ജില്ലയിലേക്ക് പഴകിയ മീനുകളുടെ ഒഴുക്ക്

കോട്ടയം : ട്രോളിംഗ് നിരോധനം മുതലെടുത്ത് ജില്ലയിലേക്ക് പഴകിയമീനുകൾ വ്യാപകമായി എത്തുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കൾ കലർത്തി എത്തുന്നത്. കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്. എന്നിട്ടും ചെക്കുപോസ്റ്റുകളിലടക്കം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല. കേരള തീരത്തെ മത്സ്യത്തിന്റെ നാലിലൊന്നുവിലയ്ക്ക് ലഭിക്കുന്ന മത്സ്യം കച്ചവടക്കാർ നാലിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. റോഡ് മാർഗമെത്തുന്നതിന്റെ രണ്ടിരട്ടി മത്സ്യം ട്രെയിൻവഴിയും എത്തുന്നുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയിൽവേസ്റ്റേഷനിൽ പരിശോധന നടത്താൻ അധികാരമില്ല.

മിനി ലോറികളിൽ മൂടിക്കെട്ടി

മത്സ്യം കേടാകാതെ എത്തിക്കുന്നതിന് ശീതീകരണത്തിന് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്. വാഹനത്തിനുള്ളിൽ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില മൈനസ് 14 ഡിഗ്രിയിൽ നിലനിറുത്തേണ്ടതുണ്ട്. അല്ലെങ്കിൽ മത്സ്യത്തിന്റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം. യാത്രയ്ക്കിടയിൽ
ഉരുകുന്നതിനനുസരിച്ച് ഐസ് ഇട്ടു കൊടുക്കുകയും വേണം. ഇതൊന്നും പാലിക്കാതെ മിനി ലോറികളിൽ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്.

കണ്ടറിയാം കാലപ്പഴക്കം
ചെകിളപ്പൂക്കൾക്കും കണ്ണിനും നിറവ്യത്യാസം
തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടൽ
ദുർഗന്ധമുള്ള ദ്രാവകം തൊലിപ്പുറത്ത്
മാംസത്തിനു നിറവ്യത്യാസവും, മൃദുത്വവും

പൊന്നുംവില

മത്തി, അയല, കിളിമീൻ : 300

വറ്റ,കാളാഞ്ചി, മോത : 800

നെയ്‌മീൻ : 1000 -1100

കരിമീൻ : 500- 600

”ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിൽ ചെറു വള്ളങ്ങളേ കടലിൽ ഇറക്കൂ. മോശം കാലാവസ്ഥയിൽ വള്ളങ്ങൾ ഇറക്കാൻ കഴിയുന്നില്ലെങ്കിലും കടൽമത്സ്യങ്ങൾ സുലഭമായത് അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നതിനാലാണ്. അമിതവിലയാണ് വരവ് മീന് ഈടാക്കുന്നത്.

രാഘവൻ, മത്സ്യത്തൊഴിലാളി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top