തിരുവനന്തപുരം: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വാശ്രയ മാനേജ്മെന്റുകൾക്ക് പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കാൻ സംസ്ഥാന കൗൺസിലിന്റെ വഴിവിട്ട നീക്കം. ആവശ്യത്തിന് സൗകര്യമൊരുക്കാത്ത ചിറയിൻകീഴിലെ പുതിയ കോളേജിനും ചട്ടം ലംഘിച്ച് തിരുവനന്തപുരത്തു തന്നെ മറ്റൊരു കോളേജിനും അനുമതി നൽകാനാണ് ശ്രമം.
മതിയായ പഠന സൗകര്യങ്ങളില്ലാത്ത കോളേജുകൾക്ക് അനുമതി നൽകരുതെന്ന കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്ന് നിരന്തരം തുടർപരിശോധന നടത്തി ചിറയിൻകീഴിലെ കോളേജിന് അനുമതി നൽകാനാണ് കേരള നഴ്സിംഗ് കൗൺസിലിന്റെ നീക്കം. അനുമതിക്കായി ഒരു വർഷം രണ്ടുപരിശോധന മാത്രമേ നടത്താവൂ എന്ന മാനദണ്ഡം ലംഘിച്ച് നാലാമതും പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എങ്ങനെയും അനുമതി നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം.
40 സീറ്റിനാണ് കോളേജ് അപേക്ഷിച്ചത്. ഇതിൽ ഒരു വിദ്യാർത്ഥിക്ക് മൂന്ന് കിടപ്പുരോഗികൾ വീതവും ആകെ കിടക്കകളുടെ 75%ത്തിലും പരിശോധന നടക്കുന്ന ദിവസം രോഗികളുണ്ടാകണം എന്നാണ് വ്യവസ്ഥ. മൂന്നുതവണ പരിശോധന നടത്തിയപ്പോഴും ഇത് പാലിക്കാനായില്ല. നാലാമത്തെ പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് വിവരം.
തമിഴ്നാട് അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു നഴ്സിംഗ് കോളേജിന് തിരുവനന്തപുരം നഗരത്തിൽ ഒരു കോളേജ് കൂടി അനുവദിക്കാനാണ് മറ്റൊരു നീക്കം.
ഒരു ജില്ലയിൽ ഒരു മാനേജ്മെന്റിന് കീഴിൽ ഒന്നിലധികം നഴ്സിംഗ് കോളേജുകൾ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണിത്. ഇവിടെയും പലവട്ടം പരിശോധിച്ചിട്ടും അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.
സീറ്റുകളും വാരിക്കോരി
പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള നഴ്സിംഗ് കോളേജുകളെ ഒഴിവാക്കി പ്രവർത്തനപരിചയം കുറവായ കോളേജുകൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കുന്നുവെന്നും ആക്ഷേപം. തൊടുപുഴയിലെ ഒരു കോളേജിന് ഇത്തരത്തിൽ 50ൽ നിന്ന് 100 സീറ്റാക്കി വർദ്ധിപ്പിച്ചത് ഇക്കൊല്ലമാണ്.
861 റാങ്ക് വരെ സർക്കാർ എം.ബി.ബി.എസ് സീറ്റ്
കേരളത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ നീറ്റ് -യു.ജി റാങ്കനുസരിച്ചുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പൂർത്തിയായപ്പോൾ സ്റ്റേറ്റ് മെറിറ്റിൽ 861റാങ്ക് വരെ എം.ബി.ബി.എസ്സിനും, 3648 വരെ ബി.ഡി.എസ്സിനും അഡ്മിഷൻ ലഭിച്ചു. പുതുതായി അനുവദിച്ച കാസർകോട്, വയനാട് ഉൾപ്പെടെ 14 സർക്കാർ, 20 സ്വാശ്രയ മെഡി. കോളേജുകളിലും, 6സർക്കാർ ഡെന്റൽ കോളേജുകളിലും, 19സ്വാശ്രയ ഡെന്റൽ കോളേജുകളിലുമാണ് പ്രവേശനം നടന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും.
കോഫി ടേസ്റ്ററാകാൻ
കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പി.ജി ഡിപ്ലോമയ്ക്കു www. coffeeboard.gov.in വഴി അപേക്ഷിക്കാം. ഒരുവർഷത്തെ പ്രോഗ്രാമാണിത്. ചിക്കമംഗളൂർ,ബംഗളൂരു എന്നിവിടങ്ങളിലായാണ് കോഴ്സ്.ജീവ ശാസ്ത്ര,കാർഷിക,ബയോടെക്,ഫുഡ് ടെക്നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മികവ്,പേർസണൽ ഇന്റർവ്യൂ,സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
എറാസ്മസ് മാസ്റ്റേഴ്സ് പബ്ലിക് പോളിസി
ഏറാസ്മസ് സ്കോളർഷിപ്പോടുകൂടിയുള്ള 2026 -28 വർഷത്തെ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം,ഗവേഷണം എന്നിവ നടത്താനുള്ള അവസരമാണിത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണ്ണമായും ലഭിക്കും. 78രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി,സ്പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്സിലെ റൊട്ടേർഡാം യൂണിവേഴ്സിറ്റി,യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് യോർക്ക് എന്നിവ പ്രോഗ്രാമിൽ പങ്കാളികളാണ്. www.eramus.plus.ec.europa.eu
