ചേർപ്പ്: ചൊവ്വൂർ അഞ്ചാംകല്ലിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി, മൂന്ന് സ്ത്രീകൾ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചൊവ്വൂർ ചെറുവത്തേരി കാര്യാട്ടുപറമ്പിൽ ബേബി കുമാറിന്റെ ഭാര്യ സംഗീത (47), ചെറുവത്തേരി വീട്ടിൽ പ്രേമാവതി (61), ഇവരുടെ മകൾ സയ്ന (36) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രേമാവതിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ബസ് ജീവനക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.10 ന് ട്രാഫിക് പഞ്ചിംഗ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന അൽ അസാ സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ബസ് പാഞ്ഞു വരുന്നത് കണ്ട് ബസ് കാത്തുനിന്നവർ ഓടി മാറിയത് മൂലം വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തകിട് കൊണ്ട് നിർമ്മിച്ച ബസ് സ്റ്റോപ്പും, സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ബന്ധം നിലയ്ക്കുകയും വാഹന ഗതാഗത തടസവും നേരിട്ടു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി.
അപകടം, പി.എസ്.സി പരീക്ഷാ
ഡ്യൂട്ടിക്ക് പോകുന്നതിനിടെ
ചേർപ്പ് : ചൊവ്വൂർ ബസ് അപകടത്തിൽപെട്ട തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിലെ സംഗീത അദ്ധ്യാപിക സംഗീത (47) പി.എസ്.സി പരീക്ഷാ ഡ്യൂട്ടിക്ക് സ്കൂളിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് വന്ന് അപകടം സംഭവിച്ചത്. മഴയായതിനാൽ കുട ചൂടി കൂട്ടമായി നിൽക്കുകയായിരുന്ന സംഗീതയടക്കമുള്ള യാത്രക്കാരായ സ്ത്രീകൾ ഇടിച്ചുകയറിയ ബസിന് മുന്നിൽ നിന്ന് ചാടി നിലത്ത് വീഴുന്ന കാഴ്ച പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അപകടം നടന്നയുടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
ഡ്രൈവർ കസ്റ്റഡിയിൽ
ചേർപ്പ്: ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയ ഉണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ മാള പുത്തൻചിറ ഒലവക്കോട് വീട്ടിൽ നാസറി ( 52) നെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പടംനാസർ
സംസ്ഥാനപാതയിൽ വാഹനാപകടം :
12 മണിക്കൂർ ഗതാഗത സ്തംഭിച്ചു
അത്താണി: ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ മുളങ്കുന്നത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മരംകയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലെ തടി കെട്ടിയിരുന്ന കയർ പൊട്ടി. ഇതോടെ ലോറി സംസ്ഥാന പാതയുടെ മദ്ധ്യത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ 12 മണിക്കൂർ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. ഇരു ദിശയിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുക്ക് പെട്ടു. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. തിരൂർ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ സൈമന്റെ മകൻ ഷിൽജൻ (31) സഞ്ചരിച്ചിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഷിൽജന് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.