വോട്ടർ പട്ടിക പരിഷ്കരണം: രണ്ട് മുന്നണികൾക്കും എതിർപ്പ്; മുന്നോട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

29ന് നിയമസഭയിൽ പ്രമേയം

തിരുവനന്തപുരം:ബീഹാറിൽ വിവാദമായ വോട്ടർപട്ടിക പരിഷ്ക്കരണം സംസ്ഥാനത്ത് ഇപ്പോൾ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി.ഒഴികെയുളള പാർട്ടികൾ. നിയമസഭയിൽ 29ന് ഇതിനെതിരെ പ്രമേയം കൊണ്ടുവരുമെന്നും നേതാക്കൾ ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ അറിയിച്ചു. എതിർപ്പുകൾ കേന്ദ്ര ഇലക്ഷൻ കമ്മിഷനെ അറിയിക്കുമെന്നും, സംസ്ഥാനത്തെ ഷെഡ്യൂൾ കിട്ടിയാൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഡോ.രത്തൻ ഖേൽക്കർ വ്യക്തമാക്കി..

സംസ്ഥാനത്ത് ബിഹാർ മാതൃക നടപ്പാക്കാനാകില്ലെന്ന് സി.പി.എം പ്രതിനിധി എം.വി ജയരാജൻ വ്യക്തമാക്കി. 2024ലെ ലോകസഭാതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ പോലും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. 2002ലെ വോട്ടർ പട്ടികയ്ക്ക് പകരം 2024ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 12 അടിസ്ഥാന രേഖകളിൽ റേഷൻ കാർഡ് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുന്നതിന് മുമ്പ് അഞ്ച് ജില്ലകളിൽ ജില്ലാ കലക്ടർമാർ യോഗം നടത്തിയതിലും ,പരിഷ്കരണം.സംബന്ധിച്ച പരാതികളിൽ സുപ്രീംകോടതി തീരുമാനം വരുന്നതിന് മുമ്പ് കേരളത്തിൽ അതിന് ഒരുങ്ങുന്നതിലും ദുരൂഹതയുണ്ടെന്ന് വിമർശനമുയർന്നു. ഇരട്ട വോട്ട് ചേർത്തെന്ന ആരോപണത്തിന് പരിഹാരം

പരിഷ്ണകരണമാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ മറുപടി. അതേസമയം,പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. വോട്ടർ പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കുന്നില്ലെന്നും യോഗ്യതയില്ലാത്തവർ പട്ടികയിൽ വരാൻ പാടില്ലെന്നും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്: പാർട്ടി ചിഹ്നങ്ങൾ അനുവദിച്ചു

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി ആറ് ദേശീയ പാർട്ടികൾക്കും ആറ് സംസ്ഥാന പാർട്ടികൾക്കും 28 പ്രാദേശിക പാർട്ടികൾക്കും ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കരട് വിജ്ഞാപനമിറക്കി.രണ്ടാഴ്ചക്കുളളിൽ പരാതികളുള്ളവർക്ക് അറിയിക്കാം.ചിഹ്നങ്ങൾ www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം.

ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറയ്ക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.

ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന),ഭാരതീയ ജനതാപാർട്ടി (താമര),സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), കോൺഗ്രസ് (കൈ),നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ സംസ്ഥാന പാർട്ടികളായ സി.പി.ഐ(ധാന്യക്കതിരും അരിവാളും),ജനതാദൾ-എസ് (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ),മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് (ഓട്ടോറിക്ഷ), ആർ.എസ്.പി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു.മൂന്നാം പട്ടികയിൽ,മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top