കൊച്ചി: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള നിലവാര പരിശോധന നിശ്ചിത ഇടവേളകളിൽ നടക്കുന്നുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
നിയമത്തിൽ പറയുന്ന പരാതി പരിഹാര സമിതി സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ചട്ടത്തിൽ എന്താണ് പരാമർശിക്കുന്നത്? പരാതി പരിഹാര സമിതി സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു. കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്
കൗൺസിലിന്റെ സംസ്ഥാന സെക്രട്ടറിയും സത്യവാങ്മൂലം നൽകണം. ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിൽ എന്നിവരെ കക്ഷി ചേർത്തു ഹർജിയിൽ ഭേദഗതി വരുത്താൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി.
സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ജി. സാമുവൽ
നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങളും ശുചിത്വവും ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതുൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഹർജി.
കോട്ടയം മെഡി. കോളേജ് അപകടം……… രക്ഷാപ്രവർത്തനം മന:പൂർവം വൈകിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ആശുപത്രി സൂപ്രണ്ടിന് വീഴ്ചയില്ല
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് തയ്യാറാകുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ നിഗമനം. രക്ഷാപ്രവർത്തനം മന:പൂർവം വൈകിച്ചിട്ടില്ല. ഗ്രില്ലുകളും മതിലുകളും ഉൾപ്പെടെ പൊളിച്ച് ജെ.സി.ബി അടക്കം എത്തിക്കാനുണ്ടായ കാലതാമസം മാത്രമാണുണ്ടായത്.
തകർന്നു വീണ വലിയ കോൺക്രീറ്റ് കഷ്ണങ്ങൾ മനുഷ്യർക്ക് എടുത്തുമാറ്റാൻ കഴിയുമായിരുന്നില്ല. ആശുപത്രിയുടെ സൽപ്പേര് ഉയർത്താൻ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മൊഴിയെടുപ്പ് അടക്കം പൂർത്തിയായി. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ മറുപടി ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചാൽ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കുമെന്ന് കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു.
അതേസമയം, അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്ന് നടത്തിയേക്കും. ചികിത്സയ്ക്കും തുടർ പരിചരണങ്ങൾക്കും സർക്കാർ പ്രത്യേക കരുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വീട് സന്ദർശിച്ച്
മന്ത്രി ബിന്ദു
ഇന്നലെ മന്ത്രി ഡോ.ആർ.ബിന്ദു അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മകൻ നവനീത് എന്നിവരെ ആശ്വസിപ്പിച്ചു. വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. 12.80 ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്. അടുത്ത ദിവസംതന്നെ നിർമ്മാണം ആരംഭിക്കും. 50 ദിവസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിക്കുന്ന തുകയ്‌ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സി.കെ.ആശ എം.എൽ.എ, എൻ.എസ്.എസ് സംസ്ഥാന ഓഫീസർ ഡോ.ആർ.എൻ.അൻസാർ, എൻ.എസ്.എസ് എം.ജി സർവകലാശാല കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസ് എന്നിവർക്കാണ് മേൽനോട്ട ചുമതല.
