ആലപ്പുഴ: ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്ന് വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺകുമാർ. കടന്നുപോയ ഒരു മാസം അച്ഛനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാമെന്ന പ്രത്യാശയുണ്ടായിരുന്നു. വിധി മറിച്ചായിപ്പോയി. രോഗശയ്യയിലായിരുന്ന അച്ഛനെ കാണാൻ താത്പര്യപ്പെട്ട നൂറുകണക്കിന് അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശത്താൽ അന്ത്യനാളുകളിൽ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല. പലർക്കും വിഷമമുണ്ടായിട്ടുണ്ടാവും.
ആശുപത്രിയിൽ വന്ന് ആശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചോയെന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ ഏറെ സമയമെടുത്തു. പിന്നീട് നടന്നതെല്ലാം സ്വപ്നംപോലെ ഓർക്കാനേ കഴിയുന്നുള്ളൂ. അച്ഛനൊപ്പം ബസിൽ വലിയചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ കഴിയാതെ നിരാശരായവരുണ്ടെന്ന് മനസിലാക്കുന്നു. ഡോക്ടർമാർ, സമാശ്വസിപ്പിച്ചവർ, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങൾ, നേതാക്കൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു
അച്ഛൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെന്നും എല്ലാം പെട്ടെന്ന് കഴിഞ്ഞെന്നും അരുൺകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 21ന് ഉച്ചയോടെയാണ് രോഗാവസ്ഥ നിയന്ത്രിക്കാനാകുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ ചെല്ലുമ്പോഴും വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എല്ലാവരോടും നില മെച്ചപ്പെട്ട് വരുന്നുവെന്ന പ്രതീക്ഷയാണ് പങ്കിട്ടതെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന് ആദരമർപ്പിച്ച് മന്ത്രിസഭായോഗം
അനതരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് ആദരമർപ്പിച്ച് സംസ്ഥാന മന്ത്രിസഭ.
ചീഫ് സെക്രട്ടറിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്.
ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ് .
അച്യുതാനന്ദനെന്ന് ചീഫ് സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിറുത്തിയ മൂല്യവത്തായ രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ ഭൂപ്രഭുത്വ ജാതി മേധാവിത്വ അധികാര ശക്തികൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര സ്വേഛാധിപത്യ വാഴ്ചയ്ക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കുമെതിരായ പോരാട്ടത്തിന്റെ തലത്തിലേക്കുയർന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു.
നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും
മുഖ്യമന്ത്രിയെന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്. 2016 മുതൽ 2021വരെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി ഭരണനടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു.പ്രതിപക്ഷ നേതാവെന്ന നിലയിൽ നിരവധി ജനകീയ പ്രശ്നങ്ങൾ സഭയിൽ
ഉന്നയിച്ചെന്നും മന്ത്രിസഭ വിലയിരുത്തി.
വി.എസിന് അരികിൽ നിന്ന് അകലാതെ അണികൾ
വി.എസ്.അച്യുതാനന്ദൻ അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിലേക്ക് ഇന്നലെയും കൂട്ടമായെത്തി അണികൾ. ബുധനാഴ്ച രാത്രി തോരാമഴയുടെ അകമ്പടിയിൽ ചിത എരിഞ്ഞ് തീരും വരെ തങ്ങളുടെ പ്രിയ നേതാവിനായി മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടേയിരുന്നവർ നൂറു കണക്കിനാണ്. ഇന്നലെ നേരം പുലർന്നപ്പോഴേക്കും ജനസഞ്ചയം വീണ്ടും എത്തിത്തുടങ്ങി.
ചിത എരിഞ്ഞടങ്ങും വരെ കാത്തുനിന്നിട്ടും തിരികെപ്പോകാൻ മനസ്സനുവദിക്കാതെ ആലപ്പുഴയിൽ തുടർന്ന വിവിധ ജില്ലക്കാരുമുണ്ടായിരുന്നു. അതി രാവിലെ സകുടുംബമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി അജിത്തെത്തിയത്. നാട്ടിൽ നിന്ന് ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകൾക്കും ഒമ്പത് മാസം പ്രായമുള്ള മകനുമൊപ്പമെത്തി ബുധനാഴ്ച വി.എസിന് അന്ത്യോപചാരം അർപ്പിച്ച ശേഷം രാത്രി ആലപ്പുഴയിൽ മുറിയെടുത്ത് താമസിച്ചാണ് ഇന്നലെ വീണ്ടും വി.എസിനരികിലേക്ക് എത്തിയത്.ഇതു പോലെ ധാരാളം പേരാണ് ഇന്നലെ കുടുംബ സമേതമെത്തിയത്. പലരും കുട്ടികളെക്കൊണ്ട് എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ പൂക്കൾ വയ്പിച്ചു. ചിലർ കണ്ണീരോടെ ചിതയ്ക്ക് വലം വച്ചു. മുദ്രാവാക്യങ്ങൾ വിളിച്ചു.
വി.എസിന്റെ മക്കളായ അരുൺകുമാറും ആശയും മറ്റ് കുടുംബാംഗങ്ങളും അതി രാവിലെ വി.എസിന്റെ അന്ത്യ വിശ്രമസ്ഥലത്തെത്തി. സി.പി.എം ജില്ലാ കമ്മിറ്റി ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.വലിയ ചുടുകാട്ടിൽ ഇന്നലെയും ആൾത്തിരക്ക് കൂടിയതോടെ മഴ നനയാതിരിക്കാൻ കഴിഞ്ഞ ദിവസം കെട്ടിയ വലിയ പന്തൽ നില നിറുത്തി
