ക്ലാറ്റ് 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാം

രാജ്യത്തെ 26ഓളം നിയമ സർവകലാശാലകളിലെ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് CLAT 2026ന് ഒക്ടോബർ 3വരെ അപേക്ഷിക്കാം. ബിരുദതലത്തിൽ ബി.ബി.എ/ബി.എസ്‌സി /ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകളുണ്ട്. കോഴ്‌സുകൾ ലാ സ്‌കൂളുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാമാണിത്. ഗാന്ധിനഗർ ലാ സ്‌കൂളിൽ ബി.എസ്.ഡബ്ല്യൂ എൽ.എ.ബി പ്രോഗ്രാമുണ്ട്. ഒരു വർഷത്തെ എൽ.എൽ.എം പ്രോഗ്രാം എല്ലാ സർവകലാശാലകളിലുമുണ്ട്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. www.consortiumofnlus.ac.in.

യോഗ്യത

45%മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. നിരവധി ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളുണ്ട്. അഞ്ചു വർഷ ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി, ബി.എസ്‌സി എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി മുതലായവ ഇതിലുൾപ്പെടുന്നു.

ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് ലാ, കോർപ്പറേറ്റ് ലാ, കൺസ്യൂമർ ലാ തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകളുമുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. നാഷണൽ ലാ യൂണിവേഴ്‌സിറ്റി ഭോപ്പാൽ, കൊച്ചി നുവാൽസ്, ബാംഗ്ലൂർ, NALSAR ഹൈദരാബാദ്, ജബൽപുർ, ജോധ്പുർ, കട്ടക്ക്, ഷിംല, സോനിപത്, തിരുച്ചിറപ്പള്ളി, റാഞ്ചി, നിർമ്മ യൂണിവേഴ്‌സിറ്റി അഹമ്മദാബാദ്, ഭുവനേശ്വർ, നർസീ മൊൻജീ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു എന്നിവയിലേക്കുള്ള പ്രവേശനം ക്ലാറ്റ് സ്‌കോർ വഴിയാണ്. നിയമ ബിരുദദാരികൾക്ക് ക്ലാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പരീക്ഷ

ഡിസംബർ ഏഴിനാണ് CLAT യു.ജി/പി.ജി പരീക്ഷ. ഓഫ്‌ലൈൻ മോഡിൽ രണ്ടു മണിക്കൂർ ദൈർഘ്യമുളള പരീക്ഷയാണ് യുജിയ്ക്ക്.

120 മൾട്ടിപ്പിൾ ചോയ്‌സ്, സബ്‌ജക്ടീവ് ചോദ്യങ്ങൾ 5ഭാഗങ്ങളിലായി പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ലീഗൽ റീസണിംഗ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നായി യഥാക്രമം 28- 32, 35- 39, 13- 17, 35- 39, 28- 32 ചോദ്യങ്ങളുണ്ടാകും.പി.ജി പ്രോഗ്രാമിന് constitutional law, jurisprudence, other law, criminal, international law, IPR എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. 4000 രൂപയാണ് പൊതു- ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 3500 രൂപ.

  • മെഡിക്കൽ പ്രവേശനം: വെട്ടിലായി വിദ്യാർത്ഥികൾ അലോട്ട്മെന്റ് പട്ടികയിൽ ഒളിച്ചുകളി പിൻവലിച്ച പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു

കൊച്ചി: എം.ബി.ബി.എസ്‌ ഓൾ ഇന്ത്യ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പിൻവലിച്ചത് വിദ്യാർത്ഥികളെ വെട്ടിലാക്കി. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ഒരു മാറ്റവും കൂടാതെ മണിക്കൂറുകൾക്കം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു.

ഒരു സർക്കാർ മെഡിക്കൽ കോളേജ് അനുവദിച്ചതിന്റെ ഇരട്ടി സീറ്റുകളിലേക്ക് പ്രവേശനം ക്ഷണിച്ചുവെന്ന് കണ്ടാണ് ആദ്യം പട്ടിക പിൻവലിച്ചതെന്നാണ് അധികൃതർ പറയുന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇന്നലെ പതിനൊന്ന് മണിക്ക് പിൻവലിച്ചു. വിവാദമായതോടെ വൈകിട്ട് പട്ടികയിൽ ഒരു മാറ്റവുമില്ലെന്ന് അറിയിച്ച് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.

രണ്ടാംഘട്ട ആലോട്ട്മെന്റിൽ ഉൾപ്പെട്ടവർ 25ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടേണ്ടതുണ്ട്. അതനുസരിച്ച് ആദ്യം പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിൽ പ്രവേശനം കിട്ടിയവർ അവിടേക്ക് യാത്ര തിരിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്തവരുമുണ്ട്. പിന്നാലെയാണ് പട്ടിക പിൻവലിച്ചതും പ്രതിഷേധമുയർന്നതും.

പ്രവേശന നടപടി

ഇഴയുന്നു

കഴിഞ്ഞ വർഷം മുതൽ എം.ബി.ബി.എസ്‌ കൗൺസലിംഗ് നടപടികളും പ്രവേശനവും ഇഴഞ്ഞാണ് നീങ്ങുന്നത്. ആദ്യം പ്രഖ്യാപിച്ചതിൽ നിന്ന് ഓരോ ഘട്ടത്തിലും തീയതി പലപ്രാവശ്യം നീട്ടിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ സമ്മർദ്ദത്തിലാണ്. ഈ മാസം 22ന് ക്ലാസുകൾ തുടങ്ങാനാണ് നിർദ്ദേശം. എന്നാൽ, പ്രവേശന നടപടികൾ എങ്ങുമെത്താതെ ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. അഡ്മിഷൻ നടപടി പൂർത്തിയാക്കുംമുമ്പ് ക്ലാസ് തുടങ്ങുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യഘട്ട ക്ലാസ് നഷ്ടമാകാൻ കാരണമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top