ന്യൂഡൽഹി: അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കൻറുകൾക്കുള്ളിൽ കൂപ്പുകുത്തിയത് എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം വിഛേദിച്ചതുകൊണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ.
മുഖ്യ പൈലറ്റ് സുമീത് സബർവാളിന്റെയും സഹപൈലറ്ര് ക്ലീവ് കുന്ദേറിന്റെയും പിരിമുറുക്കമുള്ള സംഭാഷണം തെളിവായി കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിൽ (സി.വി.ആർ) നിന്ന് ലഭിച്ചു. എന്തിനാണ് കട്ട് ഓഫ് ആക്കിയതെന്ന് ഒരാൾ ചോദിക്കുന്നതും, താൻ അങ്ങനെ ചെയ്‌തിട്ടില്ലെന്ന് മറ്റേ പൈലറ്റ് പ്രതികരിക്കുന്നതും സി.വി.ആറിൽ പതിഞ്ഞിട്ടുണ്ട്.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട്ഓഫ്’ പൊസിഷനിലേക്ക് മാറിയിരുന്നതിനാൽ രണ്ട് എൻജിനുകളും നിലയ്ക്കുകയായിരുന്നു. 10 സെക്കൻഡിനുള്ളിൽ ‘റൺ’ പൊസിഷനിലേക്ക് പൈലറ്റുമാർ മാറ്റിയതോടെ ആദ്യ എൻജിൻ പ്രവർത്തന ക്ഷമമായെങ്കിലും പറന്നുയരാനുള്ള ശേഷി രണ്ടാമത്തെ എൻജിന് ആർജ്ജിക്കാനായില്ല. ഇതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സംഭവം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊ (എ.എ.ഐ.ബി).
വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച 15 പേജുള്ള റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. ജൂൺ 12ന് എയർ ഇന്ത്യയുടെ അഹമ്മദാബാദ് – ലണ്ടൻ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് 32-ാം സെക്കൻഡിൽ വിമാനം തകർന്നു.
അട്ടിമറിയോ, തകരാറോ
രണ്ട് എൻജിനുകൾക്കും വെവ്വേറെയാണ് സ്വിച്ചുകൾ. അവ കൈകൾകൊണ്ടു തന്നെ മാറ്റണം. ബോയിംഗിൽ മൾട്ടിപ്പിൾ പ്രൊട്ടക്ഷൻ സംവിധാനമുണ്ട്
2018ൽ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, ബോയിംഗ് 737 ശ്രേണിയിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് ഫീച്ചറിന്റെ അപാകത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിനും സമാന സ്വിച്ച് സംവിധാനമാണ്. സ്വിച്ചുകളുടെ പിഴവ് അന്തിമ റിപ്പോർട്ടിന് മുമ്പ് പരിശോധിക്കാനാണ് സാദ്ധ്യത.
ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്.എ.ഡി.ഇ.സി) സംവിധാനം സോഫ്റ്റ്‌വെയർ നിയന്ത്രണത്തിലുള്ളതാണ്. ഇന്റേണൽ നെറ്റ്‌വർക്കിൽ കടന്നുകയറി പ്രത്യേക കമാൻഡ് ഇൻജെക്റ്റ് ചെയ്തെങ്കിൽ അട്ടിമറിയാണ്
കോക്പിറ്റ്, എൻജിൻ, മെയിന്റനൻസ് പാനലുകൾ എന്നിവയിലേക്ക് പ്രവേശനമുള്ള മെയിന്റനൻസ്, ഗ്രൗണ്ട് സ്റ്റാഫുകളുൾ ഉൾപ്പെടെ ആരുടെയെങ്കിലും ഇടപെടലുണ്ടായോ?
വയറിംഗിൽ തിരിമറി നടത്തിയോ ? ഇന്ധം സ്വിച്ച് ചെയ്യുന്ന സംവിധാനത്തിൽ അട്ടിമറി നടത്തിയോ?
വിമാനത്തിന്റെ ലോജിക് ഫയൽസ്, മെയിന്റനൻസ് അപ്ഡേറ്റ് സ്ക്രിപ്റ്റ്സ് എന്നിവ ആരെങ്കിലും മോഡിഫൈ ചെയ്‌തോ?
അന്വേഷണത്തിന്റെ സ്വരവും ദിശയും പോകുന്നത് പൈലറ്റിന് തെറ്റു പറ്റിയെന്ന നിലയിലാണ്. ഈ നിഗമനം തള്ളിക്കളയുന്നു
-എയർലൈൻ പൈലറ്റ്സ്
അസോസിയേഷൻ ഒഫ് ഇന്ത്യ
അഹമ്മദാബാദ് വിമാനാപകടം; ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ഉപയോഗം രണ്ട് അവസരങ്ങളിൽ
ന്യൂഡൽഹി: വിമാനത്തിലെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച്. എൻജിൻ സ്റ്റാർട്ട് ആക്കുന്ന സമയത്തും ഷട്ട് ഡൗൺ ആക്കുന്ന സമയത്തും ഇവ ഉപയോഗിക്കും.
എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ ഇവ ഉപയോഗിച്ച് റീസ്റ്റാർട്ട് ചെയ്യാനും സാധിക്കും. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ കോക്പിറ്റിലെ ത്രസ്റ്റ് ലിവറിന് താഴെയാണ് ഇവയുള്ളത്. പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിക്കണം. അതിനുശേഷമേ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട്ഓഫിലേക്കും’ തിരിച്ചും മാറ്റാൻ കഴിയുകയുള്ളു.
സ്വിച്ചുകൾ അറിയാതെ പൊസിഷൻ മാറിയെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ട് എൻജിനുകൾക്കും വെവ്വേറെയാണ് സ്വിച്ചുകൾ. അവ പ്രത്യേകമായി തന്നെ മാറ്റണം. ബോയിംഗിൽ മൾട്ടിപിൾ പ്രൊട്ടക്ഷൻ സംവിധാനമുണ്ട്. സോഫ്റ്റ്ർവെയർ സിഗ്നൽ തകരാറോയെന്ന് ചോദ്യമുയരുന്നെങ്കിലും, ഡിജിറ്റൽ കൺട്രോൾ സിഗ്നൽ തകരാർ ഇതുവരെ ബോയിംഗ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വിദഗ്ദ്ധർ പറയുന്നു.
റാറ്റ് പ്രവർത്തിച്ചു
രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമാകുക, ഇലക്‌ട്രിക് – ഹൈഡ്രോളിക് സംവിധാനങ്ങൾ പരാജയപ്പെടുക എന്നീ സാഹചര്യങ്ങളിൽ ഓട്ടോമാറ്രിക്കായി പ്രവർത്തിക്കുന്ന റാറ്റ് (റാം എയ ടർബൈൻ) ഡ്രീംലൈനറിലും പ്രവർത്തിച്ചു. ഇക്കാര്യം തെളിയിക്കുന്ന സി.സി.ടി.വി ചിത്രം എ.എ.ഐ.ബി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിന് ഹൈഡ്രോളിക് – ഇലക്‌ട്രിക് പവർ നൽകുന്ന ചെറിയ ടർബൈൻ ആണ് റാറ്റ്.
ഇനി പരിശോധിക്കാനുള്ളത്
# ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പിഴവ്
# സാങ്കേതിക തകരാറുകൾ,
# പൈലറ്റിന് പിഴവുണ്ടായോ, ഓപ്പറേഷനൽ അപാകതകൾ
# കോക്ക്പിറ്റ് വോയ്‌സ് റെക്കാഡർ(സി.വി.ആർ), ഫ്ലൈറ്റ് ഡേറ്റ റെക്കാഡർ (എഫ്.ഡി.ആർ) എന്നിവയുടെ സമഗ്ര പരിശോധന
# രണ്ട് എൻജിനുകൾ, വിമാനാവശിഷ്‌ടങ്ങൾ,ടാങ്കുകളിൽ നിന്ന് ഇന്ധനത്തിന്റെ സാമ്പിൾ, ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബ്ലാക് ബോക്‌സ് എന്നിവ മാത്രമാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
“പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് ലഭിച്ചതെന്നും
അന്തിമ റിപ്പോർട്ട് വന്നശേഷമേ വ്യക്തത വരുകയുള്ളൂ“
– രാംമോഹൻ നായിഡു കിൻജരാപു,
കേന്ദ്ര വ്യോമയാന മന്ത്രി
