പ്രിയ മകനേ വിട…

സ്കൂളിൽ ഷോക്കേറ്റ് പിടഞ്ഞുവീണ കുഞ്ഞു മിഥുൻ ഇനി കണ്ണീരോർമ്മ. അവന്റെ നല്ല ഭാവി സ്വപ്നം കണ്ട് കുവൈറ്റിൽ വീട്ടു ജോലിക്കു പോയിരുന്ന പെറ്റമ്മയുടെ വിലാപം നാടിന്റെ നോവും.

സ്കൂളിലും വീട്ടിലും പൊതുദർശനത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം. ആയിരങ്ങളാണ് പ്രണാമം അർപ്പിക്കാനെത്തിയത്. മിഥുനെ കണ്ടിട്ടു പോലുമില്ലാത്തവരും കൂട്ടത്തിലുണ്ടായിരുന്നു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ രാവിലെ പുറപ്പെട്ടു. അവനെ കാണാൻ കാത്തുനിന്ന അനേകർക്കായി വിലാപയാത്ര വഴിയിൽ പലയിടങ്ങളിലും നിറുത്തേണ്ടിവന്നു. മന്ത്രി കെ.ബി.ഗണേശ്‌കുമാറും അന്ത്യാഞ്ജലി അർപ്പിച്ചു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകി 11.30നാണ് തേവലക്കര ബോയ്സ് സ്കൂളിലെത്തിച്ചത്. അവിടെ സഹപാഠികളും അദ്ധ്യാപകരും മിഥുനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലേക്ക് യാത്ര തുടങ്ങി. വീട്ടുമുറ്റത്തെത്തിയതും ബന്ധുക്കളുടെ നിയന്ത്രണം വിട്ടു. പിന്നെ കൂട്ടനിലവിളിയായിരുന്നു. അനുജനെയും പോറ്റിവളർത്തിയ മുത്തശ്ശിയെയുമൊക്കെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലാതായി.

രാത്രികളിൽ അവൻ ഉറങ്ങിയിരുന്ന വീടിന്റെ ഇറയത്ത് പായ് വിരിച്ചാണ് ആദ്യം കിടത്തിയത്.

മിഥുനെ എത്തിച്ച് അരമണിക്കൂർ കഴിഞ്ഞാണ് അമ്മ സുജ എത്തിയത്. അപ്പോഴേക്കും മിഥുനുറങ്ങുന്ന ചില്ലുകൂട് വീട്ടുമുറ്റത്തേക്ക് മാറ്റിയിരുന്നു. പൊന്നുമകന്റെ ചലനമറ്റ ശരീരം കണ്ട് സുജ ആർത്തലച്ചപ്പോൾ കണ്ടുനിന്നവർക്കും തേങ്ങൽ അടക്കാനായില്ല.

ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് നോവായി മിഥുൻ

എന്നും കൂട്ടുകാരുടെ തോളിൽ കൈയിട്ട് ബഹളം വച്ചെത്തുന്ന സ്കൂൾ മുറ്റത്തേക്ക് ഇന്നലെ മിഥുൻ നിശബ്ദനായെത്തി. കൂട്ടുകാരും അദ്ധ്യാപകരും അടക്കം നൂറുകണക്കിന് പേർ അരികിലെത്തിയിട്ടും അവൻ മിണ്ടിയില്ല. ആരോടും ബൈ പറയാതെ നിശ്ബദനായി മിഥുൻ അവന്റെ പ്രിയപ്പെട്ട സ്കൂളിൽ നിന്ന് വീട്ടിലേക്ക് അവസാനമായി മടങ്ങി.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മിഥുന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ തേവലക്കര ബോയ്സ് സ്കൂൾ പരിസരം ജനസാഗരമായിരുന്നു. കണ്ണീർ മഴയായി മിഥുൻ എത്തിയതോടെ സ്കൂൾ മുറ്റത്ത് പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴ പെട്ടെന്ന് നിലച്ചു. പൂക്കളും പൂമാലകളും കൊണ്ട് നിറഞ്ഞിരുന്ന ആംബുലൻസിൽ നിന്ന് അദ്ധ്യാപകർ മിഥുന്റെ ഭൗതികദേഹം ഏറ്റുവാങ്ങി. സ്കൂൾ മുറ്റത്ത് പതിവായി കളിക്കാറുള്ള ബദാം മരത്തിന്റെ ചുവട്ടിൽ ചില്ലുകൂടിനുള്ളിൽ മിഥുൻ കിടന്നു. അവനരികിലേക്ക് അവനെ അറിയാത്ത നൂറുകണക്കിന് പേർ ഒഴുകിയെത്തി.

അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ജനപ്രതിധികളും അദ്ധ്യാപകരും പൊതുപ്രവർത്തകരും വല്ലാതെ പണിപ്പെട്ടു. ഒരു മണിയോടെയാണ് വിലാപയാത്ര വീട്ടിലേക്ക് പുറപ്പെട്ടത്. ഇതിനിടയിൽ സഹപാഠികളും ടീച്ചർമാരും വിതുമ്പിയിട്ടും എൻ.എസ്.സി കേഡറ്റ്സ് ലാസ്റ്റ് സല്യൂട്ട് നൽകിയിട്ടും അവൻ ഉണർന്നില്ല. തന്റെ 8 ബി ക്ലാസ് മുറിയിലേക്ക് പോകാതെ 1.30 ഓടെ മിഥുൻ സ്കൂളിനോട് യാത്രമൊഴി ചൊല്ലി വീട്ടിലേക്കിറങ്ങി.

കളക്ടർ എൻ.ദേവിദാസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ, മുൻ മന്ത്രി ഷിബു ബേബിജോൺ, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ അടക്കം നൂറുകണക്കിന് പേർ സ്കൂളിലെത്തി പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു. ഡിവൈ.എസ്.പി ജി.ബി.മുകേഷ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ മിഥുന്റെ ഭൗതികദേഹത്തിന് സല്യൂട്ട് നൽകി. എൻ.സി.സി കേഡറ്റായി സെലക്ഷൻ ലഭിച്ച മിഥുന് എൻ.സി.സിയുടെ കമാൻഡിംഗ് സംഘമെത്തി ഔദ്യോഗിക ബഹുമതിയർപ്പിച്ചു.

പട്ടാളക്കാരൻ ആകാനാവാതെ മിഥുൻ മണ്ണിലലിഞ്ഞു

ഫുട്ബാൾ ഗ്രൗണ്ടിൽ രഥവേഗത്തിൽ പായുമ്പോഴും പട്ടാളക്കാരനാകണമെന്നായിരുന്നു പതിമൂന്നുകാരനായ മിഥുന്റെ സ്വപ്നം. ഇന്നലെ മിഥുനൊപ്പം അവൻ കുന്നോളം നെയ്തുകൂട്ടിയ സ്വപ്നങ്ങളും മണ്ണിലലിഞ്ഞു. പഠനത്തിൽ മിടുക്കൻ, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ, പരസഹായി എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ മിഥുനുണ്ട്.

വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള പട്ടകടവിലെ സ്‌കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായശേഷം ഒരുപാട് പ്രതീക്ഷകളുടെ ചിറകിലേറിയാണ് മിഥുൻ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെത്തിയത്. പട്ടാളക്കാരനാകണമെന്ന തന്റെ സ്വപ്നം നേടിയെടുക്കാൻ വേണ്ടിയാണ് കൂടെയുള്ള ഏഴാം തരം വരെ പഠിച്ച കൂട്ടുകാർ ഭരണിക്കാവിലെ മറ്റൊരു സ്കുളിലേക്ക് തുടർ വിദ്യാഭ്യാസത്തിനായി മാറിയെങ്കിലും എൻ.സി.സിയുള്ള സ്കൂൾ തിരഞ്ഞെടുത്ത് മിഥുൻ തേവലക്കര സ്കൂളിലെത്തിയത്. ഡ്മിഷനെടുത്ത് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തന്റെ ആഗ്രഹമെന്നോണം സ്കൂളിലെ എൻ.സി.സിയിൽ ചേരാനും മിഥുൻ അദ്ധ്യാപകർക്ക് പേര് നൽകിയിരുന്നു.

സ്കുളിലെത്തി പഠനം കഴിഞ്ഞ് സഹപാഠികളെയും അദ്ധ്യാപകരെയും കണ്ട് കുശലം പറഞ്ഞേ മിഥുൻ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അച്ഛൻ മനുവിന് നാട്ടിൽ കൽപ്പണിയായിരുന്നു. അമ്മ സുജ വേദനയോടെ ഇരുമക്കളെയും പിരിഞ്ഞ് ഭർത്താവ് മനുവിനെയും മുത്തശ്ശിയെയും ഏൽപ്പിച്ച് കുവൈത്തിൽ ഹോം നഴ്‌സായി ജോലിതേടി പോയതുതന്നെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനും ശാസ്താംകോട്ട തടാകതീരഞ്ഞെ പണി പൂർത്തിയാകാത്തതും ചോർന്നൊലിക്കുന്നതുമായ പഴയ വീട് മാറ്റി ചെറുതെങ്കിലും ഒരു പുതിയവീട് പണിയാനുമായിരുന്നു. അതിനിടയിലാണ് മൂത്ത മകൻ മിഥുൻ ദാരുണമായി മരണപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top