ചെന്നിത്തല – ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ തകർന്ന ഗർഡർ ആറ്റിൽ പതിച്ച നിലയിൽ
ചെന്നിത്തല (ആലപ്പുഴ): അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം.
ഏഴ് തൊഴിലാളികളായിരുന്നു ആ സമയം ഉണ്ടായിരുന്നത്. ഇവരിൽ ചിലരും ആറ്റിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. രാഘവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ബിനു മുങ്ങിമരിച്ചത്. ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിൽ വൈകിട്ടോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
ചെന്നിത്തല- ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലമാണിത്. മൂന്നുവർഷമായി നിർമ്മാണം തുടങ്ങിയിട്ട്. പാലത്തിന്റെ നടുവിലുള്ള ബീമുകളിൽ ഒന്നിന്റെ അവസാന കോൺക്രീറ്റ് നടക്കുന്നതിനിടയിലാണ് സ്പാൻ ഇളകിവീണത്. ആതിരയാണ് രാഘവിന്റെ ഭാര്യ. രാഘവ് ഇപ്പോൾ ഓച്ചിറയിലാണ് താമസം. സഹോദരൻ അക്ഷയും രാഘവിനൊപ്പം ജോലിക്ക് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. മറ്റൊരു സഹോദരൻ അദ്വൈത്. ബിനു അവിവാഹിതനാണ്. സഹോദരങ്ങൾ: ഷാജി, ബിജു.
അന്വേഷണത്തിന് നിർദ്ദേശം
സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു
വലിയ ശബ്ദം കേട്ടു, ഗർഡർ തകർന്നു
കീച്ചേരികടവ് പാലത്തിന്റെ രണ്ടു ഗർഡറുകളിൽ ഒന്നിന്റെ കോൺക്രീറ്റ് നടക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സംഭവത്തിൽ രാഘവ് കാർത്തിക്, ബിനു എന്നീ തൊഴിലാളികൾ ദാരുണമായി മരിച്ചു.
ഇന്നലെ ഒന്നേകാലോടെ രണ്ട് ഗർഡറുകളിൽ ഒന്നിന്റെ കോൺക്രീറ്റ് ഇട്ടുകൊണ്ടിരിക്കെ വലിയ ശബ്ദം തൊഴിലാളികൾ കേട്ടു. ഈ സമയം എഴ് തൊഴിലാളികൾ ഗർഡർ കോൺക്രീറ്റിംഗ് ജോലിയിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്താണ് ശബ്ദത്തിനുള്ള കാരണമെന്നറിയാൻ രാഘവ് കാർത്തിക് താഴേക്ക് ഇറങ്ങിനോക്കി.
ഗർഡർ കോൺക്രീറ്റിനുള്ള ട്രസിന്റെ നട്ട് പൊട്ടിയതായി മനസിലായതിനെ തുടർന്ന് മറ്റൊരു നട്ട് ഘടിപ്പിക്കുന്നതിനിടെ പൊടുന്നനെ ട്രസും കോൺക്രീറ്റും ഉൾപ്പെടെയുള്ളവ ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിനിടെ ബിനുവും രാഘവും ഒഴുക്കിൽപ്പെട്ടു. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി മിലന്റെ തുടയെല്ലിനു പൊട്ടലുണ്ടായി. ഝാർഖണ്ഡ് സ്വദേശി സുമിത്ത് കിർക്കതയുടെ കൈക്ക് മുറിവേറ്റു. പടനിലം സ്വദേശി സോമൻ, കരുവാറ്റ നാരകത്തറ വിനീഷ് ഭവനത്തിൽ വിനീഷ് എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
ചെങ്ങന്നൂർ ഫയർഫോഴ്സിലെ സ്കൂബ ഡൈവർമാരായയ സുനിൽ ശങ്കർ, ശരത്ത്, കായംകുളത്തു നിന്നുള്ള മുങ്ങൽ വിദഗ്ദൻ ഷിജു എന്നിവരുടേ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ആർ.ഡി.ഒ റ്റി.ഐ.വിജയസേനൻ, മാവേലിക്കര തഹസിൽദാർ അനീഷ്കുമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർത്തികേയൻ ഗീത ദമ്പതികളുടെ മകനാണ് രാഘവ് കാർത്തിക്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങമേ ആയിരുന്നുള്ളൂ.
- കയർ എറിഞ്ഞു കൊടുത്തു, ജീവൻ തിരികെപ്പിടിച്ചു
നിർമ്മാണത്തിലിരുന്ന ചെന്നിത്തല കീച്ചേരി കടവ് പാലത്തിന്റെ ഗർഡർ തകർന്നു വീണതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ മുങ്ങിത്താണവരിൽ ഒരാൾക്ക് രക്ഷയായത് അന്യ സംസ്ഥാന തൊഴിലാളികൾ എറിഞ്ഞ് കൊടുത്ത കയർ. പടനിലം സ്വദേശി സോമനാണ് കയറിൽ പിടിച്ച് കരകയറിയത്. കീച്ചേരി കടവ് പാലത്തിന്റെ വടക്കേക്കരയിൽ നിന്ന് സ്ത്രീകളുടെ നിലവിളി ഉയർന്നപ്പോൾ തെക്കേക്കരയിൽ പുത്തൻപുരയിൽ ജയകുമാറിന്റെ വീടിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഓടിയെത്തുകയും നിർമ്മാണസ്ഥലത്ത് ഉപയോഗിച്ചിരുന്ന ഏറെ നീളമുള്ള പ്ലാസ്റ്റിക് കയർ ആറ്റിലേക്ക് എറിഞ്ഞു കൊടുക്കുകയുമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായ സാഹിബ് റാവുത്ത് (52), അനിൽ ഷാ (32), ശത്രുധൻ സ്വാഹിനി (40) എന്നിവരാണ് കയർ എറിഞ്ഞു കൊടുത്തത്. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമത്തിനായി ഇരിക്കുമ്പോഴായിരുന്നു സ്ത്രീകളുടെ നിലവിളി കേട്ടത്. സാഹിബ് റാവുത്ത് 20 വർഷത്തോളമായി കേരളത്തിൽ എത്തിയിട്ട്. മറ്റ് രണ്ടുപേരും 10 വർഷത്തോളമായി കേരളത്തിൽ നിർമ്മാണ മേഖലയിൽ ജോലിയെടുക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടത് ഇവരെ ഏറെ ദുഃഖത്തിലാക്കി.
