ത്രസഹായത്തോടെ അതിവേഗത്തിൽ ചെയ്യാനാകും. കട്ടിംഗ് മെഷീൻ, ഹാംഗർ, കൺവെയർ, സംഭരണസ്ഥലം, കന്നുകാലികളെ പാർപ്പിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ജെസി സൂസൻ ഫിലിപ്പ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള എന്നിവർ പങ്കെടുക്കും.


കശാപ്പ് മുതൽ യന്ത്രസഹായത്തോടെ
ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ കന്നുകാലിയുടെ ഭാരം അളന്നു മൃഗഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യനില പരിശോധിക്കും. അണുവിമുക്തമാക്കിയ കന്നുകാലികളുടെ കശാപ്പ് കഴിഞ്ഞാലുടൻ തല, രക്തം, മറ്റുഭാഗങ്ങൾ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേർപെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി വിപണിയിൽ എത്തിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കും ഇവിടെനിന്ന് വാങ്ങാനാകും.
വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവുമാലിന്യം ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. പ്രത്യേകമായി ശീതീകരിച്ച മുറി, ഫ്രീസർ പ്ലോട്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂർ മീറ്റ്സ് എന്ന ലേബലിൽ വിപണിയിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, അമിതാ സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ ആദ്യ പദ്ധതി, മാംസാവശിഷ്ടങ്ങൾ സംസ്‌കരിച്ച് വളവും നായ ബിസ്‌ക്കറ്റും കോഴിത്തീറ്റയും ഉൽപ്പാദിപ്പിക്കും.

1.2കോടി രൂപയുടെ പദ്ധതി

ശുദ്ധമായ മാംസം ലഭ്യമാക്കുന്നതിനോടൊപ്പം ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു.

കെ.ബി.ശശിധരൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ്

ഒരു വർഷത്തെ കാത്തിരിപ്പ് : മണർകാട് ഫാം തുറക്കുന്നു

കോട്ടയം : കുറഞ്ഞ വിലയ്ക്ക് മികച്ച കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന മണർകാട് കോഴിവളർത്തൽ കേന്ദ്രം 15 ന് തുറക്കും. പക്ഷിപ്പനി ബാധയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരുന്ന ഫാം പൂർണമായും അണുവിമുക്തമാക്കി.

ആദ്യഘട്ടത്തിൽ തൊടുപുഴ കോലാനി ഫാമിൽ നിന്ന് ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 1372 കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും. അടുത്ത മാസം മാതൃ – പിതൃ ശേഖരത്തിനായി മണ്ണുത്തി യൂണിവേഴ്സിറ്റി പൗൾട്രിഫാമിൽനിന്ന് ഒരു ദിവസം പ്രായമായ 1800 കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരും. ഫാമിന്റെ പ്രവർത്തനം പൂർണതോതിലായാൽ സെൻട്രൽ പൗൾട്രി ഡെവലപ്പ്മെന്റ് ഓർഗനൈസേഷനിൽ നിന്ന് കാവേരിയിനത്തിൽപ്പെട്ട കോഴികളുടെ 4000 മുട്ടകൾ വിരിയിക്കാനായി എത്തിക്കും.

10 കൂടുകളാണുള്ളത്. കൂടുകളിൽ പെയിന്റിംഗടക്കമുള്ള നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. തുടക്കത്തിൽ എല്ലാ കൂടുകളിലും കോഴികളെ ഇടുന്നില്ല. 2024 മേയിലാണ് ഫാമിൽ എച്ച് 5 എൻ 1 പിടിപെട്ട് കോഴികൾ കൂട്ടത്തോടെ ചത്തത്. ആകെ 9175 കോഴികളെ ദയാവധത്തിന് വിധേയമാക്കി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഒരു വർഷമായി പ്രവർത്തിക്കാത്തതിനാൽ വൻ നഷ്ടമാണ് പൗൾട്രി ഫാമിന് നേരിട്ടത്.

പക്ഷിപ്പനി തടയാൻ പഴുതടച്ച സുരക്ഷ

 പക്ഷികൾ കടക്കാതെ സംരക്ഷിക്കാൻ കൂടുകൾക്ക് ചുറ്റും നൈലേൺവല

 ഫാമിലേക്ക് വരുന്ന വാഹനങ്ങളുടെ ടയറുകൾ അണുവിമുക്തമാക്കാൻ സംവിധാനം

 പ്രധാന ഗേറ്റിൽ 12 അടി നീളത്തിലും 12 അടി വീതിയിലും കോൺക്രീറ്റിട്ട് വീൽഡിപ്പ്

 ടയറുകൾ അണുവിമുക്തമാക്കാൻ ഹൈപ്പോക്ലോറേറ്റ് ലായനി ഇവിടെ നിറയ്ക്കും
ജീവനക്കാർക്ക് കടന്നുവരാൻ ചെറിയ ഗേറ്റ്,​ പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണം

 കൂടുകളിലേക്ക് കടക്കുന്ന ജീവനക്കാരുടെ കാലുകൾ അണുവിമുക്തമാക്കാൻ സംവിധാനം

പച്ചക്കറി, പൂക്കൃഷിയ്ക്കും തുടക്കം

കോഴിവളർത്തൽ കേന്ദ്രത്തിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പമായി ചേർന്ന് പച്ചക്കറി, പൂക്കൃഷിക്കും തുടക്കമായി. പച്ചക്കറിവ്യാപനം സർക്കാർ സ്ഥാപനങ്ങളിലൂടെയും സാദ്ധ്യമാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഏഴര ഏക്കർ സ്ഥലമുള്ള ഫാമിൽ 70 സെന്റ് സ്ഥലത്താണ് കൃഷി. ഇതിന് 50,​000 രൂപ കൃഷിവകുപ്പ് നൽകിയിരുന്നു. ഫാം ജീവനക്കാരാണ് കൃഷിചെയ്യുന്നത്.

2023-24 സാമ്പത്തിക വർഷത്തെ വരുമാനം : 95 ലക്ഷം രൂപ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top