എന്ന് കിട്ടും ഭിന്നശേഷി സർട്ടിഫിക്കറ്റ്: ചുവപ്പ് നാടയിൽ 5,​003 ജീവിതങ്ങൾ

മലപ്പുറം: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി ജില്ലയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത് 5,​003 പേർ. ഇതിൽ 3,​172 അപേക്ഷകർ ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. 459 അപേക്ഷകൾ മൂന്നിനും ആറ് മാസത്തിനും ഇടയിൽ ലഭിച്ചവയാണ്. ശേഷിക്കുന്ന 1,​372 അപേക്ഷകൾ മാത്രമാണ് കഴി‍ഞ്ഞ മാസങ്ങളിൽ ലഭിച്ചവ.

പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരുടെ അപേക്ഷകളാണ് പ്രധാനമായും തീർപ്പാക്കാതെ കിടക്കുന്നത്. അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകേണ്ടത്. ജില്ലാ, താലൂക്ക്, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡുകൾ ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാവുക. മെഡിക്കൽ ബോർഡ് യോഗം കൃത്യമായി ചേരാത്തതും അപേക്ഷകർക്ക് തിരിച്ചടിയാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാനുള്ള ആധികാരിക രേഖയായി ഏകീകൃത തിരിച്ചറിയൽ കാർഡ് നിശ്ചയിച്ചിട്ടുണ്ട്. കാർഡ് ഇല്ലാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മഞ്ചേരി മെഡിക്കൽ കോളേജ്,​ നിലമ്പൂർ, പെരിന്തൽമണ്ണ,​ തിരൂർ ജില്ലാ ആശുപത്രികൾ,​ മലപ്പുറം,​ പൊന്നാനി താലൂക്ക് ആശുപത്രികൾ കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് മുമ്പാകെ ആണ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നത് – 1,​399 എണ്ണം. ഇതിൽ 977 അപേക്ഷകൾ ആറ് മാസത്തിന് മുകളിൽ പഴക്കമുള്ളവ ആണ്. കഴി‍ഞ്ഞ മൂന്ന് മാസത്തിനിടെ ആകെ 202 പേർക്കാണ് തിരിച്ചറിയൽ കാർഡ് അനുവദിച്ചത്.

ആശുപത്രി …………………………….. അപേക്ഷകൾ …………. ആറ് മാസത്തിൽ കൂടുതൽ പഴക്കം

തിരൂർ ജില്ലാശുപത്രി ……………….. 804 …………………………………….. 443

പെരിന്തൽമണ്ണ ജില്ലാശുപത്രി ……. 422 …………………………………….. 239

നിലമ്പൂർ ജില്ലാശുപത്രി ……………… 681 ……………………………………. 470

മലപ്പുറം താലൂക്കാശുപത്രി ……….. 746…………………………………….. 298

പൊന്നാനി താലൂക്കാശുപത്രി ….. 168 …………………………………….. 54

ജില്ലാ മെഡിക്കൽ ഓഫീസ് …………. 783 ……………………………………… 691

സിറ്റിംഗ് വർദ്ധിപ്പിക്കണം

ജില്ലയിൽ കൂടുതൽ ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ രൂപീകരിച്ച്

യു.ഡി.ഐ.ഡി കാർഡിനുള്ള അപേക്ഷ തീർപ്പാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ ആവശ്യം. തിരുവനന്തപുരം ജില്ലയിൽ 12 ആശുപത്രികളിലും എറണാകുളത്ത് 11 ആശുപത്രികളും ഇതിനുള്ള സൗകര്യമുണ്ടെങ്കിൽ ജില്ലയിൽ ആറിടത്ത് ഒതുങ്ങി. സ്കൂൾ പ്രവേശനം,​ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ,​ ജോലി സംവരണം തുടങ്ങിയവയ്ക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.

പഞ്ചായത്ത്,​ നഗരസഭ അടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. ഇതിനുള്ള സഹായങ്ങളെല്ലാം ചെയ്തു നൽകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും തുടർനടപടിയില്ല. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നിരവധി പേർക്കാണ് ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടുന്നത്.

പി.സി. അബ്ദുറഹ്മാൻ,​ പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top