തിരുവനന്തപുരം:രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്നും അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ ഇതാണ് വ്യക്തമാക്കുന്നത്. സർക്കാർ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേർ പോലുമെത്തിയില്ല. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതമെന്ന് ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാവരുതെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകം ബോദ്ധ്യപ്പെട്ടതിനാലാണ് അയ്യപ്പ ഭക്തർ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും. സംഗമം ആഗോള വിജയമെന്നു പറഞ്ഞതിലൂടെ എം.വി .ഗോവിന്ദൻ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെപ്പോലെ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നതിന് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാക്കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്? ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. അയ്യപ്പ സംഗമത്തിൽ തത്വമസിയെയും ഭഗവദ് ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയൻ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല- സതീശൻ പറഞ്ഞു.
- അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: അയ്യപ്പസംഗമം ലോകം പ്രശംസിക്കുന്ന തരത്തിലുള്ള വിജയമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഗമത്തിൽ പങ്കാളിത്തം കുറവെന്നത് മാദ്ധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
4600 ഓളം പേർ പങ്കെടുത്താൽ പോരേ. കളവ് പ്രചരിപ്പിക്കുന്നതിനും ഒരു അടിസ്ഥാനം വേണം. ശുദ്ധ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാണവും മാനവുമില്ലാതെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കസേരകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ എന്ന ചോദ്യത്തിന് , ‘വേണമെങ്കിൽ എ.ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ’ എന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം. എല്ലാ സെഷനിലും ആളുകൾ വേണമെന്നാണോ കരുതുന്നത്. 3000 പേരെ പങ്കെടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ച സ്ഥാനത്താണ് നാലായിരത്തിലേറെപ്പേർ പങ്കെടുത്തത്. ഇത് ചുരുക്കണമെങ്കിൽ നിങ്ങൾ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാൻ വേണ്ടി നിങ്ങൾ എന്തെല്ലാമാണോ ഉപയോഗിക്കുന്നത് അതെല്ലാം ഉപയോഗിച്ചു കൊള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പ സംഗമം ആഗ്രഹിച്ചതിലും
കൂടുതൽ വിജയം : മന്ത്രി വാസവൻ
കോട്ടയം : വിശ്വമാനവികതയുടെ മഹാസംഗമമായി അയ്യപ്പസംഗമം മാറിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആഗ്രഹിച്ചതിലും കൂടുതൽ വിജയമായിരുന്നു. വലിയ പന്തൽ ഒരുക്കിയതിനാലാണ് പങ്കെടുത്ത 4126 പേരെ ഉൾക്കൊള്ളാൻ കഴിഞ്ഞത്. ഉദ്ഘാടന സമ്മേളനത്തിൽ ഇരിപ്പിടം കിട്ടാതെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, സമ്മേളനം ആരംഭിക്കുന്നതിന് മുൻപുള്ള ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് ഒരു വിഭാഗം ആളില്ലെന്ന തരത്തിൽ തെറ്റായ പ്രചരണം നടത്തി. മറ്റ് ദേവസ്വം ബോർഡുകളിൽ നിന്നുള്ള ആളുകളും എത്തിയിരുന്നു. ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കി. ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടി. നിർദ്ദേശങ്ങൾ പരിശോധിക്കാനും തുടർപ്രവർത്തനങ്ങൾക്കുമായി 18 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് സംഗമത്തെ വിമർശിക്കുന്നത്. ബദൽ സംഗമത്തിൽ നിന്ന് നല്ല നിർദ്ദേശങ്ങൾ ഉയർന്നുവന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ അവസരവാദം: രാജീവ് ചന്ദ്രശേഖർ
വർക്കല: സി.പി.എം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ വിശ്വാസികളാരും പങ്കെടുത്തിട്ടില്ലെന്നും രാഷ്ട്രീയ അവസരവാദമായി മാത്രമാണ് സംഗമത്തെ കാണുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശിവഗിരി സന്ദർശനത്തിനിടയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിയുടെയോ ജൂതന്മാരുടെയോ വിശ്വാസപ്രോഗ്രാം നടത്താൻ നമ്മൾ ഹമാസിനെ ഏൽപ്പിക്കില്ല. അതുപോലെ സി.പി.എം നടത്തുമ്പോൾ വിശ്വാസികൾ അത് വിശ്വസിക്കില്ല. ഇത് ബി.ജെ.പി മനസിലാക്കിയ വസ്തുതയാണ്. സ്റ്റാലിനെ എന്ത്കൊണ്ട് വിളിക്കുന്നു എന്ന ചോദ്യം ആദ്യം മുതൽ തന്നെ ഉയർത്തിയിരുന്നു. സംഗമത്തിന് എതിര് പറയാൻ ആഗ്രഹിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമം ആര് സംഘടിപ്പിച്ചാലും നന്നായി നടക്കണമെന്ന നിലപാടാണുള്ളത്. ദ്രോഹിച്ച സർക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി ആശംസ അറിയിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും അത് ട്വിസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷും
പ്രാദേശിക ബി.ജെ.പി നേതാക്കളും ശിവഗിരി സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
