ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം. ‘പൂക്കാല”ത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടൻ. ‘ഉള്ളൊഴുക്കി”ലെ മികച്ച പ്രകടനത്തിന് ഉർവശി സഹനടി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.
പൂക്കാലത്തിന്റെ എഡിറ്റിംഗിന് മിഥുൻ മുരളി, കേരളത്തിലെ പ്രളയം പ്രമേയമാക്കിയ ‘2018″ന്റെ കലാസംവിധാനത്തിന് മോഹൻ ദാസ്, നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം എം.കെ.രാമദാസ് (നെക്കൽ- ക്രോണിക്കിൾ ഒഫ് ദ പാഡി മാൻ) എന്നിവർക്കും മലയാളത്തിൽ നിന്ന് പുരസ്കാരം. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും അവാർഡ്. ഈ ചിത്രത്തിന്റെ റീ റെക്കാഡിംഗിന് മലയാളിയായ എം.ആർ.രാജാകൃഷ്ണന് പ്രത്യേക പരാമർശം. ദ സാക്രഡ് ജാക്ക് എന്ന ചിത്രത്തിലെ വിവരണത്തിന് ഹരികൃഷ്ണനും പുരസ്കാരം.
മികച്ച നടന്മാർക്കുള്ള പുരസ്കാരം ബോളിവുഡ് താരം ഷാരൂഖ് ഖാനും (ജവാൻ), യുവനടൻ വിക്രാന്ത് മാസിയും (ട്വൽത്ത് ഫെയിൽ) പങ്കിട്ടു. ഷാരൂഖിന്റെ ആദ്യ ദേശീയ അവാർഡാണിത്. മികച്ച നടി റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം.
സഹനടനുള്ള അവാർഡ് വിജയരാഘവനൊപ്പം സോമു ഭാസ്കറും (‘പാർക്കിംഗ്”, തമിഴ്) ഉർവശിക്കൊപ്പം സഹനടിക്കുള്ള അവാർഡ് ജാൻകി ബോഡിവാലയും (‘വംശ്”, ഗുജറാത്തി) പങ്കിട്ടു. ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കീ പ്രേം കഹാനി (ഹിന്ദി).
കേരള വിവാദ സ്റ്റോറി
കേരളത്തിൽ നിന്നുള്ള ഇസ്ളാമത പരിവർത്തന കഥ പറയുന്ന വിവാദ ചിത്രം ‘കേരള സ്റ്റോറിക്ക്” മികച്ച സംവിധായകനും (സുധീപ്തോ സെൻ), മികച്ച ഛായാഗ്രാഹകനുമുള്ള (പ്രശാന്തനു മൊഹാപാത്ര) അവാർഡുകൾ ലഭിച്ചു.
സംഘപരിവാർ അജൻഡ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജൻഡയാണ് ഇതിലൂടെ നടപ്പാക്കുന്നത്.കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മതസാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് ദേശീയ ജൂറി അവഹേളിച്ചിരിക്കുന്നത്.
ഉള്ളൊഴുക്കിൽ ഉർവശി വിസ്മയം, എന്നിട്ടും സഹനടി; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് രണ്ടാം തവണ
തിരുവനന്തപുരം: ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയിലൂടെ ഉർവശിയെ വീണ്ടെടുത്തു തരികയായിരുന്നു സംവിധായകൻ ക്രിസ്റ്റോ ടോമി.
ഒരേ സമയം നായികയും പ്രതിനായികയുമാണ് ലീലാമ്മ. വിധവയാണവർ. മകൻ രോഗിയും. മരുമകളുമായി അത്മസംഘർഷത്തിലേർപ്പെടുമ്പോഴും അവളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്നു. മറ്റേതൊരു അഭിനേത്രിയും പതറിപോകുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ ഉർവശി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ദേശീയ അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ ‘ഉള്ളൊഴുക്ക്’ മികച്ച മലയാള സിനിമയായി. ജൂറിക്കു മുന്നിലെത്തിയ മറ്റ് അഭിനേത്രിമാരുടെ അഭിനയവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നടിയാകേണ്ടിയിരുന്നത് ഉർവശിയായിരുന്നുവെന്ന് ‘ഉള്ളൊഴുക്കി’ന്റെ ചൂട് അനുഭവിച്ചവർക്ക് വ്യക്തമാകും. ഇതാദ്യമായല്ല, ഉർവശി ദേശീയ അവാർഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2006ൽ ‘അച്ചുവിന്റെ അമ്മ’യിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡും സഹനടിക്കുള്ളതായിരുന്നു. അന്ന് ജൂറി അംഗമായിരുന്ന ബി.സരോജാദേവി ഉർവശിയാണ് മികച്ച നടിയെന്ന് വാദിച്ചു. മറ്റ് ജൂറി അംഗങ്ങൾ ചിത്രത്തിൽ നായിക ഉർവശിയല്ലന്ന വാദം മുന്നോട്ടു വച്ചു. അച്ചുവല്ല, അച്ചുവിന്റെ അമ്മയാണ് കേന്ദ്രകഥാപാത്രമെന്ന് സരോജദേവി വാദിച്ചെങ്കിലും മറ്റെല്ലാവരും വാദിച്ച കങ്കണ റണൗട്ട് (തനു വെഡ്സ് മനു റിട്ടേൺ) മികച്ച നടിയായി. അവാർഡ് വാങ്ങാനെത്തിയ ഉർവശിയോട് സരോജാദേവി തന്നെയാണ് ജൂറിയിലുണ്ടായ തർക്കം പറഞ്ഞത്.
ഇപ്പോഴും ഉർവശിയോട് പ്രിയപ്പെട്ടവർ പറയുന്നതും വേറൊന്നല്ല. ‘രണ്ട് മികച്ച നടിമാർക്ക് അവാർഡ് പങ്കുവയ്ക്കാമെന്നിരിക്കെ അതിൽ ഉർവശി എങ്ങനെ സഹനടിയായി? ഒരു സഹകഥാപാത്രമല്ലല്ലോ ചെയ്തത്. മുഴനീള ലീഡ് റോളാണ് ചെയ്തത്.’
അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (തുടർച്ചയായി മൂന്നു തവണ) രണ്ട് തവണ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ഉർവശി നേടിയിട്ടുണ്ട്. എന്നിരുന്നാലും രണ്ടായിരത്തിനു ശേഷം ഉർവശിയുടെ വിസ്മയ പ്രകടനങ്ങൾ കുറവായിരുന്നു. അവിടെയാണ് വെല്ലുവിളിയായി ലീലാമ്മയെ ക്രിസ്റ്റോ ടോമി നൽകിയത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ നെറ്റ്ഫ്ളിക്സ് സീരിസിലൂടെയും ശ്രദ്ധേയനായ ക്രിസ്റ്റോയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ഉള്ളൊഴുക്ക്.
സന്തോഷമെങ്കിലും ചിലത് പറഞ്ഞ് ഉർവശി
”ഉള്ളൊഴുക്കിന് പുരസ്കാരം കിട്ടിയതിൽ സന്തോഷം. അതിലേറെ സന്തോഷം ഏറ്റവും പ്രിയപ്പെട്ട വിജയരാഘവന് അവാർഡ് കിട്ടിയത് വൈകിയാണെങ്കിലും സന്തോഷം” ഇങ്ങനെയായിരുന്നു ഉർവശിയുടെ ആദ്യപ്രതികരണം.
അവാർഡിനായി ശ്രമിക്കുകയോ അവാർഡിനായി അഭിനയിക്കാനോ ഒരു കാലത്തും ഞാൻ ശ്രമിച്ചിട്ടില്ല. അഭിനയിക്കുന്ന സിനിമകൾ ഓടുന്ന സിനിമയായിരിക്കണേ എന്നാണ് ആഗ്രഹിക്കുന്നത്. പ്രധാന വേഷം ചെയ്ത എനിക്ക് സഹനടിക്കുള്ള അവാർഡാണോ ലഭിക്കേണ്ടത് നടിക്കുള്ള പുരസ്കാരമല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. അച്ചുവിന്റെ അമ്മ എന്ന കേന്ദ്രകഥാപാത്രത്തിനും ലഭിച്ചത് സഹനടിക്കുള്ള പുരസ്കാരമായിരുന്നു. ഇതിനകത്തെ രാഷ്ട്രീയം എനിക്കറിയില്ല. അങ്ങനെയൊരു ലോബിക്കകത്ത് ഞാൻ പെട്ടിട്ടില്ല. ഒന്നും പ്രതീക്ഷിക്കാതെ കിട്ടിയ അവാർഡിൽ സന്തോഷം മാത്രം. ക്രിസ്റ്റോയ്ക്ക് നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു- ഉർവശി പറഞ്ഞു.
