നീറ്റ് പി.ജി 2025 അനുസരിച്ച് എം.ഡി,എം.എസ്,ഡി.എൻ.ബി മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള കൗൺസിലിംഗ് പ്രക്രിയ ഇനിയും തുടങ്ങാത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ആഗസ്റ്റ് 19നാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രണ്ടു മാസമാകാറായിട്ടും കൗൺസിലിംഗ് നടപടികൾ തുടങ്ങാൻ എം.സി.സിയ്ക്ക് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കൃത്യവിലോപം നടത്തിയ 22 വിദ്യാർത്ഥികളുടെ ഫലം NBEMS റദ്ദാക്കി. 13പേരുടെ ഫലം കർണ്ണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. തെലങ്കാന,കർണ്ണാടക, ആന്ധ്രാപ്രദേശ്,പഞ്ചാബ്,തമിഴ്നാട്,കേരള,ഗുജറാത്ത് സംസ്ഥാനങ്ങളിൽ പി.ജി കൗൺസിലിംഗ് പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും ഓൾ ഇന്ത്യ ക്വാട്ട പ്രവേശനം തുടങ്ങാത്തത് സംസ്ഥാന കൗൺസിലിംഗ് പ്രകിയകളേയും ബാധിച്ചിട്ടുണ്ട്.
എം.സി.സിയുടെ സർക്കാർ,ഡീംഡ് മെഡിക്കൽ കോളേജുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ട കൗൺസിലിംഗിലെ കാലതാമസം 2025ലെ പ്രവേശന നടപടികളിൽ കാലതാമസം വരാൻ വഴിയൊരുക്കും. രാജ്യത്തെ സർക്കാർ,സ്വാശ്രയ,ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്ലിസ്റ്റിൽ നിന്നാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷയെഴുതിയത്.
മികവോടെ കുസാറ്റ്; രാജ്യത്തിനു മാതൃക
കൊച്ചി: കേരളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന സർവകലാശാലയായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). 140ലേറെ അക്കാഡമിക് പ്രോഗ്രാമുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കുസാറ്റ് സമീപകാലത്ത് ദേശീയ – സംസ്ഥാന തലങ്ങളിൽ ഉജ്ജ്വല നേട്ടവും ഉണ്ടാക്കി. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ കുസാറ്റ് ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 32-ാം സ്ഥാനത്തേക്കും ഉയർന്നത് അടുത്തകാലത്താണ്.
വിദേശ വിദ്യാർത്ഥികളുടെ വരവ്
അമേരിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക, നൈജീരിയ, അയർലൻഡ്, നേപ്പാൾ തുടങ്ങി 30ലേറെ രാജ്യങ്ങളിൽ നിന്നായി 57 വിദ്യാർത്ഥികൾ വിവിധ കോഴ്സുകളിലും ഗവേഷണത്തിനുമായി കുസാറ്റിലുണ്ട്. അടിക്കടി പരിഷ്കരിക്കപ്പെടുന്ന അക്കാഡമിക് സംവിധാനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളുമാണ് വിദേശ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നത്.
പുത്തൻ കോഴ്സുകൾ
ഓരോ അക്കാഡമിക് ഇയറിലും പുത്തൻ കോഴ്സുകളും നിലവിലുള്ള ബ്രാഞ്ചുകളോ സജ്ജമാക്കി അവതരിപ്പിക്കുന്നതിൽ കുസാറ്റ് എപ്പോഴും മുൻപന്തിയിലാണ്. ഇതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയുമായി ചേർന്ന് ഇന്റർനാഷണൽ ഡ്യുവൽ മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് എന്ന പുതിയ കോഴ്സ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ കോഴ്സിലേക്ക് വിദ്യാർത്ഥികളെത്തി. റഷ്യയിലെ ലെറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഡ്യുവൽ മാസ്റ്റേഴ്സ് ഇൻ ന്യൂ ജനറേഷൻ ഇലക്ട്രോണിക് കംമ്പോണന്റ്സ് കോഴ്സും പുതുതായി നടപ്പിലാക്കി. എക്സിക്യൂട്ടീവ് എം.ടെക് കമ്പ്യൂട്ടർ സയൻസ്, ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ എൻവയോൺമെന്റൽ സയൻസസ്, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.സി.എ പ്രേഗ്രാാം എന്നിവയെല്ലാം കുസാറ്റിൽ പരീക്ഷിച്ചു വിജയിച്ച കോഴ്സുകളാണ്. ഡിസംബറിൽ നടക്കുന്ന ‘ക്യാറ്റ്’ എൻട്രൻസ് പരീക്ഷയിലൂടെയാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം. 500നടുത്ത് അദ്ധ്യാപകരാണ് സർവകലാശാലയുടെ അക്കാഡമിക് മികവിനു പിന്നിൽ.
