വാഷിംഗ്ടൺ: ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെയടക്കം കടുത്ത ഉത്കണ്ഠയിലാക്കി, എച്ച്- 1 ബി വർക്കർ വിസയ്ക്ക് ഒരുലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ) വാർഷിക ഫീസ് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് നിയമം പ്രാബല്യത്തിൽ വരും.
എച്ച്- 1 ബി വിസയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സർക്കാരിന് നൽകേണ്ടത്. 5000- 6000 ഡോളർ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുയർത്തിയത്. മൈക്രോസോഫ്റ്റ്, ജെ.പി മോർഗൻ, ആമസോൺ തുടങ്ങിയ കമ്പനികൾ എച്ച്- 1 ബി വിസക്കാർ യു.എസിൽ തുടരാൻ നിർദ്ദേശിച്ചു. യു.എസിന് പുറത്താണെങ്കിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തണം.
അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. ചെറുകിട ടെക് സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ഫീസുയർത്തൽ സാരമായി ബാധിക്കും.
വേതനം താഴ്ത്താൻ ചില തൊഴിലുടമകൾ പദ്ധതിയെ ദുരുപയോഗിച്ചെന്നും അമേരിക്കൻ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കുന്നെന്നും ട്രംപ് ആരോപിച്ചു. എച്ച്- 1 ബി വിസകളിലൂടെ അമേരിക്കക്കാരുടെ തൊഴിലവസരം ഇന്ത്യക്കാരും ചൈനക്കാരും തട്ടിയെടുക്കുന്നെന്നാണ് ട്രംപ് അനുകൂലികൾ ആവർത്തിക്കുന്നത്.
ആമസോൺ, ആമസോൺ വെബ് സർവീസ് എന്നിവ ഇക്കൊല്ലം 12,000വും മൈക്രോസോഫ്റ്റ്, മെറ്റ എന്നിവ 5,000 വിസകൾക്കും അംഗീകാരം നൽകിയിരുന്നു.
71% വിസ നേടുന്നത് ഇന്ത്യക്കാർ
1. എച്ച്-1 ബി വിസ നേടുന്നവരിൽ 71% ഇന്ത്യക്കാർ. രണ്ടാം സ്ഥാനം ചൈന, 11.7 %
2. രണ്ട് കാറ്റഗറികളിലായി പ്രതിവർഷം അനുവദിക്കുന്ന വിസകൾ 85,000
3. താത്കാലിക വിസയ്ക്ക് 3 വർഷം കാലാവധി. 3 വർഷത്തേക്ക് കൂടി പുതുക്കാം
ട്രംപിന്റെ ലക്ഷ്യം
1. രാജ്യത്ത് അമേരിക്കൻ തൊഴിലാളികളുടെ നിയമനത്തിന് മുൻഗണന നൽകുക
2. കുടിയേറ്റ നിയന്ത്രണം. ഉന്നത യോഗ്യതയുള്ള വിദേശ തൊഴിലാളികൾ മാത്രം മതി
ഒട്ടേറെ പ്രൊഫഷണലുകളെ ബാധിച്ചേക്കും. ഇക്കാര്യം പഠിക്കുകയാണ്. യു.എസ് അധികൃതർ ഉചിതമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
– രൺധീർ ജയ്സ്വാൾ,
വിദേശകാര്യ വക്താവ്
യു.എസ് കമ്പനികൾ സ്വന്തം ജനതയെ പരിശീലിപ്പിക്കുക. ഇവിടത്തെ ജോലികൾ ചെയ്യാൻ പുറത്തുനിന്ന് ആളെക്കൊണ്ടുവരുന്നത് അവസാനിക്കണം
– ഹൊവാർഡ് ലുട്നിക്,
യു.എസ് കൊമേഴ്സ് സെക്രട്ടറി
- എച്ച് 1 ബി പരിഷ്കാരം: ഇന്ത്യൻ ഉദ്യോഗാർഥികളെ ബാധിക്കും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷൻ നിർദ്ദേശങ്ങൾ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെയും, അമേരിക്കയിൽ അടുത്ത കാലത്തായി തൊഴിലിൽ പ്രവേശിച്ചവരെയും പ്രതികൂലമായി ബാധിക്കും.
H1B വിസയിൽ തൊഴിലിനെത്തുന്നവരെയാണ് പുതിയ വിസ പരിഷ്കാരങ്ങൾ ബാധിക്കാൻ പോകുന്നത്. വാർഷിക H1B വിസ പുതുക്കൽ ഫീസ് 215 ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായി ഉയർത്തിയിട്ടുണ്ട്. ഇത് ഉദ്യോഗാർഥി തൊഴിൽ ചെയ്യുന്ന കമ്പനി അടയ്ക്കണം. പ്രതിവർഷം 90000 ത്തോളം H1B വിസയാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിൽ 75 ശതമാനത്തോളം ഇന്ത്യക്കാരാണ്. പുതിയ പരിഷ്കാരങ്ങൾ ഇന്ത്യയിലെയും, ചൈനയിലെയും ഉദ്യോഗാർഥികളെ ബാധിക്കും.
ഇനി മുതൽ H1B വിസക്ക് ബിരുദവും, സ്കില്ലും നിർബന്ധമാണ്. ഉയർന്ന സ്കില്ലുള്ളവരെ ലഭിക്കാനും, തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനും ഉപകരിക്കുമെന്ന് ട്രമ്പ് കരുതുന്നു. 10 ലക്ഷം ഡോളറടച്ചുള്ള ഗോൾഡ് കാർഡ് വിസയും അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഐ ടി കമ്പനികൾ സ്പോൺസർ ചെയ്യുന്ന ഉദ്യോഗാർഥികളാണ് അമേരിക്കയിലേറെയുള്ളത്. വിസ പുതിയ നിരക്കിൽ പുതുക്കാൻ കമ്പനികൾ വിസമ്മതിച്ചാൽ അവർക്ക് ഇന്ത്യൻ കമ്പനികളിലേക്ക് തിരിച്ചു വരേണ്ടി വരും. ഇൻഫോസിസ്, ടി സി എസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ ഇതിനെതിരായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യൻ
ഐ ടി കമ്പനി വഴി അമേരിക്കയിൽ തൊഴിൽ നേടാമെന്ന ഉദ്യോഗാർഥികളുടെ സ്വപ്നമാണ് ഇതിലൂടെ പൊലിയുന്നത്. മികച്ച സ്കിൽ സ്വായത്തമാക്കാനാണ് ഉദ്യോഗാർഥികൾ ഇനി ശ്രമിക്കേണ്ടത്.
അമേരിക്കയിൽ തൊഴിൽ ചെയ്യുന്ന ടെക്കികളിൽ മൂന്നു ലക്ഷത്തോളം മലയാളികളുണ്ട്. ഇവരിൽ 75 ശതമാനവും ഇന്ത്യൻ കമ്പനികൾ വഴി സ്പോൺസർ ചെയ്തവരാണ്. അവരുടെ സുസ്ഥിര തൊഴിലിനെ വിസ പരിഷ്കാരങ്ങൾ ബാധിക്കും. ഇതിനാനുപാതികമായി ക്യാമ്പസ് റിക്രൂട്ട്മെന്റിലും കുറവുണ്ടാകും. പ്ലേസ്മെന്റ് ഓഫർ ലഭിച്ചവർക്ക് തൊഴിൽ ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും.
