പാലക്കാട്: കേരളം ഭയത്തോടെ കാണുന്ന കൊടുംക്രിമിനൽ ചെന്താമരയ്ക്ക് നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. രണ്ടാം കേസിൽ വിചാരണ ഉടനാരംഭിക്കും.
പാലക്കാട് അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷവിധിച്ചത്. കൊലപാതകത്തിന് 302, വീട്ടിൽ കടന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 449 വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിക്കലിന് 201 വകുപ്പ് പ്രകാരം അഞ്ചുവർഷം തടവിനും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിലിറങ്ങി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും പരാമർശിച്ചു. ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന പ്രതിഭാഗം വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. സ്ഥിരം കുറ്റവാസനയുള്ള ആളെന്നും കൊല കൃത്യമായ ആസൂത്രണത്തോടെയെന്നും വ്യക്തമാക്കി.
2019 ആഗസ്റ്റ് 31ന് അയൽവാസിയായിരുന്ന സജിതയെ (35) ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോയതിനു പിന്നിൽ സജിതയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പോത്തുണ്ടി വനമേഖലയിൽ ഒളിച്ചിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരിച്ചിലിനൊടുവിലാണ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 27നായിരുന്നു ഇരട്ടക്കൊല. നെന്മാറ മുൻ എസ്.എച്ച്.ഒ എ.ദീപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എം.വിജയകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടർ.
- ‘പ്രതീക്ഷിച്ച വിധി, കൂടെനിന്ന എല്ലാവർക്കും നന്ദി’
പാലക്കാട്: പ്രതീക്ഷിച്ച വിധിയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധിയാണ്. സഹായിച്ച എല്ലാവർക്കും നന്ദി’-അതുല്യയും അഖിലയും പറഞ്ഞു.
സജിതയുടെ മക്കൾക്ക് ആരുമില്ലെന്നും സർക്കാർ ജോലി കൊടുക്കാൻ തയ്യാറാകണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. കോടതിയിൽ പോലും പ്രതിയെ പേടിച്ചാണ് നിന്നത്. തൊട്ടടുത്ത് തന്നെയായിരുന്നു പ്രതിയുണ്ടായിരുന്നതെന്നും സരിത പറഞ്ഞു. അതേസമയം,സജിത കൊലക്കേസിൽ തന്നെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി പ്രതി ചെന്താമര കേട്ടത് യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു. വിധികേട്ടശേഷം തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
പൊലീസ് കാഴ്ചക്കാരായി ചെന്താമര കൊന്നുതള്ളി
ചെന്താമര കഴിഞ്ഞ ജനുവരി 27നാണ് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും പൊലീസ് ഇടപെട്ടില്ല
കൊലയ്ക്ക് മുമ്പ് പലതവണ ജസിതയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കുടുംബം പരാതിപ്പെട്ടിട്ടും പൊലീസ് നിസാരവ്തകരിച്ചു
ഇരട്ടക്കലയ്ക്ക് പിന്നാലെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമുയയർന്നു. നെന്മാറ ഇൻസ്പെക്ടറടക്കം സസ്പെൻഷനിലായി
പരോളിൽ വിട്ടാൽ സാക്ഷികൾ
ആക്രമിക്കപ്പെടരുത്
പ്രതി കുറ്റം ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിധിയിലുണ്ട്. പരോൾ നൽകുകയാണെങ്കിൽ 44 സാക്ഷികൾക്കും സജിതയുടെ മക്കൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണം. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ല. പിഴത്തുക സജിതയുടെ മക്കൾക്ക് നൽകണം. പിഴ ഒടുക്കാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടി തുക ഈടാക്കണം. രണ്ടു പെൺമക്കളുടെയും പുനരധിവാസം ലീഗൽ സർവീസ് അതോറിട്ടി ഉറപ്പാക്കണം.
നിർണായകമായി
ശാസ്ത്രീയ തെളിവ്
കോടതി വിധിയിൽ തൃപ്തരാണെന്നും പ്രതിബദ്ധങ്ങൾ നിരവധിയുണ്ടായിരുന്നുവെന്നും സാക്ഷികളെ മനസിലാക്കി കൊണ്ടുവരാൻ സാധിച്ചുവെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. ശിക്ഷയിൽ ശാസ്ത്രീയ തെളിവുകൾ നിർണായകമായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടു വന്നു. കാലടി പാടുകളും പോക്കറ്റിന്റെ ഒരു കഷണം തുണിയും തെളിവായി. ചെറിയ തെളിവുകൾ പോലും കോടതിയിലെത്തിക്കാനായി. പ്രതിയുടെ ഭാര്യയും സഹോദരനും ഉൾപെടെ ഒരുമിച്ച് നിന്നു. സാമൂഹികനീതി പ്രൊബേഷനൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പ്രതിയുടെ മാനസികനില ഭഭ്രമെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് കുറ്റബോധമില്ലെന്ന് കോടതി കണ്ടെത്തിയെന്നും എസ്.പി പറഞ്ഞു.
