ചങ്കിലെ റോസാപ്പൂവിനെ അവസാനമായി ഒരു നോക്ക് കാണാനും യാത്രാമൊഴി ചൊല്ലാനും നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡിലെ 17 ഓട്ടോ ഡ്രൈവർമാർ ആലപ്പുഴയിൽ എത്തി. തിങ്കളാഴ്ച വൈകുന്നേരം പ്രത്യേകം വാഹനം ഏർപ്പാട് ചെയ്താണ് വി.എസ് എന്ന വിപ്ലവ സൂര്യനെ നെഞ്ചിലേറ്റിയവർ ആലപ്പുഴയിൽ എത്തിയത്.
വി.എസ് സ്റ്റാൻഡ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹരീഷ് കരുവാച്ചേരി, ബൈജു, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര പുറപ്പെട്ടത്. എല്ലാ വിഭാഗീയതയെയും പ്രതിസന്ധികളെയും അതിജീവിച്ച് വി എസിന് വേണ്ടി ശബ്ദമുയർത്തി കൂടെനിന്നവർ പ്രീയനേതാവിന്റെ വിടവാങ്ങലിൽ സങ്കടത്തോടെയാണ് ഒരു നോക്ക് കാണാൻ എത്തിയത്. നീലേശ്വരത്തിന്റെ സിരകളിൽ വി.എസിന്റെ ശക്തമായ സ്വാധീനം ഉറപ്പിച്ചവർക്ക് വേർപാടിന്റെ കഥപറയാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ഠമിടറിയാണ് വി എസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ വി.എസിനെ അനുസ്മരിച്ചത്. വി.എസിന്റെ ബോർഡ് സ്ഥാപിച്ചും ഇല്ലാ വിഎസ് മരിച്ചിട്ടില്ല എന്ന് ഉച്ചത്തിൽ വിളിച്ചും അവർ പ്രിയ നേതാവിനെ അനുസ്മരിക്കുകയായിരുന്നു ഇവർ.
രണ്ടു ദിവസമായി സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തിയിട്ടാണുള്ളത്.2006 ലും 2011 ലും സീറ്റ് നിഷേധിച്ച സമയത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായ പ്രതിഷേധ ജ്വാലയുടെ ഭാഗമായാണ് നീലേശ്വരത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡിന് വി എസിന്റെ പേരിടുകയും ചെയ്തത്. അതിന് ശേഷം വി.എസിന്റെ നൂറാം പിറന്നാൾ ഓട്ടോസ്റ്റാൻഡിൽ ഗംഭീരമായി ഇവർ ആഘോഷിച്ചിരുന്നു.
ആദ്യം വി.എസ് മാവ്
ഫ്ളക്സ് ബോർഡും മറ്റും സ്ഥാപിച്ച മാവിലായിരുന്നു ആദ്യം ഇവരുടെ പ്രതിഷേധവും പ്രതികരണവും രേഖപ്പെടുത്തിയിരുന്നത്. ഇതിൽ വി.എസിന്റെ പൂർണകായ ഫ്ളക്സും സ്ഥാപിച്ചു.പിന്നീടാണ് സ്റ്റാൻഡിന് വി.എസിന്റെ പേര് നൽകിയത്. ഇന്നിപ്പോൾ ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി അന്നത്തെ ഓട്ടോസ്റ്റാൻഡും മാവും പോയെങ്കിലും വി.എസ് ഓട്ടോസ്റ്റാൻഡ് എന്ന കൂട്ടായ്മ ഇന്നും തുടരുന്നു. ബൈജുവും സുനിലും നിലപാടിലുറച്ചു വ്യക്തമാക്കി. വി എസിനോടുള്ള ആദരസൂചകമായി സ്റ്റാൻഡിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും വി.എസിന്റെ ചിത്രമടങ്ങിയ സ്റ്റിക്കർ പതിച്ചിരിക്കുകയാണ്.
സമരപോരാട്ടങ്ങളുടെ തീജ്വാലയായ നമ്മുടെ നായകൻ വിട്ടുപിരിഞ്ഞു എന്ന് പറയാൻ ഞങ്ങൾക്ക് പ്രയാസമുണ്ട്.എന്ത് തന്നെ സംഭവിച്ചാലും എത്ര വർഷങ്ങൾ കഴിഞ്ഞുപോയാലും അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമ്മകൾ നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും. ആ സ്മരണകൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന കാലത്തോളം ഈ ഓട്ടോ സ്റ്റാൻഡ് വി എസിന്റെ പേരിൽ തന്നെ നിലനിർത്തും- ഹരീഷ് കരുവാച്ചേരി ( വി.എസ് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ)
കൊച്ചി മെട്രോയിലുണ്ട് വി.എസിന്റെ കൈയൊപ്പ്
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ റെയിലിലുമുണ്ട് വി.എസ് അച്യുതാനന്ദൻ എന്ന ഭരണാധികാരിയുടെ ദീർഘദർശനത്തിന്റെ കൈയൊപ്പ്. സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി പൂർണമായും കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി മെട്രോ നിർമ്മിച്ചത് വി.എസിന്റെ ഇടപെടലിന്റെ ഫലമായാണ്.
സർക്കാരിനൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം (പി.പി.പി) കൂടി സ്വീകരിക്കുന്ന പദ്ധതിയാണ് കൊച്ചി മെട്രോയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) തയ്യാറാക്കിയത്. സർക്കാരും അനുകൂല നിലപാടാണ് ആദ്യം സ്വീകരിച്ചത്.
2006ൽ വി.എസ്. മുഖ്യമന്ത്രിയായപ്പോൾ മെട്രോ പദ്ധതി വീണ്ടും ചർച്ചയായി. സ്വകാര്യ പങ്കാളിത്തം വേണമെന്ന നിർദ്ദേശത്തോട് അദ്ദേഹം വിയോജിച്ചു. ഡൽഹി ഉൾപ്പെടെ മറ്റൊരു മെട്രോയിലും ഇല്ലാത്ത സ്വകാര്യപങ്കാളിത്തം അദ്ദേഹത്തിനും എൽ.ഡി.എഫ് സർക്കാരിനും സ്വീകാര്യമായില്ല. സ്വകാര്യമേഖലയുടെ സമ്മർദ്ദം ഭാവിയിലുണ്ടാക്കാവുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ വി.എസ് സർക്കാർ പൊതുമേഖലയിൽ തന്നെ മെട്രോ നിർമ്മിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പി.പി.പി മോഡലിൽ കേന്ദ്രസർക്കാർ അംഗീകാരത്തിന് പദ്ധതി റിപ്പോർട്ട് മുൻ സർക്കാർ സമർപ്പിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിൽ നടപ്പാക്കാൻ പദ്ധതി റിപ്പോർട്ട് കേന്ദ്രം മടക്കിനൽകി. ഗതാഗത വകുപ്പിന്റെ പക്കലെത്തിയ റിപ്പോർട്ട് അന്നത്തെ ഉന്നതഉദ്യോഗസ്ഥൻ നടപടിയെടുക്കാതെ സൂക്ഷിച്ചു. ഡി.എം.ആർ.സി ഉൾപ്പെടെ ഇടപെട്ടിട്ടും എട്ടുമാസത്തോളം ഫയൽ അനങ്ങിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘കേരളകൗമുദി” വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട വി.എസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. രണ്ടാഴ്ച കഴിഞ്ഞു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി റിപ്പോർട്ട് പരിഷ്കരിച്ച് സമർപ്പിച്ചിരിക്കണമെന്ന് കർക്കശമായ നിർദ്ദേശം നൽകി. ഫയൽ പിടിച്ചുവച്ചതിന് ശക്തമായി ശാസിക്കുകയും ചെയ്തു. പറഞ്ഞസമയത്ത് ലഭിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് സമർപ്പിച്ചു. പിന്നാലെയാണ് അനുമതികൾ നേടി മെട്രോ പൊതുമേഖലയിൽ യാഥാർത്ഥ്യമായത്.
ഇൻഫോപാർക്കിന്റെ സംരക്ഷകൻ
കാക്കനാട്ടെ ഇൻഫോപാർക്ക് പൊതുമേഖലയിൽ നിലനിൽക്കുന്നതിന്റെ പിന്നിലും വി.എസിന്റെ കർശന നിലപാടാണ് കാരണമായത്. സ്മാർട്ട്സിറ്റി പദ്ധതിക്കായി ദുബായ് ടീകോം കമ്പനി ഉന്നയിച്ച വ്യവസ്ഥയിലൊന്ന് ഇൻഫോപാർക്ക് വിട്ടുനൽകണം എന്നായിരുന്നു. യു.ഡി.എഫ് സർക്കാർ നിർദ്ദേശം തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.
വി.എസ് മുഖ്യമന്ത്രിയായതോടെ ഇൻഫോപാർക്ക് വിട്ടുനൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. ടീകോമിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഇൻഫോപാർക്ക് വിട്ടുകൊടുത്ത കരാറാണ് ഒപ്പിട്ടത്. രണ്ടുഘട്ട വികസനവും ചേർത്തലയിലും കൊരട്ടിയിലും ഉപ ക്യാമ്പസുകളുമായി ഇൻഫോപാർക്ക് വളർച്ചയുടെ കുതിപ്പ് തുടരുകയാണ്. സ്മാർട്ട്സിറ്റി പദ്ധതിയാകട്ടെ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
