ഫാർമസി ഡിപ്ലോമ, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് &ടെക്‌നോളജിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. രണ്ടു മുതൽ മൂന്ന് വർഷം വരെ നീളുന്ന പ്രോഗ്രാമുകളുണ്ട്. ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലബോറട്ടറീസ് ടെക്‌നോളജി, റേഡിയോ ഡായഗ്‌നോസിസ് & റേഡിയോതെറാപ്പി, ഒഫ്താൽമിക് അസ്സിസ്റ്റന്റ്‌സ്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി റെസ്പിരേറ്ററി ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിംഗ് റൂം ആൻഡ് അസിസ്റ്റൻസ് തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. 17 വയസ് പൂർത്തിയായ, പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പ്ലസ് ടു കണക്ക് പഠിച്ചവർക്കും അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശനം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ നൽകി പൂർത്തിയാക്കാം. www.lbscentre.kerala.gov.in.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ
കോട്ടയത്തെ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്‌സിലെ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആക്ടിംഗ്, അനിമേഷൻ & വിഷ്വൽ എഫക്ട്, സിനിമാറ്റോഗ്രാഫി, ഡയറക്ഷൻ, എഡിറ്റിംഗ്, സൗണ്ട്, പ്ലേ റൈറ്റിംഗ് എന്നിവയിൽ മൂന്ന് വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളുണ്ട്. ബിരുദം പൂർത്തിയാക്കിയവർക്ക് 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 10 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www. krnnivsa.edu.in
പ്ളസ് വൺ ; ഒഴിഞ്ഞു കിടക്കുന്നത് 24,999 മെരിറ്റ് സീറ്റ്
ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ അലോട്ട്‌മെന്റ് നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 24,999 മെരിറ്റ് സീറ്റ്. കൊല്ലത്താണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് – 3,082. മലപ്പുറത്ത് 894 സീറ്റുകൾ ശേഷിക്കുന്നുണ്ട്. ജില്ലയ്ക്കുള്ളിലോ മറ്റു ജില്ലകളിലേക്കോ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് 21ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിൽ മെരിറ്റ്ക്വാട്ടയിലോ സ്‌പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപ്പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്ക് തിരിച്ച് ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാനാവില്ല.
മാറ്റം ആവശ്യപ്പെടുന്ന സ്‌കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. മുൻഗണനാക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. സ്‌കൂൾമാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്‌കൂളിലേക്ക് മാറണം.
ഒഴിവുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം – 2,746, കൊല്ലം – 3,082, പത്തനംതിട്ട- 2,946, ആലപ്പുഴ – 2,840
കോട്ടയം- 2,242, ഇടുക്കി – 1,312, എറണാകുളം -2,533, തൃശൂർ- 2,092, പാലക്കാട് – 567,
കോഴിക്കോട് – 650, മലപ്പുറം – 894, വയനാട് – 604, കണ്ണൂർ -1,330, കാസർകോട് – 1,161
ആകെ – 24,999
സേ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം results.hse.kerala.gov.inൽ.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് 22 നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷയും 22 നുള്ളിൽ പരീക്ഷാ ആഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവ ഉണ്ടായിരിക്കില്ല.
സ്‌കൂൾ അദ്ധ്യാപകർക്ക് കൗൺസലിംഗ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം നൽകും. കുട്ടികളുടെ മാനസികസമ്മർദ്ദങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ അദ്ധ്യാപകരെ പ്രൈമറി കൗൺസലേഴ്സായി പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എൺപതിനായിരം അദ്ധ്യാപകർക്ക് കൗൺസലിംഗ് നൽകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റിൽ ആരംഭിക്കുന്ന പരിശീലനം ഏഴ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
തസ്തികനിർണയം ആറാം
പ്രവൃത്തിദിന കണക്കിന്റെ
അടിസ്ഥാനത്തിൽ
തിരുവനന്തപുരം : സ്‌കൂൾ തസ്തിക നിർണയം, നിലവിലെ നിയമപ്രകാരം ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് മുൻ വർഷങ്ങളിലേത് പോലെ യുഐഡി (ആധാർ രേഖ) ഉള്ള കുട്ടികളെയാണ് തസ്തിക നിർണയത്തിനു പരിഗണിച്ചത്. ഇക്കാര്യം വ്യക്തമാക്കി നേരത്തെതന്നെ സർക്കുലർ ഇറങ്ങിയതാണ്.
ആറാം പ്രവൃത്തിദിനമായ ജൂൺ പത്തിന് സമർപ്പിച്ച യുഐഡിയിൽ 30,000 പേർക്ക് പേരിലുൾപ്പെടെ തെറ്റുണ്ടായിരുന്നു. ചെറിയ തെറ്റുകൾ വന്നവരെ പോലും കൈറ്റിന്റെ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവർക്ക് ആധാറിലെ പിഴവുകൾ തിരുത്താൻ കഴിഞ്ഞ 21 വരെ സമയം നൽകി. ഭൂരിഭാഗം പേരും ഇത് പ്രയോജനപ്പെടുത്തി.
