കൊല്ലം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി

കൊല്ലം: കൊല്ലം തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ, മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി. അപകടത്തിൽ കടലിൽ വീണ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ടുപേർക്ക് പരിക്കേറ്റു.


വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സി.ആർ തെത്‌സ് എന്ന പനാമ കെമിക്കൽ ടാങ്കർ കപ്പൽ, ശക്തികുളങ്ങര സ്വദേശി നിമ്മിയുടെ ഉടമസ്ഥതയിലുള്ള നെസ്നിയ എന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു. ബോട്ടിന്റെ പിൻഭാഗം ഒന്നരമീറ്ററോളം നീളത്തിൽ പൂർണമായും തകർന്നു. തൊഴിലാളികളായ കുളച്ചൽ സ്വദേശി സഹായ ഹെൻസിൻ, ജാക്സൺ ബ്രിട്ടോ, പശ്ചിമബംഗാൾ സ്വദേശി രത്തൻദാസ്, ബഹരഞ്ജൻ ദാസ്, സുമൻദാസ്, ദേവ എന്നിവരാണ് കടലിൽ വീണത്. സംഭവത്തിൽ കപ്പൽ ക്യാപ്റ്റനെതിരെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു.

യു.എ.ഇയിലെ ഘോർ അൽ ഫക്കാൻ തുറമുഖത്ത് നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നു കപ്പൽ. രണ്ടാം വല വലിക്കുന്നതിനിടെ ബോട്ടിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. സ്രാങ്ക് ഉൾപ്പടെ 12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ചുപേർ സ്റ്റോർ റൂമിലും ആറുപേർ ബോട്ടിന് മുകളിൽ നിന്ന് രണ്ടാം വലയിലെ മത്സ്യം തരംതിരിക്കുകയുമായിരുന്നു. ഈ ആറുപേരാണ് കടലിൽ വീണത്.

ബഹളം വച്ചെങ്കിലും കപ്പലിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് തയ്യാറായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രാത്രി 12 ഓടെ ബോട്ട് ശക്തികുളങ്ങര ഹാർബറിൽ എത്തിയ ശേഷമാണ് എല്ലാവരെയും നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തിൽ വലിച്ചുകൊണ്ടിരുന്ന രണ്ടാം വലയും റോപ്പും കടലിൽ നഷ്ടമായി. വല വലിക്കാൻ ഉപയോഗിക്കുന്ന ബോർഡ് പൂർണമായും തകർന്നു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ബോട്ട് ഉടമയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നീണ്ടകര കോസ്റ്റൽ പൊലീസ്, അന്വേഷണം കൊച്ചി ഫോർട്ട് പൊലീസിന് കൈമാറുകയായിരുന്നു. ബോട്ട് ശക്തികുളങ്ങരയിലെ സ്വകാര്യ യാർഡിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡ് മുഖേനെ കപ്പലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റൽ പൊലീസെന്നാണ് വിവരം.

‘കടലിൽ ബോട്ട് വട്ടം കറങ്ങി, മരണത്തെ മുന്നിൽ കണ്ടു’

കൊച്ചി: ”തിരിച്ചെത്താനാകില്ലെന്നാണ് കരുതിയത്. ബോട്ട് കടലിൽ നിയന്ത്രണമില്ലാതെ ഒഴുകി. അടിത്തട്ട് തകരാതിരുന്നതാണ് രക്ഷയായത്…”” അപകടത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ സ്രാങ്ക് സഹായ വിൽസണിന്റെ തൊണ്ടയിടറി. അത്രയും ഭീതിനിറഞ്ഞ നിമിഷങ്ങളിലൂടെയാണ് 12 മത്സ്യത്തൊഴിലാളികൾ കടന്നുപോയത്.

ആദ്യ വലയിൽ തരക്കേടില്ലാത്ത മീനുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു. രണ്ടാമത്തെ വലയിട്ട് കുറച്ചുപേർ സ്‌റ്റോർ റൂമിലും ചിലർ വല തുന്നുന്ന തിരക്കിലുമായിരുന്നു. നാവിഗേറ്റർ കപ്പലിന്റെ സാന്നിദ്ധ്യം കാട്ടിയെങ്കിലും ബോട്ടുമായി നല്ല അകലമുണ്ടായിരുന്നു. ബോട്ടിന് സമീപത്തേക്കു പോലും കപ്പൽ വരില്ലെന്നാണ് കരുതിയത്.

പെട്ടെന്നാണ് ബോംബ് പൊട്ടുംപോലെ ശബ്ദം കേട്ടത്. കപ്പൽ വന്നിടിച്ചതായിരുന്നു. ബോട്ടിനെ ഇടത്തേക്ക് തിരിച്ച് വേഗംകൂട്ടി. ഇതിനാൽ കപ്പലിന്റെ മുന്നിൽ നിന്നു ബോട്ട് തെന്നിമാറി. അപ്പോഴേക്കും വലയെല്ലാം പൊട്ടി കടലിൽ പോയി. ഇടിയുടെ ആഘാതംകൂടിയായപ്പോൾ ബോട്ട് കറങ്ങിത്തിരിഞ്ഞു

കടലിൽ വീണവരെ ഉടൻ തന്നെ രക്ഷിച്ചു. ഈശ്വരൻ കാത്തതുപോലെ ബോട്ടിന്റെ അടിത്തട്ടിൽ വലിയ ചോർച്ചയൊന്നും ഉണ്ടായില്ല. കടന്നുപോയ കപ്പലിന്റെ വീഡിയോയും മറ്റും പകർത്തി. അപകട സാദ്ധ്യതയുള്ളതിനാൽ എത്രയും വേഗം കരയ്ക്കെത്തുകയായിരുന്നു ലക്ഷ്യം. പതിയെ മുന്നോട്ടു നീങ്ങി. സമീപത്തെ ബോട്ടുകളുടെ സഹായം തേടി. കൊല്ലത്തുള്ള അനുമോൾ 3 എന്ന ബോട്ട് രക്ഷയ്‌ക്കെത്തി. കെട്ടിവലിച്ചാണ് ബോട്ട് തീരത്ത് എത്തിച്ചത്. അപകടത്തിന് ശേഷം ആരോ കപ്പലിൽ നിന്നു നോക്കിയിരുന്നു. ബോട്ടിന് കേടുപാടു പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അവർ നിറുത്താതെ പോയി. ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോസ്റ്റൽ പൊലീസിന് പരാതി നൽകി. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായ വിൽസൺ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top