റവിരോഗബാധിതർ കൂടുന്നു, ചികിത്സ തേടുന്നവരിലും വർദ്ധന

ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം വ‌ർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാർച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സ‌ർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും.

മുൻകാലങ്ങളിൽ മറവിരോഗ നിർണയം നടത്തുന്നവരുടെ എണ്ണം കുറവായിരുന്നു. കൃത്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെയാണ് ആളുകൾ ചികിത്സ തേടി എത്താൻ തുടങ്ങിയതാണ് രോഗികളുടെ കണക്കിൽ വർദ്ധന ഉണ്ടാകാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു.

60 വയസിന് ശേഷമാണ് മറവി രോഗം കൂടുതലായി കണ്ടുവരുന്നത്. സി.ടി സ്കാൻ, എം.ആർ.ഐ, ഇ.ഇ.ജി, എസ്.എസ്.ഇ.പി തുടങ്ങിയ പരിശോധനകൾ നടത്തിയാണ് രോഗം നിർണയിക്കുന്നത്. കൊവിഡ് വന്നുപോയവരിലും പ്രമേഹം, രക്തയോട്ടക്കുറവ്, കൊളസ്ട്രോൾ, രക്താദിസമ്മ‌ർദ്ദം എന്നിവയുള്ളവരിലും മറവി രോഗം കൂടുതലായി കാണുന്നുണ്ട്.

കൂടുതൽ 60 വയസ് പിന്നിട്ടവർ

1. ചെറിയ മറവികൾ സ്വാഭാവികമാണെങ്കിലും ഓർത്തെടുക്കാൻ ശ്രമിച്ചാൽ കണ്ടെത്താൻ പറ്റാത്ത മറവി, ദേഷ്യം എന്നിവ കൂടുതലായി ശ്രദ്ധിക്കണം

2. ഇവ അൾഷിമേഴ്സിലേക്ക് എത്തിച്ചേക്കാം. സംശയം തോന്നിയാൽ ചികിത്സ തേടണം. സർക്കാ‌ർ ആശുപത്രികളിൽ സൗജന്യ രോഗനിർണയവും ചികിത്സയുമുണ്ട്

3. അനുദിനം വർദ്ധിച്ചുവരുന്ന ഓർമ്മക്കുറവിനെയാണ് ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മർദ്ദം, തൈറോയിഡ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് മറവി വരാം

4. ഇത് അൾഷിമേഴ്‌സല്ല. കാലക്രമേണ കൂടിവരുന്ന മറവിക്കാണ് ചികിത്സ തേടേണ്ടത്.

ശ്രദ്ധിക്കാം

 പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന സാധനങ്ങൾ വച്ച സ്ഥലം മറന്നുപോകുക

 അടുത്തകാലത്തായി ഉണ്ടായ കാര്യങ്ങൾ മറന്നുപോകുക

 കാര്യങ്ങൾ അവതരിപ്പിക്കാൻ ഭാഷ ലഭിക്കാതാകുക

 ആളുകളെയും അവരുടെ പേരും മറക്കുക

 എന്നും സഞ്ചരിക്കുന്ന വഴികൾ മറക്കുക

ചികിത്സ തേടിയവർ

(2020- 2025 മാർച്ച് വരെ)
2020- 1769
2021- 2002
2022- 2304
2023- 2763
2024- 3112
2025- 574

മറവി രോഗം പലകാരണങ്ങളാൽ ഉണ്ടാകുന്നുണ്ട്. പ്രായമായവരിലാണ് കൂടുതലായും കാണപ്പെടുന്നത്. കൃത്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

-ഡോ. ബിജു ഭദ്രൻ, എച്ച്.ഒ.ഡി, ന്യൂറോ സർജറി

തിരുവനന്തപുരം മെഡിക്കൽ കോളേജ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top