കണ്ണീരോർമ്മയായി ബിന്ദു, മകൾക്ക് സൗജന്യ ചികിത്സ,​ മകന് ജോലി

കോട്ടയം: മകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തി ദാരുണമായി പൊലിഞ്ഞ ബിന്ദു അനുജത്തിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ഒരുപിടി ചാരമായി. തലയോലപ്പറമ്പിലെ അഞ്ച് സെന്റും വീടുമാണ് കുടംബത്തിന്റെ ആകെ സമ്പാദ്യം. വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ പറമ്പിലായിരുന്നു പൊതുദർശനം. അന്തിമകർമ്മങ്ങൾക്കായി മാത്രമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. തുടർന്ന്, സഹോദരി രേണുകയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ നവനീത് ചിതയ്ക്ക് തീകൊളുത്തുമ്പോൾ കേരളക്കരയാകെ കണ്ണീരണിഞ്ഞു.

ഇതിനിടെ, ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു. സംസ്കാര ചടങ്ങിനുള്ള സഹായ ധനമായി 50,000 രൂപ കൈമാറി. മകൾ നവമിയുടെ ശസ്ത്രക്രിയ അടുത്തദിവസം മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തും. ചെലവ് പൂർണമായും സർക്കാർ വഹിക്കും.

ആശുപത്രി വികസന സമിതി നവനീതിന് താത്കാലിക ജോലി നൽകും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് 11ന് ചേരുന്ന മന്ത്രിസഭായോഗം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും. ബിന്ദുവിന്റെ മരണം രക്ഷാപ്രവർത്തനം വൈകിയതിനാലാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശ്വാസംമുട്ടിയല്ല തലതകർന്നാണ് മരണം. രാവിലെ 11 മുതൽ സംഭവസ്ഥലത്തുണ്ടായിരുന്നു. രക്ഷാദൗത്യം, ചികിത്സ, വിവിധ വാർഡുകളിലുണ്ടായിരുന്ന 360 രോഗികളെ പുതിയ സർജറി വാർഡിലേക്ക് മാറ്റുന്നതിനും നേതൃത്വം നൽകി.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ 5 ലക്ഷം

ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ അഞ്ചുലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണികൾക്കാണ് പണം നൽകുന്നത്.

ആവർത്തിക്കാതിരിക്കാൻ

മുൻകരുതൽ: മുഖ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത് ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സർക്കാരിന്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകും.

ദുഃഖം എന്റേതും: മന്ത്രി വീണ

സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്ന് ആരോഗ്യമന്തി വീണാ ജോർജ്. സർക്കാർ ബിന്ദുന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

‘അമ്മാ, എന്നെക്കൊണ്ട് പറ്റൂല്ലമ്മാ, ഇട്ടേച്ച് പോകല്ലമ്മാ…

കോട്ടയം: ‘അമ്മാ, എന്നെക്കൊണ്ട് പറ്റൂല്ലമ്മാ, ഇട്ടേച്ച് പോകല്ലമ്മാ…’ വിങ്ങിപ്പൊട്ടി മകൻ നവനീത്. കല്യാണസാരി പുതച്ച് കിടക്കുന്ന അമ്മയുടെ ചേതനയറ്റ ശരീരത്തെ പുണർന്ന് മകൾ നവമി. ‘എന്റെ മുത്ത് എന്നെ വിട്ടേച്ച് പോയല്ലോ, ഇതെങ്ങനെ സഹിക്കും’ ഉള്ളുലഞ്ഞ് 90കാരിയായ അമ്മ സീതാലക്ഷ്മി. പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ നിസംഗനായി ഭർത്താവ് വിശ്രുതൻ.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ആശ്വസിപ്പിക്കാൻ എത്തിയവരോട് കുടുംബത്തിനു വേണ്ടി ബിന്ദു സഹിച്ച ത്യാഗങ്ങൾ എണ്ണിപ്പറഞ്ഞ് കണ്ണീർവാർത്തു വിശ്രുതൻ.

അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെയാണ്. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. മകളെ പരിചരിക്കാനാണ് ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴോടെയാണ് എത്തിച്ചത്. പുലർച്ചെ മുതൽ വീടും പരിസരവും ജനസാഗരമായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രി കെ.സി.ജോസഫ്, ജെബി മേത്തർ എം.പി, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ.ആശ, എ.പി. അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രൻ, ഷോൺ ജോർജ്, ജി.ലിജിൻ ലാൽ, ബി.രാധാകൃഷ്ണ മേനോൻ, എൻ.ഹരി, സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, മുനവറലി തങ്ങൾ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.

ആദ്യ ശമ്പളം അമ്മയ്ക്ക്

നൽകാനാകാതെ…

സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു മകൻ നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ആദ്യ ശമ്പളം കിട്ടിയത്. ഇതുമായി ആദ്യമെത്തിയത് അച്ഛന്റെ അടുക്കലേക്ക്. അമ്മയെ ഏൽപ്പിക്കാനായിരുന്നു വിശ്രുതന്റെ മറുപടി. എന്നാൽ, അത് ഏറ്റുവാങ്ങാനാകാതെ ബിന്ദുവിനെ വിധി കൂട്ടിക്കൊണ്ടുപോയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top