ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി സംവദിച്ച് ഉപരാഷ്ട്രപതി

കൊച്ചി: കളമശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നടന്ന ‘ ഗ്രീറ്റ് ആൻഡ് മീറ്റ് ദി വൈസ് പ്രസിഡന്റ്’ പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സംവദിച്ചു. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്‌മെന്റിന്റെ (സിഫി) നേതൃത്വത്തിലായിരുന്നു പരിപാടി. സിഫി ചെയർപേഴ്സൺ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ മധുരം നൽകിയാണ് ഉപരാഷ്ട്രപതി സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച വിവിധതരം മെഴുകുതിരികൾ മേഘ സണ്ണിയും മാർട്ടിൻ ടോമും ചേർന്ന് ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേദി ഒരുക്കേണ്ടതിന്റെ ആവശ്യകതയും അവരുടെ രക്ഷകർത്താക്കളുടെ ആവശ്യങ്ങളും അരക്ഷിതാവസ്ഥയും സിഫി ചെയർപേഴ്സൺ ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു. രാഷ്ട്രം മുഴുവനും ഈ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി. ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ എല്ലാ അമ്മമാരും സന്തോഷം പങ്കുവച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി ആർ.ബിന്ദു എന്നിവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.

ന്യായാധിപനെതിരെ കേസെടുക്കാത്തത് ദൗർഭാഗ്യകരം: ഉപരാഷ്ട്രപതി

കൊച്ചി: ഉന്നത ന്യായാധിപന്റെ വസതിയിൽ കോടിക്കണക്കിന് രൂപ കണ്ടെത്തിയിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കൊച്ചി ന്യുവാൽസിൽ (നാഷണൽ യൂണവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ്) നിയമവിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംവദിക്കെയാണ് ഡൽഹിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ സംഭവം പേരെടുത്ത് പറയാതെ പരാമർശിച്ചത്.

ജുഡിഷ്യറിക്കെതിരായ ഇത്തരം വിഷയങ്ങൾ ഭരണഘടനാപരമായാണ് കൈകാര്യം ചെയ്യുന്നത്. ക്രിമിനൽ പ്രവണതകൾ കണ്ടാൽ അതേരീതിയിൽ മുന്നോട്ടുപോകാനും ജനാധിപത്യ സംവിധാനത്തിൽ കഴിയേണ്ടതാണ്. പക്ഷേ, 90കളിലെ സുപ്രീംകോടതി വിധിയാണ് ഇതിന് തടസമാകുന്നത്. ഇക്കാര്യം പാർലമെന്റ് പരിശോധിക്കുന്നുണ്ട്.

ഷേക്‌സ്‌പിയറുടെ വിഖ്യാതമായ ജൂലിയറ്റ് സീസറിലെ ഭാഗം പരാമർശിച്ചാണ് ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഉപരാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. സീസറിന് സംഭവിച്ചതുപോലെ ഒരു മാർച്ച് 15 നമ്മുടെ നീതിന്യായ വ്യവസ്ഥയ്‌ക്കുമുണ്ടായി. അന്നായിരുന്നു ജഡ്ജിയുടെ വസതിയിൽ നിന്നു വൻതോതിൽ പണം കണ്ടെത്തിയത്.


പൊതുമണ്ഡലത്തിലുള്ള കാര്യമായതിനാലാണ് ഇതേക്കുറിച്ച് പറയുന്നത്. ചീഫ് ജസ്റ്റിസും മുൻ ചീഫ് ജസ്റ്റിസും ഉത്തരവാദിത്വത്തോടെ ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിൽ കോട്ടംതട്ടിയാൽ ഭീകരമായ സാഹചര്യത്തെ രാജ്യം അഭിമുഖികരിക്കേണ്ടിവരും. വിരമിക്കലിന് ശേഷം ജഡ്ജിമാർക്ക് ലഭിക്കുന്ന നിയമനങ്ങളിലും അദ്ദേഹം ആശങ്ക പങ്കുവച്ചു.

ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തണമെന്ന ആർ.എസ്.എസ് ആവശ്യത്തെ പരോക്ഷമായി അദ്ദേഹം പിന്തുണച്ചു. ഭരണഘടനയുടെ ആമുഖം കുട്ടികളുടെ രക്ഷകർത്താക്കളെ പോലെയാണ്. എത്രശ്രമിച്ചാലും അത് മാറ്റാൻ കഴിയില്ല. ഇന്ത്യയിലല്ലാതെ വേറൊരു രാജ്യത്തും ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയിട്ടില്ല. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്താണ് 1976ൽ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖം തിരുത്തിയതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണർ ആർ.വി. ആർലേക്കർ, മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു,​ ന്യുവാൽസ് വൈസ് ചാൻസലർ ജി.ബി.റെഡ്ഡി എന്നിവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top