NEET UG 25- ൽ മികച്ച സ്‌കോർ നേടാം part-1

മേയ് നാലിന് നടക്കുന്ന നീറ്റ് യു.ജി പരീക്ഷയ്ക്കുള്ള അവസാന തയ്യാറെടുപ്പു സമയമാണിത്. ഇനിയുള്ള ദിവസങ്ങളിൽ നന്നായി പഠിച്ചു മികച്ച സ്‌കോർ നേടാനുള്ള തയ്യാറെടുപ്പാണാവശ്യം. പരീക്ഷയടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ ഗൗരവമേറിയ റിവിഷൻ പഠനമാണ് ഇതിനാവശ്യം.

നീറ്റിന്റെ പ്രാധാന്യം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2025- ലെ നീറ്റ് യു.ജി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സ്‌കോറുകൾ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, സിദ്ധ, യൂനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ബയോടെക്‌നോളജി, കോപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനത്തിനായി പരിഗണിക്കും. മിലിട്ടറി നഴ്‌സിംഗ് കോളേജുകൾ, കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ ബി.എസ്‌.സി നഴ്‌സിംഗിനായി നീറ്റ് സ്‌കോർ വിലയിരുത്തും. ജിപ്‌മെർ പുതുച്ചേരിയുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്‌.സി നഴ്‌സിംഗ് പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, കസ്തൂർബ ഹോസ്പിറ്റൽ, സെന്റ് സ്റ്റീഫൻസ്, സഫ്ദർജംഗ്, ഫ്‌ളോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട്, എ.എഫ്.എം.സിയുടെ കീഴിലുള്ള ആറ് നഴ്‌സിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനവും നീറ്റ് റാങ്ക് വഴിയാണ്. ജിപ്മറിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സ് പ്രവേശനവും നീറ്റ് വഴിയാണ്.

2024-ൽ 23.4 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഴുതുന്ന ദേശീയ പ്രവേശന പരീക്ഷയാണിത്.

നീറ്റിലൂടെ സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടാൻ അതതു സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യണം. ഉദാഹരണമായി കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീമിനും, കർണാടകയിൽ കെ.സി.ഇ.ടിയിലും രജിസ്റ്റർ ചെയ്യണം.

അവസാന ആഴ്ചകളിലെ തയ്യാറെടുപ്പുകൾ

മികച്ച സ്‌കോർ നേടാൻ അവസാന ആഴ്ചകളിൽചിട്ടയോടെയുള്ള പരീക്ഷാ തന്ത്രം ആവിഷ്‌കരിച്ചു നടപ്പിലാക്കണം. അതിലേറ്റവും പ്രധാനം ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക എന്നതാണ്. പരീക്ഷ കഴിഞ്ഞാൽ വിദ്യാർത്ഥികൾ സമയക്കുറവിനെകുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്.

വിദ്യാർത്ഥി 200 മിനിറ്റിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ പരമാവധി ഒരു മിനിറ്റ് മതി. എന്നാൽ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങൾക്ക് കൂടുതൽ സമയത്തിന്റെ ആവശ്യകത പരിഹരിക്കുന്നതിന്, എല്ലായ്‌പ്പോഴും ബയോളജി ചോദ്യങ്ങൾ ആദ്യം പൂർത്തിയാക്കുക, തുടർന്ന് കെമിസ്ട്രി, ഫിസിക്‌സ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതാണ് നല്ലത്. ആദ്യം ഫിസിക്‌സ് ചോദ്യങ്ങൾക്കു ഉത്തരമെഴുതുന്ന വിദ്യാർത്ഥികൾ ടൈം മാനേജ്‌മെന്റിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ചോദ്യങ്ങൾ വളരെ കടുപ്പമേറിയതും ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാണെങ്കിൽ, സങ്കല്പികമായി ഉത്തരം നൽകാൻ ശ്രമിക്കുന്നതിനുപകരം അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.

നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. ഒരു ചോദ്യത്തിന് നാലു മാർക്ക് വീതം 180 ചോദ്യങ്ങൾക്കു മൊത്തം 720 മാർക്ക് നീറ്റിനുണ്ട്. ഉത്തരം തെറ്റായാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. അതിനാൽ ഉത്തരം അറിയില്ലെങ്കിൽ കറക്കിക്കുത്താൻ ശ്രമിക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top