തിരുവനന്തപുരം: സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും അക്കാഡമിക് കലണ്ടറും അദ്ധ്യാപകർക്കുള്ള ഹാൻഡ് ബുക്കും വിതരണം ചെയ്യാതെ പൊതുവിദ്യാഭ്യാസ വകുപ്പ്.
ഒരു വർഷത്തെ അക്കാഡമിക പ്രവർത്തനങ്ങളും സമയക്രമവും ഉൾപ്പെടുന്ന അക്കാഡമിക് കലണ്ടറിൽ മൂന്ന് ടേമുകളിലെയും മേളകൾ, പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ജൂൺ ആദ്യവാരം കലണ്ടർ അദ്ധ്യാപകരുടെ കൈകളിലെത്താറുണ്ട്.
പരീക്ഷാ തീയതികൾ അനുസരിച്ച് സമയം ക്രമീകരിച്ച് മുൻകൂട്ടി പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും അദ്ധ്യാപകരെ സഹായിക്കുന്നത് അക്കാഡമിക് കലണ്ടറാണ്.
പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ അദ്ധ്യാപക സഹായികളായ ഹാൻഡ് ബുക്കുകളില്ലാത്തത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. പരിചയമില്ലാത്ത പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ വ്യക്തതക്കുറവുള്ളതായി അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, ഏഴ്, അഞ്ച്, ഒൻപത് ക്ളാസുകളിലെയും ഈ വർഷം രണ്ട് മുതൽ പത്ത് വരെയുള്ള ബാക്കി ക്ളാസുകളിലെയും പാഠഭാഗങ്ങളാണ് മാറിയത്. വകുപ്പിന്റെ അലംഭാവത്തിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.
ജൂലായ് ആയിട്ടും യൂണിഫോം വിതരണം പൂർത്തിയായിട്ടില്ലെന്നും അദ്ധ്യാപകർ പറയുന്നു.
……………………………
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനപ്രശ്നങ്ങൾ മറച്ചുവച്ച് പുറംമോടിയിൽ അഭിരമിക്കുകയാണ് . പാദവാർഷിക പരീക്ഷ അടുത്തിട്ടും അക്കാഡമിക് കലണ്ടറും അദ്ധ്യാപകർക്കുള്ള ഹാൻഡ് ബുക്കും ലഭിക്കാത്തത് അതീവ ഗൗരവമുള്ള കാര്യമാണ്.
ഓട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്‌സ്
ഓട്ടോമൊബൈൽ എൻജിനിയറിംഗിന് പ്രസക്തിയേറുമ്പോൾ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് അക്കാഡമി- ഇൻഡസ്ട്രി സഹകരണത്തിന്റെ ഭാഗമായി നടത്തുന്ന കോഴ്‌സുകൾക്ക് പ്ലേസ്‌മെന്റ് ഏറെയാണ്. നോയിഡയിലുള്ള അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ടാറ്റ ടെക്‌നോളജിയുമായി ചേർന്ന് നടത്തുന്ന ബി.ടെക് / എം.ടെക് ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി, എയ്‌റോനോട്ടിക്കൽ എൻജിനിയറിംഗ് പ്രോഗ്രാമുകൾക്ക് ജൂലായ് 12 വരെ അപേക്ഷിക്കാം. മികച്ച പ്ലേസ്‌മെന്റുള്ള കോഴ്‌സുകളാണിത്. www.amity.edu/noida.
ഡാനിഷ് സ്‌കോളർഷിപ്പ്
ഡാനിഷ് ഗവണ്മെന്റ് സ്‌കോളർഷിപ്പിന് വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡെന്മാർക്കിലെ ആറസ് യൂണിവേഴ്‌സിറ്റിയിൽ 100 ശതമാനം ചെലവും സ്‌കോളർഷിപ്പിലൂടെ ലഭിക്കും. 2025- 26 വർഷത്തേക്കുള്ള പ്രോഗ്രാമിനാണിത്. www.danishtrust.in
ടെക്‌നോളജി & മാനേജ്‌മെന്റ് പ്രവേശനം
ഡൽഹിയിലെ ബാബ സാഹേബ് അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി & മാനേജ്‌മെന്റിൽ സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസ്, മാനേജ്മന്റ്, ലാ ബിരുദ , ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.ബി.എ, ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബി.ടെക് കമ്പ്യൂട്ടർ സയൻസ് & എ.ഐ, ബി.എഡ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്, പി.ജി.ഡി.എം കോഴ്‌സുകളുണ്ട്. ജൂലായ് 15 വരെ അപേക്ഷിക്കാം. www.bsaitm.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയ്നിംഗ് & റിസർച്ച് കോഴ്‌സുകൾ
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് & റിസർച്ചിലെ എം.ബി.എ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പബ്ലിക് പോളിസി ആൻഡ് മാനേജ്‌മെന്റിലാണ് എം.ബി.എ പ്രോഗ്രാം. ബയോ ഫാർമസ്യൂട്ടിക്കൽ സയൻസ്, ഫിസിക്‌സ് ( സെമി കണ്ടക്ടർ സയൻസ് & ടെക്‌നോളജി ), ട്രാൻസ്‌പോർട്ടേഷൻ എൻജിനിയറിംഗ് & മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് ( ബിഗ് ഡാറ്റ അനലിറ്റിക്‌സ് ), ഗ്രീൻ ടെക്‌നോളജി, VLSI & മൈക്രോ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ മാനുഫാക്ചർ & ഓട്ടോമേഷൻ എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. www.nitttrbpl.ac.in
