മഴ നിർത്താതെ പെയ്തിറങ്ങുകയാണ് .. ചോരാതെ കുട്ടനാട്ടുകാരുടെ നെഞ്ചിലെ ആശങ്കകളും

കാലവർഷം നേരത്തെ എത്തുമെന്ന് മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നിട്ടുകൂടി ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കാതെ കുട്ടനാടിനെ പ്രളയസമാനമായ സാഹചര്യത്തിലേയ്ക്ക് തള്ളിവിട്ടവരെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്..

വർഷാ വർഷങ്ങളിൽ വെള്ളം തലയ്ക്കുമുകളിൽ എത്തുമ്പോൾ മാത്രം ഉയരേണ്ടതല്ല കുട്ടനാടിനു വേണ്ടിയുള്ള നിലവിളി.. വെള്ളം മണ്ണിലും മനസ്സിലും കവിഞ്ഞൊഴുകുമ്പോൾ മാത്രം രൂപപ്പെടുത്തേണ്ടതല്ല കുട്ടനാടിന്റെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ.. AI കാലത്ത്, ഭൂമിക്കപ്പുറം ജീവനില്ലാത്ത മറ്റ് ഗ്രഹങ്ങളിലേയ്ക്ക് പോലും ആളുകളെ കയറ്റിവിടാൻ സാധിക്കുന്ന ഇക്കാലത്ത്, കുട്ടനാടിന്റേതിന് സമാനമായ ഭൂപ്രകൃതിയുള്ള മറ്റ് ഇടങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് കുട്ടനാട്ടിലും ഇതൊക്കെ സാധിച്ചുകൂടാ.. അതിന് ഇതൊരു അടിസ്ഥാന ആവശ്യമായി വേണ്ടപ്പെട്ടവർക്ക് തോന്നണം.. രാഷ്ട്രീയത്തിനപ്പുറം അതിജീവന ആവശ്യമായി, നിലനിൽപ്പിന്റെ പ്രശ്നമായി ഏറ്റെടുക്കാൻ നട്ടെല്ലുള്ള നല്ല തന്റേടമുള്ള ജനപ്രതിനിധികൾ ഉണ്ടാവണം ഇച്ഛാശക്തിയുള്ള കുട്ടനാടിന്റെ നാഡീയിടിപ്പ് അറിയാവുന്ന ഉദ്യോഗസ്ഥരുണ്ടാവണം.. വെള്ളപ്പൊക്കത്തിന്റെ അലയടികൾക്കപ്പുറം അവസാനിക്കാത്ത ഓളങ്ങളുള്ള പ്രായോഗികമായ എല്ലാ പരിഹാര നിർദ്ദേശങ്ങളും അതിന്റെ ഫലപ്രാപ്തിയിലെത്തും വരേയ്ക്കും അതിനെ പിന്തുടരാൻ തയ്യാറായി മുന്നിട്ടിറങ്ങുന്ന തത്പര കക്ഷി രാഷ്ട്രീയത്തിനതീതമായ കുട്ടനാട്ടുകാരുടെ കൂട്ടായ്മകൾ ഉണ്ടാവണം..

ഓരോ പെരുമഴക്കാലത്തിനുമിപ്പുറം ആരെയും മോഹിപ്പിക്കുന്ന കോടികളുടെ കണക്കും എങ്ങുമെത്താത്ത കുറെ പദ്ധതികളും മാത്രമല്ലേ നാളിതുവരെയുള്ള കുട്ടനാടൻ പുനർനിർമാണം.. അടിസ്ഥാനപരമായി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ട പല പദ്ധതികളും പരിഹാര നിർദ്ദേശങ്ങളും ഇനിയും വേണ്ടത്ര പ്രാധാന്യത്തോടെ പ്രാവർത്തികമാക്കാതെ തഴയപ്പെട്ടാൽ 750 കോടി അല്ല 1000 കോടി ചിലവാക്കി റോഡ് പണിതാലും ആ റോഡിലെ വെള്ളത്തിൽ കൂടി KSRTC ബസ്സ് നീന്തിത്തുടിക്കുന്നതും, വള്ളം തുഴയുന്നതും വല വീശുന്നതുമൊക്കെ സുന്ദരമായ കാഴ്ചകളായി റീലുകളിൽ കണ്ട് ആസ്വദിക്കാമെന്നല്ലാതെ കുട്ടനാട്ടുകാർക്ക് എന്ത് പ്രയോജനം..

കുട്ടനാട്ടിലെ പ്രളയഭീതി തരണം ചെയ്യുവാൻ 2018 ലെ പ്രളയത്തിന് ശേഷം പ്രഖ്യാപിച്ച പദ്ധതികളും അതിന് ശേഷം 2 ബജറ്റ് പ്രഖ്യാപനങ്ങളിലായി ധനമന്ത്രിയും ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള ജനപ്രതിനിധിയുമായ ടി എം തോമസ് ഐസക് പ്രഖ്യാപിച്ച (1000 +2400) 3400 കോടി രൂപയുടെ പാക്കേജ്. (https://www.manoramaonline.com/news/kerala/2019/01/31/kuttanad-package.html# https://www.manoramaonline.com/news/kerala/2020/02/07/kerala-budget-2020-idukki-wayanad-kuttanad-package.html)

പ്രളയപ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിൽ നിന്നും കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ ഷെൽട്ടർ ഹോമുകൾ പണിയാൻ ഉള്ള പ്രഖ്യാപനം. (https://www.mathrubhumi.com/news/kerala/women-should-be-introduced-as-drivers-in-government-service-1.4057349)

2019 ൽ നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രതീക്ഷ നൽകിയ എ സി കനാലുമായി ബന്ധപ്പെട്ടതായ പ്രഖ്യാപനം.
എ സി കനാലിലെ നീരൊഴുക്ക് സുഗമമാക്കുവാൻ പാലങ്ങളുടെയും കലുങ്കുകളുടെയും ഉയരം കൂട്ടി പുനർനിർമാണം, പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ കുട്ടനാട്ടിലെ മുഴുവൻ പൊതു സ്ഥാപനങ്ങളും പുനർ നിർമിക്കും എന്ന പ്രഖ്യാപനങ്ങൾ.. വാഗ്ദാന ലംഘനങ്ങളുടെ ഒരു പെരുമഴ ആയിരുന്നു 2019 ലെ ബജറ്റ് പ്രഖ്യാപനങ്ങൾ. കൂടാതെ 2020 ൽ കായലിൽ നിന്നും തോടുകളിലും നിന്നും വാരുന്ന ചെളി ഉപയോഗപ്പെടുത്തി പുറം ബണ്ട് ബലപ്പെടുത്താൻ കിഫ്‌ബി മുഖേനയുള്ള പദ്ധതി.
(https://www.manoramaonline.com/district-news/alappuzha/2020/05/24/alappuzha-flood-case.html)

കുട്ടനാട്ടുകാരനായ കാർഷിക വിദഗ്ദൻ ഡോ എം എസ് സ്വാമിനാഥൻ നൽകിയ റിപ്പോർട്ട് പ്രകാരം വേമ്പനാട്ട് കായലിന്റെ പ്രളയ ജല സംഭരണ ശേഷി 78 % കുറവ് വന്നിരിക്കുകയാണ്. ഇനി 50 വർഷത്തിന് ശേഷം ചിലപ്പോൾ കായൽ അപ്രത്യക്ഷമായേക്കാം എന്നാണ് റിപ്പോർട്ട് പറയുന്നത്. (https://www.indiawaterportal.org/sites/indiawaterportal.org/files/Measures_to_mitigate_agrarian_distress_in_Alappuzha_and_Kuttanad_wetland_ecosystem_MSSRF_2007.pdf)വെള്ളപ്പൊക്ക പ്രതിരോധത്തിനായി തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനലിൽ അടിഞ്ഞു കൂടി കിടക്കുന്ന എക്കലും ചെളിയും നീക്കം ചെയ്യുമ്പോൾ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് തന്നെ പാടശേഖരങ്ങളുടെ ബണ്ടുകളെ ബലപ്പെടുത്തുകയും വീതി കൂട്ടുകയും വേണം എന്ന നിർദേശം സ്വാമിനാഥൻ റിപ്പോർട്ട് ഉൾപ്പെടെ മുന്നോട്ട് വെച്ചിട്ടും മൂക്കിന് താഴെ വെള്ളം എത്തുമ്പോൾ മാത്രം കാട്ടുന്ന താത്കാലിക ആഴംകൂട്ടൽ പരിപാടികൾ പുനരാവിഷ്കരിക്കേണ്ടത് ഉണ്ട്. 2020 ലെ ബഡ്ജറ്റിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി നീക്കി വെച്ചിരിക്കുന്ന 74 കോടി രൂപ എവിടെ ചിലവഴിച്ചു എന്നതും അറിയേണ്ടത് ഉണ്ട്, പമ്പയിലെയും ലീഡിങ് ചാനലിലെയും ജലനിരപ്പ് അടിസ്ഥാനപ്പെടുത്തി സ്പിൽവേയുടെ ഷട്ടർ സിസ്റ്റം കമ്പ്യൂട്ടർവത്‌കൃതമാക്കേണ്ടത് അത്യാവശ്യം ആണ്. അതുപോലെ വൈദ്യുതി സിസ്റ്റം ആകെ പരിഷ്‌കരിക്കേണ്ടത് ഉണ്ട്.

കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ കെ ജി പത്മകുമാർ നിർദേശിച്ചതുപോലെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ പരിഹരിക്കാൻ കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണം എന്നാവശ്യവും ഇതുവരെ സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. (https://www.manoramaonline.com/news/kerala/2019/01/31/kuttanad-package.html#)

അതുപോലെ കുട്ടനാടിന്റെ പുനർനിർമാണം എന്ന മുദ്രാവാക്യവുമായി നെതർലൻഡ്‌സ്‌ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ആയിരുന്നു നെതർലൻഡ്‌സ്‌ മാതൃകയിൽ കുട്ടനാട്ടിൽ ‘റൂം ഫോർ റിവർ’ പദ്ധതി. (https://www.newindianexpress.com/states/kerala/2019/may/11/cm-takes-stock-of-dutch-model-to-address-floods-1975313.html)

യഥാർത്ഥത്തിൽ സംസ്ഥാന പ്ലാനിംഗ് കമ്മീഷൻ 2019 ഒക്ടോബറിൽ കുട്ടനാടിന്റെ പുനർനിർമ്മാണത്തിനായി സമർപ്പിച്ച 2447. 66 കോടിയുടെ പാക്കേജിന്റെ പ്രധാന നിർദേശമായ റൂം ഫോർ റിവർ പ്രോജക്ടിന്റെ ഇന്നത്തെ അവസ്ഥ എന്താണ് ?. (https://www.deshabhimani.com/news/kerala/kuttanad-package/827087)

ആവശ്യമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ട് കൂടി, മഴയെത്തും മുൻപേ മുൻകരുതലുകൾ ഒന്നും തന്നെ ആരംഭിക്കാതെ കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതിന് ശേഷം ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത് ?

ഇനിയെങ്കിലും കുട്ടനാടിനായി ഒരു കാർഷിക കലണ്ടർ രൂപപ്പെടുത്തി, തോട്ടപ്പള്ളി സ്പിൽവേ യുടെയും തണ്ണീർമുക്കം ബണ്ടിന്റെയും കാര്യക്ഷമത ഉറപ്പ് വരുത്തിയുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കണം.

വെള്ളപ്പൊക്കമെന്ന് കേൾക്കുമ്പോൾ മാത്രം കുട്ടനാടിനെ ഓർത്താൽ പോരാ എന്ന് സാരം. പ്രളയ രക്ഷാർഥ, വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് പ്രളയം എത്തി കഴിഞ്ഞിട്ടോ മഴക്കാലം വന്നിട്ടോ ആകരുത്..

വെള്ളപ്പൊക്കം കുട്ടനാട്ടുകാർക്ക് പുത്തരിയല്ല, ഈക്കാലവും നമ്മൾ അതിജീവിക്കും..

എന്നാൽ അതിനുമപ്പുറം സ്ഥിരമായ അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഉണ്ടാവട്ടെ.. വർഷാ വർഷങ്ങളിലെ വെള്ളപ്പൊക്കമെന്ന പ്രതിഭാസത്തെ ഭയക്കാതെ ജീവിക്കാനുതകുന്ന തരത്തിൽ അത് നിയന്ത്രണ വിധേയമാക്കാനുള്ള, പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാത്ത പ്രവർത്തനങ്ങൾ ഉണ്ടാവട്ടെ.. ഇനിയും പ്രഖ്യാപനങ്ങൾ നൽകുന്നതിലും ഉപരി ഇതുവരെ വാരിക്കോരി നൽകിയ പ്രഖ്യാപനങ്ങൾ, ആരും കയ്യിട്ടു വാരാതെ, തുക മാറ്റി ചിലവഴിക്കപ്പെടാതെ ഒന്നൊന്നായി കുട്ടനാട്ടിൽ നടപ്പിൽ വരട്ടെ…

ഈ നേരവും കടന്നു പോകും.. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗം കൂടുതൽ ഭംഗിയോടെ ആളുകളെ എന്നും മാടിവിളിക്കുന്ന സുന്ദരിയായി നിലകൊള്ളട്ടെ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top