നീതിയുടെ പ്രകാശം ചൊരിഞ്ഞ മഹാഗുരു: മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ കാട്ടിക്കൊടുത്ത മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ നീതിയെപ്പറ്റിയുള്ള മഹാസങ്കല്പങ്ങളുടെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ ഗുരു ചൊരിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നു വർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയായതിന്റെ ശതാബ്‌ദി എത്തുകയാണ്. ഇത് സാർവദേശീയ തലത്തിൽ ഗുരുസന്ദേശ പ്രസരണ വർഷമായി ആചരിക്കാൻ കഴിയണം. ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ അന്ധകാരപൂർണമായ കാലഘട്ടത്തിൽ ആരെയും മാറ്റിനിറുത്താതെ കാണാൻ ഗുരുവിനു കഴിഞ്ഞു. പുതിയ കാലത്ത് ഉപയോഗിക്കുന്ന ഇൻക്ലൂസീവ് എന്ന വാക്കിലേക്ക് പുതിയ സമൂഹം വന്നത് ആ കാഴ്ചപ്പാടിൽ നിന്നാണ്.

ഒരാളെയും വിട്ടുപോകാതെ എല്ലാവരെയും ചേർത്തു പിടിക്കുന്നതാണ് അതിലൂടെ ലക്ഷ്യമാക്കുന്നത്. ഗുരുവിന്റെ സോദരത്വേന എന്ന സന്ദേശം മുൻപേതന്നെ വെളിച്ചം പരത്താൻ ഇവിടെ ഉണ്ടായതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തിൽ സാഹോദര്യം എന്ന വാക്ക് കടന്നുവന്നത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകി.

ഗുരുവിനെ മതസന്യാസിയാക്കി മാറ്റാൻ ശ്രമം: മുഖ്യമന്ത്രി

മാനവ സ്നേഹത്തിന്റെയും അപരൻ താൻ തന്നെയെന്ന കാഴ്ചപ്പാടിന്റെയും മഹാമന്ത്രങ്ങൾ നൽകിയ ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസി ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യമത വിദ്വേഷവും വർഗീയതയും വളർത്തുന്നവർ ഗുരുവിനെ തങ്ങളുടെ ആളാക്കി മാറ്റാനുള്ള ശ്രമം തിരിച്ചറിയണം.
ശ്രീനാരായണ ഗുരുവിന്റെ 171 -ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്യമതവിദ്വേഷം അലങ്കാരമാക്കുന്ന വർഗീയ ശക്തികളാൽ ഗുരു അപഹരിക്കപ്പെട്ടുകൂടാ. ഇത്തരം സന്ദർഭത്തിൽ ഗുരുവിന്റെ ആദർശം സംരക്ഷിക്കാൻ കൂടുതൽ ശ്രമം നടത്താൻ ശിവഗിരി മഠത്തിന് കഴിയണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള വിദ്യാഭ്യാസം ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും കഴിയുന്ന പുതിയ കാലത്തിൽനിന്നും പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഒരുകൂട്ടർ ശ്രമിക്കുന്നത്.

ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ ഈ സമൂഹത്തിന്റെയാകെ രീതികൾ മാറും. പഴയതിലേക്ക് തിരിച്ചുകൊണ്ടുപോകും. ഓണത്തിന് മഹാബലി അല്ല വാമനനെയാണ് ഓർക്കേണ്ടതെന്ന് ചിലർ പറഞ്ഞതിലൂടെ ഓണവും നഷ്ടപ്പെട്ടു പോകും എന്നത് തിരിച്ചറിയണം. ഈ ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങണം. ശ്രീനാരായണ ദർശനങ്ങളിൽ ഊന്നിനിന്ന് ഇവ സംരക്ഷിക്കാൻ ശിവഗിരി മഠത്തിന് കഴിയണം.

മതത്തിന്റെ എല്ലാ സാമ്പ്രദായിക അതിരുകളും കടന്നാണ് ഗുരു പ്രവർത്തിച്ചത്. അവിടെനിന്നും ഗുരുവിനെ അപഹരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഗുരുവിനെയും അംബേദ്കറെയും മാത്രമല്ല നവോത്ഥാന നായകരിൽ പലരെയും ഹൈജാക്ക് ചെയ്യാൻ വർഗീയശക്തികൾ ശ്രമിക്കുകയാണ്.

ഡിജിറ്റൽകാലത്ത് ജീവിതരീതിയിൽ വലിയ മാറ്റം വന്നു. ഈ മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യജീവിതത്തെ മാറ്റിയെടുക്കണം. ഇതിന്റെ സാദ്ധ്യതകൾ എല്ലാവിഭാഗം മനുഷ്യർക്കും അനുഭവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായാലേ ഗുരുദർശനംപോലെ എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യത്വം സാദ്ധ്യമാകൂ. ഈ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ മുറുകെപ്പിടിക്കുന്നത്. എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് ചെയ്യുന്നത്.

  • ഗുരുദർശനം ലോകത്തിന് വഴികാട്ടി: ഗവർണർ

ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴി കാട്ടിയാണ് ഗുരുദേവ ദർശനമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗുരുവിന്റെ സന്ദേശം ശാശ്വത സത്യമാണ്. ഗുരുദർശനം കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിരുകളിൽ ഒതുങ്ങുന്നതല്ലെന്നും, അത് സമസ്ത ലോകത്തിന്റേതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ സംഘടിപ്പിച്ച 171-മത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു ഗവർണർ.

കുരുക്ഷേത്ര യുദ്ധഭൂമിയിൽ ബന്ധുക്കളോട് യുദ്ധം ചെയ്യുന്നതിൽ ആശയക്കുഴപ്പത്തിലായ അർജുനനെ ശ്രീകൃഷ്ണൻ ധർമ്മത്തിന്റെ പാതയിലേക്ക് നയിച്ചത് പോലെ, ഗുരുദേവനും സമൂഹത്തിന്റെ ആശയക്കുഴപ്പം നീക്കി ധാർമിക സന്ദേശം നൽകി.’യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത’ എന്ന ദിവ്യാശ്വാസത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു ഗുരുദേവൻ. ധർമ്മം ആക്രമിക്കപ്പെടുമ്പോഴും സംസ്കാരം തകർക്കപ്പെടുമ്പോഴും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഘട്ടംവരും. അത്തരം ഘട്ടങ്ങളിൽ ഭഗവാൻ അവതരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ ഭഗവാന്റെ അവതാരമായാണ് ശ്രീനാരായണഗുരു വന്നിട്ടുള്ളത്.

ഗുരുവിന്റെ സന്ദേശങ്ങൾ ചടങ്ങുകളിലും വാക്കുകളിലും ഒതുക്കുകയല്ല, മറിച്ച് ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. തികഞ്ഞ സാമൂഹിക പരിഷ്കർത്താവായിരുന്നു ഗുരു. അനീതിയും അനാചാരങ്ങളും ചോദ്യം ചെയ്ത് സമത്വവും മാനവികതയും എല്ലാവർക്കും മാന്യതയും ഉറപ്പിച്ചതാണ് ഗുരുവിന്റെ മഹത്തായ സേവനം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ആരാധനയ്ക്കും ആത്മീയ ഉന്നമനത്തിനും അവകാശമുണ്ടെന്ന് ഗുരുദേവൻ ബോദ്ധ്യപ്പെടുത്തി. മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ധർമ്മം നമ്മെ ഒന്നിപ്പിക്കുന്നു. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്ന ഗുരുവിന്റെ സന്ദേശം സഹജീവനത്തിന്റെ ആധാരമാണ്.ഗുരുവിന്റെ കരുണ മനുഷ്യരിലൊതുങ്ങിയിരുന്നില്ല, മൃഗങ്ങളിലേക്കും വൃക്ഷങ്ങളിലേക്കും നദികളിലേക്കും പ്രകൃതിയുടെ മുഴുവൻ ലോകത്തിലേക്കും വ്യാപിച്ചിരുന്നു. സമഗ്രവും കരുണാഭരിതവുമായ സമൂഹം സൃഷ്ടിക്കാനുള്ള ദർശനം ഗുരുവിനുണ്ടായിരുന്നു. അത് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും ആത്മാവെന്നും ഗവർണർ പറഞ്ഞു..

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗവർണറുടെ പത്നി അനഘ ആർലേക്കർ, വി. ജോയ്എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ,ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top