പുന്നമടപ്പൂരത്തിന് ഇനി 10 നാൾ

ആലപ്പുഴ : 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് പത്തുനാൾ മാത്രം ശേഷിക്കുമ്പോൾ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഇന്നലെ വരെ 21ചുണ്ടൻ ഉൾപ്പടെ 70 വള്ളങ്ങൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തു. വള്ളങ്ങളുടെ എണ്ണത്തിൽ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ വർഷം 19 ചുണ്ടനുകളാണ് പങ്കെടുത്തത്.

സ്ത്രീകൾ തുഴയുന്ന തെക്കനോടി വിഭാഗത്തിൽ ഒരു വള്ളം മാത്രമാണ് പേര് നൽകിയിട്ടുള്ളത്. മുൻ വർഷം ഏഴ് ടീമുകൾ പങ്കെടുത്തിരുന്നു. ബോണസ് ഉൾപ്പടെ കൃത്യ സമയത്ത് ലഭിക്കാത്തതാണ് വള്ളങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. അതിനാൽ, ഇപ്രാവശ്യം മത്സരം കഴിഞ്ഞ് പരമാവധി ഒരാഴ്ച്ചയ്ക്കുള്ളിൽ ബോണസും, സമ്മാനത്തുകയും വിതരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സ്പോൺസർഷിപ്പ് ലക്ഷ്യം വെച്ചാണ് സംഘാടകസമിതി പ്രവർത്തിക്കുന്നത്. ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപ്പനയാണ് ലക്ഷ്യം. . രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പാണ് പ്രതീക്ഷിക്കുന്നത്. മത്സരം കാണാൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർക്ക് പുറമേ, കേന്ദ്ര കാബിനറ്റ് മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, സുപ്രീം കോടതി ജസ്റ്റീസ് അടക്കമുള്ളവർ അതിഥികളായി എതതിയേക്കും. കുമരകം ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടൻ ചുണ്ടനും, നിരണം ബോട്ട് ക്ലബ്ബ് തുഴയുന്ന നിരണം ചുണ്ടനും ഇന്നലെ ട്രാക്ക് എൻട്രി നടത്തി.

ക്യാപ്റ്റൻസ് ക്ലിനിക് നാളെ

ജലോത്സവത്തിന്റെ ഭാഗമായുള്ള ക്യാപ്റ്റൻസ് ക്ലിനിക് വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വൈ.എം. സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിൽ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്ത വരുടെ ബോണസ്സിൽ 50 ശതമാനം കുറവ് വരുത്തും.

വഞ്ചിപ്പാട്ട് രജിസ്ട്രേഷൻ നാളെ വരെ

ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിന് ഇനിയും രജിസ്റ്റർ ചെയ്യാത്ത ടീം അംഗങ്ങൾ ആലപ്പുഴ, മിനി സിവിൽസ്റ്റേഷൻ്റെ രണ്ടാം നിലയിലുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യണം.നാളെ വരെയാണ് രജിസ്ട്രേഷൻ.
ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽകാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ ഫോം ശനിയാഴ്‌ചയ്ക്ക്‌ മുമ്പ് എത്തിക്കണം ഫോം എത്തിക്കാത്ത ക്ലബ്ബുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

ഫേസ് പെയിന്റിംഗ് മത്സരം ഇന്ന്

നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിംഗ് മത്സരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് ആലപ്പുഴ ബീച്ചിന്റെ തെക്കുവശത്തുള്ള കാറ്റാടി മരങ്ങൾക്കിടയിലെ സീ ലൗഞ്ച് നൈറ്റ് സ്ട്രീറ്റിലാണ് മത്സരം. കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് ഒറ്റ വിഭാഗത്തിലാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. ആലപ്പുഴയും നെഹ്റുട്രോഫി വള്ളംകളിയും തീമിലുള്ള ഫേസ് പെയിന്റിംഗ് ആണ് തയ്യാറാക്കേണ്ടത്. ഒഒന്നര മണിക്കൂറാണ് മത്സര സമയം. പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങൾ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം. വിജയിക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും. 9074594578 എന്ന വാട്സാപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്യാം.

  • ഡബിൾ ഹാട്രിക് കൈപ്പിടിയിലാക്കാൻ പി.ബി.സിയുടെ കടുകട്ടി പരിശീലനം

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ ആദ്യ ഡബിൾ ഹാട്രിക് സ്വന്തമാക്കുമെന്ന വാശിയിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്. ക്ലബ്ബിന്റെ ഡബിൾ ഹാട്രിക്കിനൊപ്പം ക്യാപ്റ്റന്മാരുടെ ഹാട്രിക്കും ടീമിന്റെ ലക്ഷ്യമാണ്. ഓരോ വർഷവും ഓരോ ചുണ്ടിനിലൂടെയാണ് ക്ലബ്ബ് ജലരാജാക്കന്മാരായത്. നെഹ്റുട്രോഫിക്ക് പത്തുനാൾ മാത്രം ബാക്കി നിൽക്കെ കൃത്യമായ പരിശീലനത്തിലാണ് ക്ലബ്. വള്ളം ഇന്ന് കരയ്ക്ക് കയറ്റി അറ്റകുറ്റപ്പണി നടത്തും. മറ്റൊരു ചുണ്ടനിലാണ് ഇനി പരിശീലനം. 13 മേഖല കമ്മിറ്റികളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ്. മൂലം ജലോത്സവത്തിന് ശേഷമാണ് 45 ദിവസത്തെ പരിശീലനം ആരംഭിച്ചത്. 120 പേർ ക്യാമ്പിലുണ്ട്.

1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകാരുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 1988ൽ വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു ആദ്യവിജയം. 98ൽ ചമ്പക്കുളത്തിൽ നേടിയ വിജയത്തിന് ശേഷം ക്ലബ്ബ് തിരിച്ചെത്തിയത് 2018ൽ പായിപ്പാടിൽ വിജയകിരീടം സ്വന്തമാക്കിയാണ്. 2019ൽ നടുഭാഗം ചുണ്ടനിലും, 2022ൽ മഹാദേവികാട് കാട്ടിൽതെക്കേതിലും വിജയിച്ച് (2020,2021 വർഷങ്ങളിൽ മത്സരം നടന്നില്ല) ഹാട്രിക് നേടി. 2023ൽ വീയപുരം ചുണ്ടനിൽ വിജയം കൊയ്തു. കഴിഞ്ഞ വർഷം കാരിച്ചാൽ ചുണ്ടനിൽ അഞ്ചാം തവണ രാജാക്കന്മാരായി. ഇത്തവണയും വിജയിച്ചാൽ ചരിത്രത്തിലെ ആദ്യ ഡബിൾ ഹാട്രിക്ക് ആകും. അലൻ, ഏയ്ഡൻ കോശി അലൻ എന്നിവരാണ് ഇത്തവണയും ക്യാപ്റ്റന്മാർ.

പി.ബി.സിയുടെ നെഹ്റുട്രോഫി നേട്ടം

1988 : വെള്ളംകുളങ്ങര

1998: ചമ്പക്കുളം

2018:പായിപ്പാട്

2019: നടുഭാഗം

2022: മഹാദേവികാട് കാട്ടിൽ തെക്കേതിൽ

2023: വീയപുരം

2024 : കാരിച്ചാൽ

ക്യാമ്പും ട്രയലും

രാവിലെ 6.30 മുതൽ 9.30 വരെ കായികപരിശീലനം

തുടർന്ന് ഡയറ്റ് പ്രകാരം പ്രഭാത ഭക്ഷണം

ഉച്ചഭക്ഷണത്തിന് ശേഷം നാലരയോടെ തുഴച്ചിൽ പരിശീലനം

പരിശീലന ചെലവ് : 1.5 കോടി രൂപ

ഡബിൾ ഹാട്രിക് മുന്നിൽ കണ്ടാണ് പരിശീലനം. എല്ലാവരുടെയും പിന്തുണയും സഹായവും ഒപ്പമുണ്ട്. വെള്ളിക്കപ്പ് ഇത്തവണയും സ്വന്തമാക്കും.

– അഭിലാഷ് അശോകൻ, സെക്രട്ടറി

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top