ചമ്പക്കുളം മൂലം വള്ളം കളി നാളെ, കുമരകത്തു നിന്നും ചുണ്ടനില്ല വെപ്പ് മാത്രം

കോട്ടയം: ജലമേളകൾക്ക് തുടക്കം കുറിച്ച് നാളെ ചമ്പക്കുളത്താറ്റിൽ അരങ്ങേറുന്ന മൂലം വള്ളംകളി മത്സരത്തിൽ കുമരകത്തു നിന്ന് ചുണ്ടനില്ല. സാമ്പത്തിക പ്രതിസന്ധിയും സമ്മാനതുകയുടെ കുറവും കാരണം വെപ്പു വള്ളങ്ങൾ മാത്രമാണ് കുമരകത്തു നിന്നുള്ളത്.ടൗൺ ബോട്ട് ക്ലബ് വെപ്പ് ഒന്നാം ഗ്രേഡായ അമ്പലക്കടവനിൽ മത്സരിക്കുമ്പോൾ കുമരകം എൻ.സി.ഡി.സി നവ ജ്യോതിയിൽ ഇറങ്ങും. നെഹ്‌റു ട്രോഫിമത്സരത്തിനായി തിരഞ്ഞെടുത്ത ടീം അംഗങ്ങൾ തുഴയുന്ന പായിപ്പാടൻ ചുണ്ടനിലായിരുന്നു ടൗൺ ബോട്ട് ക്ലബിന്റെ ആദ്യ പരിശീലനം. എൻ.സി.ഡി.സി ഫൈബർ ചുണ്ടനിലായിരുന്നു പരിശീലനം . ഇരു ടീമുകളും മത്സരിക്കുന്ന വെപ്പു വള്ളങ്ങളിൽ അവസാന പരിശീലനം നടത്തിയാണ് ചമ്പക്കുളത്താറ്റിൽ നാളെ തുഴയെറിയാനെത്തുന്നത് .ഇരുടീമുകളും ഹീറ്റ്സിൽ ഏറ്റുമുട്ടുന്ന മത്സരം കുമരകത്തിന്റെ കരുത്തു തെളിയിക്കുന്ന തീപാറും പോരാട്ടമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളം കളി പ്രേമികൾ .വിജീഷ് പുളിക്കലാണ് അമ്പലക്കടവന്റെ ക്യാപ്ടൻ.അശ്വിൻ ചാക്കോയാണ് നവജ്യോതിയുടെ ക്യാപ്ടൻ .

സമ്മാനത്തുക കുറവ്

സമ്മാനത്തുക പേരിനുമാത്രമായതിനാൽ നെഹ്റു ട്രോഫിയുടെ ആകർഷണീയത ചമ്പക്കുളം വള്ളംകളിക്കില്ല. ഈ സാഹചര്യത്തിലാണ് കടം വാങ്ങി തുഴയേണ്ടെന്ന തീരുമാനത്തിൽ ബോട്ട് ക്ലബുകൾ എത്തിയത്. എങ്കിലും നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള സെമിഫൈനലായി കണ്ടാണ് ചരിത്രത്തിന്റെ ഭാഗവും കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്നതുമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ബോട്ട് ക്ലബ്ബുകൾ പങ്കെടുക്കുന്നത്. ചമ്പക്കുളം വള്ളംകളിക്ക് ഒരാഴ്ചത്തെ പരിശീലനവും നെഹ്‌റു ട്രോഫിക്ക് ഒരു മാസം വരെ നീളുന്ന പരിശീലനവുമാണ് ടീമുകൾ സാധാരണ നടത്തുന്നത്. ചെലവ് കൂടിയതോടെ പരിശീലന ദിവസങ്ങൾ കുറക്കാൻ ടീമുകൾ നിർബന്ധിതരായിട്ടുണ്ട്.

നടുഭാഗം (നടുഭാഗം ബോട്ട് ക്ലബ് ) ചെറുതന (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ആയാ പറമ്പ് പാണ്ടി( യുബിസി കൈനകരി) ചമ്പക്കുളം (ചമ്പക്കുളം ബോട്ട് ക്ലമ്പ്) ആയാപറമ്പ് വലിയ ദിവാൻജി( നിരണം ബോട്ട് ക്ലബ്‌) എന്നീ 5 ചുണ്ടൻ വള്ളങ്ങളാണ് രാജപ്രമുഖൻ ട്രോഫിക്കായി ഏറ്റുമുട്ടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top