തിരുവനന്തപുരം: പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന വയനാട്, ഇടുക്കി റവന്യു അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് എം.എൽ.എ കുഴഞ്ഞുവീണത്. മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്തുള്ള ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം വൈകിട്ട് ഏഴു മുതൽ എം.എൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചു. രാത്രി 8ന് മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്നു രാവിലെ എട്ടിന് വാളാർഡിയിലുള്ള വീട്ടിൽ പൊതുദർശനം. 10ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം. എ.ഐ.ടി.യു.സി നേതാവായിരുന്ന എസ്.കെ.ആനന്ദന്റെ പാമ്പനാറിലുള്ള സ്മൃതികുടീരത്തിനു സമീപം വൈകിട്ട് നാലിന് സംസ്കാരം നടക്കും. പരേതന്റെ ആഗ്രഹപ്രകാരമാണിത്.
ഭാര്യ: ബിന്ദു സോമൻ വണ്ടിപ്പെരിയാർ താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സോബിൻ സോമൻ (സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം), സോബിത്ത് സോമൻ (മാതൃഭൂമി, കോഴിക്കോട്). മരുമകൾ: പൂജിത കരുനാഗപ്പള്ളി നമ്പാര് അയ്യത്ത് കുടുംബാംഗം.
ഇടതുപക്ഷത്തെ ‘ഇടംകൈയൻ’
പീരുമേടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിയമസഭാംഗമായിരിക്കെ മരണമടയുന്ന രണ്ടാമത്തെ സിറ്റിംഗ് എം.എൽ.എയാണ് വാഴൂർ സോമൻ. മൂന്നും നാലും കേരള നിയമസഭകളിൽ അംഗമായിരുന്ന സി.പി.എമ്മിലെ കെ.ഐ. രാജൻ 1974 നവംബർ ആറിന് കണ്ണൂരിൽ നിര്യാതനായതാണ് ആദ്യ സംഭവം.
ദീർഘകാലത്തെ ട്രേഡ് യൂണിയൻ പ്രവർത്തന പാരമ്പര്യമുള്ള വാഴൂർ സോമൻ പതിനഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്തനായിരുന്നു. ഇടതുകൈകൊണ്ടുള്ള എഴുത്തും ഒപ്പിടലുമായിരുന്നു കാരണം. 1952 സെപ്തംബർ 14-ന് ജനിച്ച സോമൻ ജന്മനാ ഇടംകൈയനായിരുന്നില്ല. 1986 വരെ വലതുകൈ കൊണ്ടാണ് എഴുതിയിരുന്നത്. ട്രേഡ് യൂണിയൻ സമരത്തിൽ അറസ്റ്റിലായതിനെ തുടർന്നുണ്ടായ പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ് വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു.
ആയിടെ മോസ്കോയിലെ നാഷണൽ സ്കൂൾ ഒഫ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമാ പഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുടെ സഹായത്തോടെ മോസ്കോ സെൻട്രൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നട്ടെല്ലിന്റെ ക്ഷതം ചികിത്സിക്കാൻ അവസരം ലഭിച്ചു. അപ്പോഴും വലതുകൈയുടെ സ്വാധീനം വീണ്ടെടുക്കാനായില്ല. ‘ഇടതുപക്ഷക്കാരനായ തനിക്ക് ഇടതുകൈ പ്രയോഗിച്ചുകൂടേ” എന്ന പ്രൊഫസറുടെ ചോദ്യം പ്രചോദനമായി.
അങ്ങനെ ഇടംകൈകൊണ്ട് റഷ്യൻ അക്ഷരമാല എഴുതിപ്പഠിച്ചു. ആറുമാസത്തെ പരിശീലനംകൊണ്ട് ഇടതുകൈ നന്നായി വഴങ്ങി. ഒരുവർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ വാഴൂർ പിന്നീട് കൈയെഴുത്തിൽ ഉൾപ്പെടെ തികഞ്ഞ ഇടതുപക്ഷക്കാരനാണന്ന് തെളിയിച്ചു! ഇടുക്കിയിലെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന പഴയ മഹീന്ദ്ര ലോംഗ്ചേസ് ജീപ്പിലായിരുന്നു മിക്കപ്പോഴും വാഴൂർ സോമന്റെ യാത്ര. എം.എൽ.എ ആയപ്പോഴും തുടക്കത്തിൽ നിയമസഭാ സമ്മേളനത്തിനടക്കം എത്തിയിരുന്നതും ഈ ജീപ്പിലായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ദീർഘദൂര യാത്രകൾ കാറിലാക്കി. എങ്കിലും പലപ്പോഴും മണ്ഡലത്തിലെ അടക്കം യാത്രകൾ ജീപ്പിലായിരുന്നു.
2006-ൽ ഇടുക്കി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കാലത്ത് വാങ്ങിയ ജീപ്പാണിത്. സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചു നടന്നിട്ട് പെട്ടെന്ന് പൂർണമായും കാറിലേക്കു മാറാൻ മനസ് അനുവദിക്കുന്നില്ലെന്നായിരുന്നു അതിനെക്കുറിച്ച് വാഴൂരിന്റെ പ്രതികരണം.
സ്നേഹംകൊണ്ട് കീഴടക്കിയ പ്രിയസഖാവ് സി ദിവാകരന്‍
വാഴൂർ സോമനുമായി എനിക്കുണ്ടായിരുന്നത് നാല് ദശാബ്ദത്തിന്റെ അതിശക്തമായ ബന്ധമായിരുന്നു. ഞാൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന കാലത്ത് ഇടുക്കി ജില്ലയിലെയും പീരുമേട് പ്രദേശത്തെയും തോട്ടം തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായിരുന്നു സോമൻ. സി.എ. കുര്യനു ശേഷം ഇടുക്കി കണ്ട പ്രഗത്ഭനായ തൊഴിലാളി നേതാവ്. കോട്ടയം വാഴൂരിൽ നിന്ന് ഇടുക്കിയിലെത്തിയ സോമൻ പീരുമേടിനെയും അവിടത്തെ തൊഴിലാളികളെയും സ്നേഹംകൊണ്ട് കീഴടക്കി.വളരെവേഗമാണ് സോമൻ ഇടുക്കി ജില്ലയുടെ നേതാവായി ഉയർന്നത്.
ട്രേഡ് യൂണിയൻ രംഗത്ത് ഒരു പ്രത്യേക ശൈലിയായിരുന്നു വാഴൂർ സോമനുണ്ടായിരുന്നത്. ആരോടും പ്രകോപനമില്ലാതെ തികച്ചും സൗമ്യമായി തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏതു കരുത്തനായ എസ്റ്റേറ്റ് മുതലാളിയുടെയും മുന്നിൽ അവതരിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇടുക്കിയിലുണ്ടായ എല്ലാ പണിമുടക്കിലും തൊഴിലാളി സമരങ്ങളിലും സോമന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു . എ.ഐ.എസ്.എഫും തുടർന്ന് എ.ഐ.ടി.യു.സിയും സോമന്റെ കർമ്മ രംഗങ്ങളായിരുന്നു. ഇടുക്കിയിലെ കറപുരളാത്ത അപൂർവം നേതാക്കളിൽ ഒരാളായിരുന്നു വാഴൂർ സോമൻ. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ എ.ഐ.ടി.യു.സി പ്രസ്ഥാനത്തിന്-പ്രത്യേകിച്ച് തൊഴിലാളി വിഭാഗത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും കനത്ത നഷ്ടമാണ്.
യാദൃച്ഛികമായാണ് സോമൻ പീരുമേട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. മത്സര രംഗത്തേക്ക് അതുവരെ സോമനെ പരിഗണിച്ചില്ലെന്ന പരാതിയോ പരിഭവമോ ഒന്നുമില്ലാതെ സോമൻ തിരഞ്ഞെടുപ്പു രംഗത്തേക്ക് കാൽകുത്തി. സോമനെ കാത്തിരുന്നതുപോലെ പീരുമേട്ടിലെ ജനങ്ങൾ അദ്ദേഹത്തെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട സഖാവും അനുജനുമായിരുന്ന വാഴൂർ സോമൻ നല്ല ഗൃഹനാഥൻ കൂടിയായിരുന്നു. ഭാര്യയും മക്കളുമടങ്ങുന്ന ചെറിയ കുടുംബമായിരുന്നു സോമന്റെ സംരക്ഷണയിലുണ്ടായിരുന്നത്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ മക്കളെ പഠിപ്പിക്കാനും കുടുംബം മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക പരാധീനത അനുഭവപ്പെട്ടിരുന്ന കാര്യം ഞാൻ മന്ത്രിയായിരുന്ന കാലത്ത് ജ്യേഷ്ഠനോടെന്നതുപോലെ എന്നോട് തുറന്നു പറഞ്ഞിരുന്നു. സത്യസന്ധനായ തൊഴിലാളി നേതാവ് ജീവിതപ്രയാസങ്ങൾ നേരിടുന്നത് യാദൃച്ഛികമല്ല. ഈ സാഹചര്യത്തിൽ ഒരു അനുജനോടെന്നന്നതുപോലെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ ഞാൻ കഴിയാവുന്നത് ചെയ്തിരുന്നു. പിന്നീട് മക്കൾ പഠിച്ച് ഉന്നത നിലകളിലെത്തി. സോമന്റെ വേർപാട് വ്യക്തിപരമായി താങ്ങാനാവുന്നില്ല. ആ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
