ജയിലിലാകുന്ന മന്ത്രി പുറത്ത് , കടുത്ത എതിർപ്പിനിടെ ബിൽ ലോക്‌സഭയിൽ

 കൈയാങ്കളി,​ ജെ.പി.സിക്ക് വിട്ടു
 ലക്ഷ്യം തങ്ങളെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യത്തിന് ഒരുമാസം തടവിലായാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ അയോഗ്യരാക്കാനുള്ള വിവാദ ബിൽ പ്രതിപക്ഷ എതിർപ്പിനിടെ സർക്കാർ ലോക് സഭയിൽ അവതരിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതിക്ക്(ജെ.പി.സി) വിട്ടു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

കേന്ദ്ര ഏജൻസികൾവഴി കേസിൽ കുടുക്കി സംസ്ഥാനങ്ങളിലെ തങ്ങളുടെ സർക്കാരുകളെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് പ്രതിപക്ഷം അതിശക്തമായി എതിർത്തു. തെറ്റുകാരനെന്ന് തെളിയിക്കും വരെ ശിക്ഷ പാടില്ലെന്ന വ്യവസ്ഥയ്‌ക്ക് എതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി.

ഭരണ – പ്രതിപക്ഷത്തിന്റെ കൈയാങ്കളിക്കും സഭ സാക്ഷ്യം വഹിച്ചു. തൃണമൂൽ അംഗങ്ങളായ കല്യാൺ ബാനർജി, മഹുവ മൊയ്‌ത്ര, മിതാലി ബാഗ് എന്നിവർ നടുത്തളത്തിലിറങ്ങി അമിത് ഷായുടെ ബിൽ അവതരണം തടസപ്പെടുത്താൻ ശ്രമിച്ചു.മഹുവ കടലാസ് കീറി മന്ത്രിയുടെ നേർക്കെറിഞ്ഞു. കല്യാൺ ബാനർജി അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് കയറാനും ശ്രമിച്ചു.

മന്ത്രിമാരായ കിരൺ റിജിജു, റവ്നീത് സിംഗ് ബിട്ടു എന്നിവരുടെ നേതൃത്വത്തിൽ അമിത് ഷായ്‌ക്ക് സംരക്ഷണം തീർത്തു. കൈയാങ്കളി തുടങ്ങിയതോടെ സ്‌പീക്കർ സഭ നിറുത്തിവച്ചു. ഒരു മണിക്കൂറിന് ശേഷം സമ്മേളിച്ചപ്പോൾ ഒന്നാം നിരയിൽ നിന്ന് മൂന്നാം നിരയിലേക്ക് മാറിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്.

അമിത് ഷാ ഗുജറാത്ത് മന്ത്രിയായിരിക്കെ കലാപക്കേസിൽ തടവിലായില്ലേയെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ചോദിച്ചു. പ്രതിയായപ്പോൾ രാജിവച്ചെന്നും കോടതി കുറ്റവിമുക്തനാക്കിയപ്പോഴാണ് തിരിച്ചു വന്നതെന്നും ഷാ മറുപടി നൽകി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി ഭരണഘടനാ 130ാം വകുപ്പ് ഭേദഗതിയും ജമ്മുകാശ്‌മീരിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേകമായി ഓരോ ബില്ലും അവതരിപ്പിച്ചു.

ബിൽ ജെ.പി.സിക്ക് വിട്ടെങ്കിലും സമിതി നിർദേശങ്ങൾക്ക് ഉപദേശക സ്വഭാവമേയുള്ളൂ. അവ സർക്കാർ സ്വീകരിക്കണമെന്നില്ല.

രാജിവച്ചില്ലെങ്കിൽ

31-ാം നാൾ അയോഗ്യത

 അഞ്ച് വർഷമെങ്കിലും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് മന്ത്രി 30 ദിവസം ജയിലിലായാൽ 31-ാം ദിവസം മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നീക്കം ചെയ്യണം.

 മുഖ്യമന്ത്രി നിർദ്ദേശിച്ചില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്‌ടപ്പെടും. 30 ദിവസം തടവിലാകുന്നത് മുഖ്യമന്ത്രിയാണെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അയോഗ്യത

 കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രിയുടെ ശുപാർശയിൽ രാഷ്‌ട്രപതി നീക്കും. ഇല്ലെങ്കിൽ 31-ാം ദിവസം അയോഗ്യത. പ്രധാനമന്ത്രിയാണെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ സ്വയം പുറത്താവും.

പുറത്തിറങ്ങി തിരിച്ചെത്താം,

പക്ഷേ, കസ്റ്റഡി നീളാം

# കസ്റ്റഡിയിൽ നിന്ന് മോചിതനായശേഷം അതേ സ്ഥാനത്തേക്ക് വീണ്ടും നിയമിക്കുന്നതിന് തടസമില്ല. പക്ഷേ, കസ്റ്റഡി മാസങ്ങളോളം നീളാം.

# അഞ്ച് മാസത്തിലേറെ ജയിലിൽ കിടന്നിട്ടാണ് ഡൽഹി മുൻ മുഖ്യമന്ത്രി കേ‌ജ്‌രിവാളിന് ജാമ്യം കിട്ടിയത്.

# മുഖ്യമന്ത്രിമാരെ അയോഗ്യരാക്കി പ്രതിപക്ഷ സർക്കാരുകളെ പുറത്താക്കാൻ ബിൽ വഴിതെളിക്കുമെന്നാണ് പ്രധാന അക്ഷേപം.

ബി.​ജെ.​പി​ ​ഇ​ത​ര​ ​സ​ർ​ക്കാ​രു​ക​ളെ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​യു​പ​യോ​ഗി​ച്ചു​ ​വേ​ട്ട​യാ​ടു​ന്ന​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണി​ത്.
-​ ​മു​ഖ്യ​മ​ന്ത്രി​ ​
പി​ണ​റായി​ ​വി​ജ​യൻ

  • വിവാദ ബിൽ ധൃതിപിടിച്ചുള്ള അവതരണത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: തുടർച്ചയായി ഒരുമാസം ജയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥയുള്ള ബില്ലുകൾ ധൃതിപിടിച്ച് കൊണ്ടുവന്നതിൽ ദുരൂഹത ആരോപിച്ചാണ് പ്രതിപക്ഷം ലോക്‌സഭയിൽ എതിർപ്പ് പ്രകടിപ്പിച്ചത്. ബില്ലിന്റെ പകർപ്പ് ചൊവ്വാഴ്‌ച രാത്രി ഒരുമണിക്കാണ് തങ്ങൾക്ക് നൽകിയതെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. രണ്ട് ദിവസം മുൻപ് നൽകണമെന്നാണ് ചട്ടം.

ഫെഡറലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കുന്ന ബിൽ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു. ഗുജറാത്ത് മന്ത്രിയായിരിക്കെ ജയിലിലായ താങ്കൾക്ക് എങ്ങനെ ബിൽ അവതരിപ്പിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചു. പ്രതിയായപ്പോൾ രാജിവച്ചെന്നും കോടതി വെറുതെ വിട്ടപ്പോളാണ് തിരിച്ചുവന്നതെന്നും ഷായുടെ മറുപടി.

എൻ.ഡി.എ സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും ബിൽ ഭീഷണിയാകുമെന്നും വേണുഗോപാൽ പറഞ്ഞു.

രാജ്യമെങ്ങും നടപ്പാക്കാൻ

മൂന്ന് ബില്ലുകൾ

മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കായി ജമ്മുകാശ്‌മീർ പുനഃസംഘടനാ ഭേദഗതി ബില്ലും ഡൽഹി അടക്കം കേന്ദ്രഭരണ പ്രദേശങ്ങൾക്കായി കേന്ദ്രഭരണ സർക്കാർ ഭേദഗതി ബില്ലും പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ,മന്ത്രിമാർ എന്നിവർക്കായി 130-ാം ഭരണഘടനാ ഭേദഗതി ബില്ലുമാണ് അമിത് ഷാ അവതരിപ്പിച്ചത്. മൂന്നു ബില്ലുകളും 31 അംഗ ജെ.പി.സി പരിശോധിച്ച് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ഷാ പറഞ്ഞു.

130-ാം ഭരണഘടനാ ഭേദഗതി

 75-ാം വകുപ്പ്: പ്രധാനമന്ത്രി, കേന്ദ്രമന്ത്രി നിയമനം സംബന്ധിച്ച വകുപ്പ്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അയോഗ്യരാക്കാൻ അഞ്ച്(എ) ഉപവകുപ്പായി ചേർത്ത് ഭേദഗതി.

 164-ാം വകുപ്പ്: സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്,മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കാൻ നാല്(എ) ഉപവകുപ്പായി ചേർത്ത് ഭേദഗതി.

 239എഎ വകുപ്പ്: കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്,മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കാൻ അഞ്ച് എ ഉപവകുപ്പായി ഭേദഗതി.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും അവർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ബില്ല്

മലക്കം മറിഞ്ഞ് തരൂർ

കോൺഗ്രസ് നിലപാടിന് വിരുദ്ധമായി ബില്ലിനെ ആദ്യം പിന്തുണച്ച ശശി തരൂർ എം.പി വിവാദമായപ്പോൾ മലക്കം മറിഞ്ഞു. ബില്ലിൽ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top