കൊല്ലം: മിഥുൻ ഇന്നലെ രാവിലെയാണ് മരിച്ചത്. വിദേശത്തുള്ള അമ്മ സുജ അറിഞ്ഞത് ഇന്നലെ വൈകിട്ട്. കടലിനക്കരെയിരുന്ന് പൊന്നുമോനേ… എന്ന് നിലവിളിക്കുകയാണ് ആ അമ്മ. കുവൈറ്റിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുന്ന സുജ ആ വീട്ടുകാർക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. തുച്ഛമായ ശമ്പളം. സുജയുടെ ഫോണിൽ തുർക്കിയിലെ സിം കാർഡില്ല. രണ്ട് ദിവസം കൂടുമ്പോൾ വൈഫൈ കണക്ട് ചെയ്താണ് വീട്ടിലേക്ക് വിളിച്ചിരുന്നത്. കുവൈറ്റിലുള്ള ബന്ധുവായ സ്ത്രീ വഴി സുജ ജോലി ചെയ്യുന്ന കുടുംബത്തെ ബന്ധപ്പെട്ടാണ് വിവരം അറിയിച്ചത്. ഇന്ന് കുവൈറ്റിലെത്തുന്ന സുജ, നാളെ പൊന്നുമകനെ അവസാനമായി കാണാൻ നാട്ടിലെത്തും.
12 വർഷം മുമ്പ് ഇ.എം.എസ് ഭവന പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മനുവിന്റെ വീട്. ഓടുകൾ പലതും തകർന്ന് ചോർന്നൊലിക്കുകയാണ്. സഹോദരിയുടെ വിവാഹത്തിന് മനു ഈ വീടും ഭൂമിയും പണയപ്പെടുത്തി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ ലക്ഷങ്ങളായി പെരുകി. കൽപ്പണിക്കാരനായ മനുവിന് കിട്ടുന്ന കൂലി കഷ്ടിച്ച് വീട് പുലർത്താനെ തികയൂ. വായ്പയുടെ പലിശ പെരുകി കിടപ്പാടം ജപ്തിയാകാതിരിക്കാനാണ് ആറുമാസം മുമ്പ് സുജ മനസില്ലാ മനസോടെ കുവൈറ്റിലേക്ക് പോയത്.
എന്റെ പൊന്നുമോനെ ഇങ്ങ് വിളിച്ചോണ്ട് വാ… എന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്ന മിഥുന്റെ അച്ചാമ്മ മണിയമ്മയെ ആശ്വാസിപ്പിക്കാനാകാതെ ബന്ധുകളും തേങ്ങുകയാണ്. കരഞ്ഞുതളർന്ന് അയൽവീടിന്റെ തിണ്ണയിൽ തലയിൽ കൈവച്ചിരിക്കുകയാണ് മനു. അടിപിടി കൂടാൻ ചേട്ടനില്ലാതെ ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ ആരും കാണാതെയിരിക്കുകയാണ് അനുജൻ സുജിൻ.
അച്ഛന് ഉമ്മ നൽകി
അവസാന യാത്ര
എല്ലാദിവസവും രാവിലെ ഏഴിന് മിഥുൻ ട്യൂഷൻ സെന്ററിലേക്ക് പോകും. അച്ഛന് പണിയില്ലാത്ത ദിവസങ്ങളിൽ സ്കൂട്ടറിൽ കൊണ്ടാക്കും. ഒരു സൈക്കിൾ വേണമെന്ന് മിഥുൻ രണ്ട് വർഷമായി പറയുന്നുണ്ടെങ്കിലും കടമൊഴിയാത്ത അച്ഛന് വാങ്ങിനൽകാനായില്ല. അച്ഛൻ പണിക്ക് പോകുന്ന ദിവസങ്ങളിൽ കൂട്ടുകാർക്കൊപ്പം നടന്നാണ് പോകുന്നത്. ഇന്നലെ മഴയായതിനാൽ മനുവിന് പണിയില്ലായിരുന്നു. അതുകൊണ്ട് സ്കൂട്ടറിൽ മിഥുനെ ട്യൂഷൻ സെന്ററിലാക്കി. പോകുന്നതിനുമുമ്പ് മനുവിന്റെ നെറുകയിൽ ഒരു ഉമ്മ നൽകുന്നത് പതിവാണ്. ഇന്നലെ അവസാന ഉമ്മ നൽകി മിഥുൻ പോയി.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനു പിന്നിലെ അനാസ്ഥ സമ്മതിച്ച് മന്ത്രി കൃഷ്ണൻ കുട്ടി #അഞ്ചു ലക്ഷം നഷ്ടപരിഹാരം
തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച തുറന്നുസമ്മതിച്ച് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഉയരവ്യത്യാസം ഇല്ലാത്തതിന് ഉത്തരവാദി കെ.എസ്.ബിയാണ്. അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിന് ഉത്തരവാദി സ്കൂൾ അധികൃതരുമാണ്.
സൈക്കിൾ ഷെഡ്ഡിന് മുകളിലെ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി കമ്പികൾക്കിടയിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ഭൂമിയിൽ നിന്നു ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണ്ടെത്തൽ.
വൈദ്യുതി ലൈനുകളിൽ കൃത്യമായ ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് ബാേർഡിലെ അടിസ്ഥാന നിർദേശമാണ്. ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്കൂൾ മാനേജ്മെന്റിനോട് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്മെന്റ് കമ്മിറ്റി മീറ്റിങ്ങിനുശേഷം അറിയിക്കാമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. അടിയന്തരമായി കെ.എസ്.ഇ.ബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല.കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെ.എസ്.ഇ.ബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കയറേണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്
- ചെരുപ്പെടുക്കാനായി അവൻ സൈക്കിൾ ഷെഡിലേക്ക് ഇറങ്ങാനൊരുങ്ങിയപ്പോൾ ഞങ്ങൾ കയറല്ലേയെന്ന് പറഞ്ഞതാണ്. ടീച്ചർ കണ്ടാലോ എന്നായിരുന്നു പേടി. പക്ഷെ ഇങ്ങനെയാകുമെന്ന് കരുതിയില്ല.” മിഥുന്റെ എട്ട് ബിയിലെ സഹപാഠി ജെ.ആർ.ജെഫി ഞെട്ടൽ മാറാതെ പറഞ്ഞു.
‘അവൻ ഈ വർഷമാണ് സ്കൂളിൽ വന്നത്. ഫുട്ബാൾ താരമാകണമെന്നായിരുന്നു അവന്റെ സ്വപ്നം. ഇന്നലെ സ്കൂളിൽ ഫുട്ബാൾ, ഷട്ടിൽ ടീം സെലക്ഷനായി ജഴ്സിയിട്ടാണ് അവൻ വന്നത്. ഞങ്ങളുടെ ക്ലാസിൽ ആകെ 23 പേരെയുള്ളു. ഞങ്ങൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.” ഇങ്ങനെ പറഞ്ഞുനിറുത്തുമ്പോൾ ജെഫിയുടെ കണ്ണ് നിറഞ്ഞിരുന്നു.
ഞങ്ങൾ ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് നടന്നുവരികയായിരുന്നു. പെട്ടെന്ന് നിലവിളി കേട്ട് നോക്കിയപ്പോൾ സൈക്കിൾ ഷെഡിന് മുകളിൽ ലൈൻ കമ്പിയിൽ ഒരു കൂട്ടി കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അവിടേക്ക് ഓടിയെത്തിയപ്പോൾ പി.ടി സാർ അവനെ എടുക്കുന്നതാണ് കണ്ടത്. പിന്നീടാണ് അത് മിഥുനാണെന്ന് അറിഞ്ഞത്.
വിഷ്ണുലാൽ, പത്താം ക്ലാസ് വിദ്യാർത്ഥി
