കൊച്ചി: സംസ്ഥാനത്ത് പുതുതായി 2670 ബി.ടെക് സീറ്റുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിൽ വരുന്ന വിവിധ ഓട്ടോണമസ് കോളേജുകൾ, CAPEന് കീഴിൽ വരുന്ന കോളേജുകൾ, LBS സെന്ററുകൾ, സ്വാശ്രയ- സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 38 കോളേജുകളിലാണ് ഈ സീറ്റു വർദ്ധന. തൊഴിൽ സാദ്ധ്യത ഏറ്റവുമുള്ള കമ്പ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിലാണ് 2040 സീറ്റുകളും അനുവദിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോഗ്രാമിനാണ് മുൻഗണന. സൈബർ സെക്യൂരിറ്റി, ഡേറ്റ സയൻസ് പ്രോഗ്രാമുകളാണ് തൊട്ടുപിന്നിൽ. കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞാൽ കൂടുതൽ സീറ്റുകൾ അനുവദിച്ചിരിക്കുന്നത് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗിലാണ്. 390 സീറ്റുകൾ.
പരമ്പരാഗത എൻജിനിയറിംഗ് മേഖലകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയവയ്ക്ക് തൊഴിൽ സാദ്ധ്യത കുറഞ്ഞതോടെ പല കോളേജുകളിലും ഈ ബ്രാഞ്ചുകളിൽ അനുവദനീയമായതിന്റെ 25ശതമാനം സീറ്റുകളിൽ പോലും വിദ്യാർത്ഥികളില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ആകെ 56000ത്തോളം ബി.ടെക് സീറ്റുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 20000 സീറ്റുകളെങ്കിലും കഴിഞ്ഞ അദ്ധ്യയന വർഷം വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുകയാണ്.
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എന്നിവയ്ക്ക് ആവശ്യക്കാരേറിയതോടെ സീറ്റുകൾ കിട്ടാത്ത സ്ഥിതിയും ഉണ്ട്. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഇപ്പോഴത്തെ സീറ്റ് വർദ്ധന. കഴക്കൂട്ടം മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ & പ്ലാനിംഗ്, വലമ്പൂർ (മലപ്പുറം) കെ.എ.സി.ടി ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട് കെ.എം.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ്, വടകര കെ.എം.സി.ടി കോളേജ് ഒഫ് ടെക്നോളജി എന്നീ നാല് പുതിയ കോളേജുകൾക്കും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
- കേരള സർവകലാശാല ബിഎഡ് പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ഒഴിവുള്ള ബിഎഡ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 5,6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം സീറ്റുകളിൽ പ്രവേശനത്തിന് 4ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
