കൊച്ചി: 2026 അദ്ധ്യയന വർഷ ഗ്രാജ്വേറ്റ് സ്കൂൾ പ്രവേശനത്തിന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR ) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലെ ഉന്നത പഠനത്തിന് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് TIFR. കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. 2026 ആഗസ്റ്റ് ഒന്നിന് പ്രോഗ്രാമുകൾ ആരംഭിക്കും. ഡിസംബർ 14ന് രണ്ടു സെഷനുകളായി നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ (GS 2026) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ് 1000 രൂപ.
മുംബയ് മെയിൻ കാമ്പസിനു പുറമേ പുറമേ ബംഗളൂരു, ഹൈദരാബാദ്, പുനെ സെന്ററുകളിലാണ് പ്രവേശനം.
വെബ്സൈറ്റ്: www.tifr.res.in/academics
പ്രോഗ്രാമുകൾ
……………………………
* പി.എച്ച്ഡി- ഇന്റഗ്രേറ്റഡ് പി.എച്ച്ഡി:- (കെമിസ്ട്രി:- ബയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ & ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് & ലേണിംഗ് വിഷയങ്ങളിൽ).
* പി എച്ച്.ഡി (സയൻസ് എഡ്യുക്കേഷൻ)
* എം.എസ്‌സി (വൈൽഡ്ലൈഫ് ബയോളജി & കൺസർവേഷൻ)
യോഗ്യത
……………….
ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ ബിരുദ/ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വിഷയങ്ങൾക്കനുസരിച്ച് യോഗ്യതയിൽ മാറ്റമുണ്ട്. GATE, NET, JRF, JEST എന്നീ ദേശീയ പരീക്ഷകളിലൊന്നിലെ സ്കോറും വിഷയങ്ങൾക്കനുസരിച്ച് പരിഗണിക്കും. 75% മാർക്കോടെ 4 വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് പി എച്ച്.ഡിപ്രവേശനത്തിന് നേരിട്ട് അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
സ്റ്റൈപെൻഡ്
………………………..
പിഎച്ച്.ഡി: 42000 രൂപ പ്രതിമാസം. ഇന്റഗ്രേറ്റഡ് പി എച്ച്.ഡി: ഒന്നാം വർഷം 25000 രൂപ, രണ്ടാം വർഷം 37500 രൂപ. പി എച്ച്.ഡി രജിസ്ട്രേഷനു ശേഷം 42000 രൂപ.
- ചാവക്കാട്ട് കുഫോസിന്റെ ആറ് തൊഴിലധിഷ്ഠിത കോഴ്സുകൾ
കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവർത്തനം പൂർണതോതിലാകുന്നതൊടെ നൂറുകണക്കിന് പേർക്ക് തൊഴിൽ സാദ്ധ്യത തെളിയും. ഇതുൾപ്പെടെ മുന്നിൽക്കണ്ട് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) ചാവക്കാട്ട് നോളജ് സെന്റർ തുടങ്ങുന്നു.
വെയർഹൗസ് – കാർഗോ, ലോജിസ്റ്റിക്‌സ്, ഡ്രഡ്ജിംഗ്, ട്രാൻസ്‌പോർട്ടേഷൻ, ഔട്ട്‌ബോർഡ് എൻജിൻ ടെക്‌നീഷ്യൻ, ലൈഫ് ഗാർഡ്, അക്വേറിയം മെയിന്റനൻസ് തുടങ്ങിയവയിൽ ആറ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങും. മൂന്നു മുതൽ ആറ് മാസം വരെയുള്ള കോഴ്സുകളാണ്. ഇതിന് ചാവക്കാട് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സൗകര്യമൊരുക്കി.
ക്ലാസുകൾ അടുത്തമാസം തുടങ്ങും. പ്രതിവർഷം 300 പേർക്കാണ് പരിശീലനം. എൻ.കെ. അക്ബറിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സഹായംതേടും.
കേരളത്തിൽ ബിരുദധാരികൾ ഏറെയുണ്ടെങ്കിലും സർക്കാർ സർവേപ്രകാരം 30 വയസിൽ താഴെ 29.9 ശതമാനം തൊഴിൽരഹിതരാണ്. പുതിയ തൊഴിലവസരങ്ങൾക്ക് യോജിച്ച വിദ്യാഭ്യാസത്തിന്റെ കുറവാണ് കാരണം. ഇതു നികത്തുകയാണ് ലക്ഷ്യമെന്ന് കുഫോസ് വിജ്ഞാനവിഭാഗം മേധാവി പ്രൊഫ. ഡോ. എം.കെ. സജീവൻ പറഞ്ഞു.
കോഴ്‌സുകൾ, യോഗ്യത, കാലാവധി
അക്വേറിയം സെറ്റിംഗ് ആൻഡ് മെയിന്റനൻസ്: പ്ലസ്ടു സയൻസ്, 6മാസം
ഫിഷ് പ്രോസസിംഗ് ആൻഡ് വാല്യുആഡഡ് പ്രോഡക്ട്‌സ്: പ്ലസ്ടു സയൻസ്, 6മാസം
മെയിന്റനൻസ് ഒഫ് മറൈൻ എൻജിൻസ്: പത്താംക്ലാസ്, 6 മാസം
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, പ്ലസ്ടു സയൻസ്: 6മാസം
മൂറിംഗ് ക്രൂ ലാസ്‌കർ: പത്താംക്ലാസ്: 6മാസം
സീ റെസ്‌ക്യു, ഓപ്പൺ വാട്ടർ ആൻഡ് ബീച്ച് ലൈഫ്ഗാർഡ്: പത്താംക്ലാസ്, 3 മാസം
മറ്റ് ഫിഷറീസ് ടെക്. ഹൈസ്‌കൂളുകളിലും നോളജ് സെന്റർ തുടങ്ങും
ഡോ. എ. ബിജുകുമാർ,
വൈസ് ചാൻസലർ, കുഫോസ്
