സിറ്റൗട്ടിൽ കാട്ടാന, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…. കൊമ്പുകുലുക്കി കാട്ടാന, കൊമ്പുകുത്തി വിറയ്ക്കുന്നു

മുണ്ടക്കയം : രക്ഷപ്പെടൽ അത്ഭുതകരം, ഒറ്റവാക്കിൽ അങ്ങനെ പറയാം. വീടിന്റെ സിറ്റൗട്ട് വരെയെത്തിയ കാട്ടാനയിൽ നിന്ന് കൊമ്പുകുത്തി നിവാസികളായ വൃദ്ധ ദമ്പതികളായ പടലിക്കാട്ടിൽ ദാസനും ഭാര്യ പുഷ്പയും കുതറിമാറിയതിനാൽ ജീവൻതിരിച്ചുകിട്ടി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. വൈകിട്ട് മുതൽ ആനയുടെ സാന്നിദ്ധ്യം മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ദാസൻ റബർ ഷീറ്റ് ഡിഷ് അടിച്ച് ശബ്ദം ഉണ്ടാക്കിയിരുന്നു. പിന്നീട് ഉറങ്ങാൻപോയി. ഇതിന് പിന്നാലെയാണ് വീടിന് സമീപത്ത് കൃഷി ചെയ്ത കപ്പ ആന നശിപ്പിക്കുന്ന ശബ്ദം കേട്ട് പുഷ്പ കതക് തുറന്ന് പുറത്തിറങ്ങിയത്. ഞൊടിയിടയിൽ പുഷ്പയുടെ നേരെ കാട്ടാന ചീറിയടുത്തു. വീടിന്റെ സിറ്റ് ഔട്ടിൽ മുൻകാൽ എടുത്തു വച്ച് പുഷ്പയെ പിടിക്കാനായി ആഞ്ഞതോടെ ദാസൻ ഭാര്യയെഹാളിലേക്ക് തള്ളി മാറ്റുകയായിരുന്നു. സമീപത്തെ പ്ലാക്കൽ സജിമോന്റെ വീടിന് സമീപത്തും ആനയെത്തി. വീട്ടുകാർ ബഹളം വച്ചതോടെ പിന്മാറി. കഴിഞ്ഞ ദിവസം രാത്രിയിൽ പുളിക്കൽ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്തും കാട്ടാനയെത്തിയിരുന്നു. വീട്ടുകാർ നിലവിളിച്ചതോടെ ആന വീടിന്റെ കതക് കുത്തി പൊളിച്ചു. കട്ടിൽ, മേശ, ടി.വി അടക്കം നശിപ്പിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സോളാർവേലികൾ നശിച്ചു

ആന ജനവാസ മേഖലയിൽ ഇറങ്ങിയതോടെ പ്രദാശവാസികളും ഭീതിയിലാണ്. വ്യാപകമായി കൃഷികളും നശിപ്പിക്കുന്നുണ്ട്. നാട്ടുകാർ പരാതിപ്പെടുമ്പോൾ പേരിന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്. വനാതിർത്തി പ്രദേശങ്ങളിൽ സോളർവേലികൾ നശിച്ചതും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമായി. സംരക്ഷണ വേലികൾ നിർമ്മിക്കുമെന്ന് അധികാരികൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഭീതിയുടെ മുൾമുനയിൽ
ആനയെ എത്രയും വേഗം പിടികൂടി കാട്ടിലേക്ക് അയക്കണം

രാത്രിയിൽ ആനകൾ വീടിന്റെ പരിസരത്ത് വരെ എത്തുന്നു

മഴയത്ത് തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല

ആളുകൾ ആനയുടെ മുന്നിൽപ്പെടാൻ സാദ്ധ്യത ഏറെ

രാത്രികാലങ്ങളിൽ പലരും വാഹനയാത്ര ഒഴിവാക്കുന്നു

”പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് ഓടിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യത്തിലും നടപടി നീളുകയാണ്.

-ഗോവിന്ദൻ, കർഷകൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top