തമിഴ്നാട്ടിൽ വാഹനാപകടം, നടൻ ഷൈൻ ടോമിന്റെ പിതാവിന് ദാരുണാന്ത്യം

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ട് പിതാവ് തൃശൂർ മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോയ്ക്ക് (70) ദാരുണാന്ത്യം. ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. അമ്മ മറിയം കാർമൽ, സഹോദരൻ ജോ ജോൺ ചാക്കോ, മാനേജർ അനീഷ് എന്നിവർക്കും പരിക്കുണ്ട്.

സേലം- ബംഗളൂരു ദേശീയപാതയിൽ ധർമ്മപുരി ജില്ലയിലെ ഹാെഗനക്കൽ പാലക്കോട്ട് പറയൂരിൽ ഇന്നലെ പുലർച്ചെ 6.30ഓടെയായിരുന്നു അപക‌ടം. കിയ കാർണിവൽ കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെയും ഇവിടേക്കെത്തിച്ചു. ഷൈനിനെയും അമ്മയെയും ഇന്നലെ രാത്രിയോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മുണ്ടൂരിലെ വീട്ടിലെത്തിച്ച മൃതദേഹം മോർച്ചറിയിലാണ്. സംസ്കാരം പിന്നീട്.

കാറിന്റെ രണ്ടാംനിരയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയിരുന്ന ചാക്കോയുടെ തല ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഏറ്റവും പിന്നിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു ഷൈൻ. അമ്മ മറിയത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റു. മുൻസീറ്റിലായിരുന്ന ജോ ജോണിന്റെയും കൈയ്ക്കാണ് പരിക്ക്.

വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഘം കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അടുത്തിടെ മയക്കുമരുന്നു വിവാദത്തിൽപ്പെട്ട ഷൈനിന്റെ ലഹരിമുക്തിക്കായി തൊടുപുഴയിൽ പൂർത്തിയാക്കിയ ചികിത്സ, ബംഗളൂരുവിലെ കേന്ദ്രത്തിൽ തുടരാനായിരുന്നു യാത്ര.

മറിയം പൊന്നാന്നി എം.ഐ സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മറ്റുമക്കൾ: സുമി മേരി ചാക്കോ, റിയ മേരി ചാക്കോ (ഇരുവരും ന്യൂസിലൻഡ് ). മരുമക്കൾ: ജിമ്മി, വിശാൽ സാമുവേൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top