പമ്പ: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് തിരിച്ചുനൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം ശക്തമായി നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും നോക്കാനില്ലാതെ നാശോൻമുഖമായപ്പോഴാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും ദേവസ്വം ബോർഡുകൾ രൂപീകരിച്ചതെന്നും ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികളുടെ കൈകളിലായിരുന്നു പണ്ട് ക്ഷേത്രങ്ങൾ. നശിക്കുന്ന നില വന്നപ്പോൾ സർക്കാർ ഇടപെടണമെന്ന് സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നു.അതോടെയാണ് ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ഉറപ്പായി.
വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവർ പഴയകാല ദുരിതാവസ്ഥയിലേക്ക് ക്ഷേത്രങ്ങൾ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നതെന്ന് വിശ്വാസികൾ തിരിച്ചു ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നെന്ന വ്യാജപ്രചാരണം ചിലർ നടത്തുന്നുണ്ട്. സർക്കാർ ഒരു പൈസപോലും എടുക്കുന്നില്ല. ദേവസ്വം ബോർഡിന് അങ്ങോട്ടു പണം നൽകുന്നുണ്ട്. അതുകൊണ്ടാണ് തുച്ഛവരുമാനമുള്ള ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നതും ജീവനക്കാർ പട്ടിണിയിലാകാത്തതും.
2019ലെ കൊവിഡ് സാഹചര്യത്തിൽ 140 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ ബോർഡിനു നൽകിയത്. മരാമത്ത് പണികൾക്കായി 123 കോടി രൂപയും ലഭ്യമാക്കി.
ദേവസ്വം മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, സംസ്ഥാന മന്ത്രിമാരായ വീണാജോർജ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എം.എൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്. എസ് പ്രതിനിധി എം. സംഗീത് കുമാർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മുതിർന്ന തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരര്, മകൻ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , വിശ്വകർമ്മ സഭ പ്രതിനിധി കെ.എസ് മോഹനൻ, ദളിത് ഫെഡറേഷൻ പ്രതിനിധി ടി.രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ശബരിമല വികസനത്തിന് സർക്കാർ ചെലവിട്ടത് 148.5 കോടി
പമ്പ : ശബരിമല മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ആരംഭിച്ച 2012 മുതൽ ഇതുവരെ 148.5 കോടിയോളം രൂപ സർക്കാർ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020ൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകൾക്ക് സർക്കാർ അംഗീകാരം നൽകി.
2016- 17 മുതൽ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്.
ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി രൂപയും ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് 22 കോടി രൂപയും ഇടത്താവളം പദ്ധതികൾക്കായി 116 കോടി രൂപയും അനുവദിച്ചു. ശബരിമല ഉത്സവം നടത്തിപ്പിനുവേണ്ടി കഴിഞ്ഞ നാല് വർഷങ്ങളിലായി 10 കോടിയിലധികം രൂപയാണ് അനുവദിച്ചത്.
2019 – 20 സാമ്പത്തിക വർഷത്തിൽ, ഏകദേശം 100 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കായി പ്രത്യേകമായി വകയിരുത്തിയിരുന്നു. 2016 – 17 മുതൽ 2019 – 20 വരെ എല്ലാ ദേവസ്വം ബോർഡുകൾക്കുമായി 351 കോടി രൂപ വിതരണം ചെയ്തു. ഇക്കഴിഞ്ഞ നാലര വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സർക്കാർ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സർക്കാർ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നതെന്ന് പിണറായി പറഞ്ഞു.
2016- 17 മുതൽ 2025 വരെ ദേവസ്വം ബോർഡുകൾക്കും
അനുബന്ധ സ്ഥാപനങ്ങൾക്കും സർക്കാർ അനുവദിച്ച തുക
തിരുവിതാംകൂർ ദേവസ്വം ബോർഡിന് : 145 കോടി
കൊച്ചിൻ ദേവസ്വം ബോർഡിന് : 26 കോടി
മലബാർ ദേവസ്വം ബോർഡിന് : 305 കോടി
കൂടൽമാണിക്യം ദേവസ്വത്തിന് : 4 കോടി
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് : 21 കോടി
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് : 3.5 കോടി
ഹിന്ദുധർമ്മ സ്ഥാപന ഭരണ വകുപ്പിന് : 28 കോടി
