നിപ: പാലക്കാട് ജില്ലയിൽ 208 പേർ സമ്പ‌‌ർക്ക പട്ടികയിൽ

പാലക്കാട്: നിപവ്യാപനം ഒഴിവാക്കാനുള്ള കർശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണജോർജ്ജ്. പാലക്കാട് ജില്ലയിൽ 208 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതിൽ 100 പേർ പ്രൈമറി സമ്പർക്ക പട്ടികയിലും 73 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. 52 പേർ ഹൈറിസ്‌കിലും 48 പേർ ലോ റിക്സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കൽ കൊളേജിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. രോഗിക്ക് മോണോ ക്രോണൽ ആന്റിബോഡി രണ്ട് ഡോസുകൾ നൽകി. ജില്ലയിൽ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

 നടക്കുന്നത് സൂക്ഷ്മ പരിശോധനയെന്ന് മന്ത്രി

നിപരോഗബാധയിൽ ലക്ഷണങ്ങൾ തീവ്രമാകുമ്പോഴാണ് വ്യാപനം കൂടുതലായി നടക്കുന്നത് എന്നുള്ളതിനാൽ വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് നടക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങൾ മൂലം മരണപ്പെട്ട വ്യക്തികളുടെ രോഗ കാരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ ആശുപത്രികളെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും സഹകരണത്തോടുകൂടി ആയിരിക്കും പരിശോധന. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതിക്കായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. മണ്ണാർക്കാട് സ്വകാര്യ ക്ലിനിക്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.

 വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടി

ജില്ലയിൽ ഫീൽഡ് സർവയലൻസ് ശക്തമാക്കിയിട്ടുണ്ട്. ക്വാറൻന്റൈനിൻ ഉള്ളവർക്ക് സാമൂഹിക മാനസിക പിന്തുണ ഉറപ്പു വരുത്തുന്നുണ്ട്. വിദ്യാഭ്യാസം ഉൾപ്പെടെ 27 കമ്മിറ്റികൾ ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണ സാമഗ്രികളും മാസ്‌ക് ഉൾപ്പെടെ അവശ്യ വസ്തുക്കളും എത്തിക്കുന്നുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗബാധ സ്ഥീരികരിച്ച് വന്നാലും ഇവിടെ ചികിത്സയ്ക്കുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ ആദ്യമായാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ പ്രചാരണമോ പ്രസ്ഥാവനകളോ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ സമ്പർക്കപ്പട്ടികയിൽ 461 പേർ 27 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ

മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ മലപ്പുറം ജില്ലയിൽ 252 പേരും പാലക്കാട് ജില്ലയിൽ 209 പേരുമാണ് ഉൾപ്പെടുന്നത്. 27 പേർ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് ആരോഗ്യപ്രവർത്തകരുള്ളതിൽ ഒരാൾ സി.ടി സ്‌കാൻ ടെക്നീഷ്യനാണ്. സമ്പർക്ക പട്ടികയിലുള്ള 48 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 46ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ 23 പേർ മഞ്ചേരി മെഡിക്കൽ കോളജിലും 23 പേർ കോഴിക്കോട്ടുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ളവർ എല്ലാവരും ക്വാറന്റീനിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
രണ്ട് രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് രോഗസാദ്ധ്യത ഉണ്ടാകാനുള്ള ഈ കാലയളവ് വളരെ പ്രാധാന്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവിനെ ലാഘവത്വത്തോടെ കാണരുത്. 21 ദിവസം പൂർണമായും ക്വാറന്റീൻ പാലിക്കണം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ക്വാറന്റീനിലുള്ളവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ ഭക്ഷണം ഉറപ്പാക്കണം. കണ്ടെയിൻമെന്റ് സോണിൽ താമസിക്കുന്ന ഇതര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാനും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കണം. സമ്പർക്കപ്പട്ടികയിലുള്ള ആരെയും കണ്ടെത്താതെ പോകാൻ പാടില്ല. ഇതിനായി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെട്ട 8,​706 വീടുകളിൽ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സർവൈലൻസ് പൂർത്തിയാക്കി. നിപയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്തരം കേസുകൾ സൈബർ സെല്ലിനു കൈമാറുമെന്നും മന്ത്രി പറഞ്ഞു.
മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, പൊതുജനാരോഗ്യവിഭാഗം അഡീ. ഡയറക്ടർ കെ.പി റീത്ത തുടങ്ങിയവർ നേരിട്ടും അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top