ദേശീയപണിമുടക്ക്: ജില്ലയിൽ ജനജീവിതം സ്‌തംഭിച്ചു

ആലപ്പുഴ: സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. ചമ്പക്കുളം മൂലംവള്ളംകളിയുടെ ഭാഗമായി ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽനിന്ന്​ ഒഴിവാക്കിയിരുന്നു. പ്രദേശത്ത്​ കടക​മ്പോളങ്ങളും പെട്രോൾപമ്പുകളും പ്രവർത്തിച്ചു. കുട്ടനാട്​ മേഖലയിലേക്ക്​ മാത്രം ഭാഗികമായി കെ.എസ്.ആർ.ടി.സി സർവീസ്​ നടത്തി. ജലഗതാഗതവകുപ്പ് പുളിങ്കുന്നിലേക്ക് മാത്രം ഒരുസർവീസ് നടത്തി. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡും, സ്വകാര്യ ബസ്റ്റാൻഡും ഉൾപ്പടെ വിജനമായിരുന്നു. കായംകുളം അടക്കമുള്ള ചിലമേഖലകളിൽ സമരാനുകൂലികൾ സ്വകാര്യവാഹനങ്ങൾ തടഞ്ഞു. ആലപ്പുഴ നഗരത്തിലെ സ്വകാര്യബാങ്കുകൾ സമരക്കാർ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്​. ബഹുഭൂരിപക്ഷം കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാൽ,​ ആശുപത്രികൾക്ക് സമീപവും ചില ഉൾപ്രദേശങ്ങളിലും ഹോട്ടലുകൾ പ്രവർത്തിച്ചത് നിരവധിപ്പേർക്ക് ആശ്വാസമായി. ട്രെയിൻ സർവിസിനെ ബാധിച്ചില്ലെങ്കിയും റെയിൽവേ സ്​റ്റേഷനിലെത്തിയ യാത്രക്കാർ വാഹനംകിട്ടാതെ വലഞ്ഞു. സമാന്തരസർവീസ്​ നടത്തിയവർ അമിതചാർജ്​ ഈടാക്കിയതായും പരാതിയുണ്ട്​.

തൊഴിലാളികളുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രകടനവും ബി.എസ്​.എൻ.എൽ ജനറൽ മാനേജരുടെ ഓഫീസിന്​ മുന്നിൽ യോഗവും നടത്തി. ബി.എസ്. എൻ.എൽ ഓഫീസിന് മുന്നിൽ നടന്നയോഗം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്​ഘാടനം ചെയ്തു. പി.വി. സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, മുൻ എം.പി അഡ്വ.എ.എം.ആരിഫ്, ഡി.പി.മധു, അജയസുധീന്ദ്രൻ, വി.ബി.അശോകൻ, എ.എം.ഷിറാസ്, വി.ടി.രാജേഷ്, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു. പി.പി.പവനൻ സ്വാഗതവും കെ.ജെ.പ്രവീൺ നന്ദിയും പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിൽനിന്ന്​ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പ​​ങ്കെടുത്തു.

കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്കിൽ പ്രതിഷേധം ഇരമ്പി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ ഹർത്താലിന് സമാനമായിരുന്നു പലയിടങ്ങളിലെയും അവസ്ഥ.

പലഭാഗത്തും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. കണ്ടക്ടറെ മർദ്ദിച്ചതായും പരാതി ഉയർന്നു. കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് വന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ശ്രീകാന്തിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ കൊല്ലം ഡിപ്പോയ്ക്ക് സമീപം എത്തിയ ബസ് തടഞ്ഞ സമരക്കാർ ബസിനുള്ളിൽ കയറി മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് ശ്രീകാന്ത് പറയുന്നത്.

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികൾ തടഞ്ഞു. റിസർവേഷൻ യാത്രക്കാർ ഉൾപ്പടെയുള്ളവർ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു. ആയൂരിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്. പോസ്റ്റ് ഓഫീസ് പൂട്ടി പുറത്തിറങ്ങിയ താത്കാലിക ജീവനക്കാരനായ ആയൂർ സ്വദേശി നന്ദുവിനാണ് മർദ്ദനമേറ്റത്.

പത്തനാപുരത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തെ ഔഷധി സബ് സെന്റർ നിർബന്ധിച്ച് അടപ്പിച്ചു. തെക്കൻ ജില്ലകളിലേക്കുള്ള മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്ന പ്രധാനകേന്ദ്രമാണിത്. ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. പത്തനാപുരത്ത് സ്വകാര്യ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും തടഞ്ഞു. വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി. ചിന്നക്കടയിൽ സിമന്റുമായി പോയ ബൾക്കർ വാഹനം സമരാനുകൂലികൾ തടഞ്ഞു. തൂത്തുക്കുടിയിൽ നിന്ന് തൊടുപുഴയിലേക്ക് പാലം പണിക്ക് സിമന്റുമായി പോയ വാഹനമാണ് തടഞ്ഞ് കൊടികെട്ടിയത്. ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കൊല്ലം പള്ളിമുക്കിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ലോറി തടഞ്ഞു. ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞു.

ഹെഡ് പോസ്റ്റ് ഓഫീസ് ഗേറ്റിന് മുന്നിൽ സമരക്കാർ കസേരയിട്ടിരുന്നു. ജീവനക്കാർ എത്തിയിട്ടും തുറക്കാൻ സമ്മതിച്ചില്ല. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. നഗരത്തിലെ ഉൾപ്പടെ പമ്പുകളും അടപ്പിച്ചു. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഭവന നിർമ്മാണ ബോർഡ് ഓഫീസ് സമരാനുകൂലികൾ പ്രകടനമായെത്തി പൂട്ടിച്ചു. വനിതാ ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയാണ് ഓഫീസ് അടപ്പിച്ചത്.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ തുറന്ന കടകൾ പ്രതിഷേധക്കാർ അടപ്പിച്ചു. ചുരുക്കം ചില ഓട്ടോറിക്ഷകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി.

കെ.എസ്.ആർ.ടി.സി ബസും തടഞ്ഞു

ജോലി ചെയ്യാൻ തത്പരരായെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഉൾപ്പടെ പിന്തിരിപ്പിച്ചു. കൊട്ടാരക്കരയിലും ചടയമംഗലത്തും സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. പത്തനാപുരത്തും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. പലയിടത്തും ദൂരയാത്രയ്ക്കായി ഡ്യൂട്ടി ക്രമപ്പെടുത്തി കണ്ടക്ടർമാർ എത്തിയപ്പോൾ ഡ്രൈവർമാ‌ർ ഇല്ലാത്ത അവസ്ഥയുണ്ടായി. മുൻകൂട്ടി ബുക്ക് ചെയ്ത് യാത്രക്കിറങ്ങിയ യാത്രക്കാരും വലഞ്ഞു. സ്വകാര്യ ബസുകളും ഓടിയില്ല.

കോട്ടയം : വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജില്ലയിൽ ഹർത്താലിന് സമാനമായി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസ് നടത്തി. ഓട്ടോ – ടാക്സി വാഹനങ്ങൾ സർവീസ് നടത്തിയില്ല. ഭൂരിഭാഗം കടകളും അട‌ഞ്ഞു കിടന്നു. ചങ്ങനാശേരിയിൽ പോസ്റ്റുമാനെ സമരക്കാർ ആക്രമിച്ചു. കോട്ടയം നഗരത്തിലടക്കം വിവിധയിടങ്ങളിൽ സമരക്കാർ രാവിലെ വാഹനങ്ങൾ തടഞ്ഞു. തുടർച്ചയായി രണ്ട് ദിവസം സ്വകാര്യ ബസുകൾ ഓടാതിരുന്നത് ഗ്രാമീണ മേഖലയിലുള്ളവരെ വലച്ചു. ഗ്രാമപ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു. കളക്ടറേറ്റ് അടക്കമുള്ള ജില്ലയിലെ 90 ശതമാനം സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു. കളക്ടറേറ്റിൽ 90 ശതമാനം ജീവനക്കാരും ജോലിയ്ക്ക് എത്തിയില്ല. ചില ഓഫീസുകളിൽ ചുരുക്കം ജീവനക്കാർ എത്തിയെങ്കിലും ഉച്ചയോടെ മടങ്ങി. സ്കൂളുകളെല്ലാം അടഞ്ഞു കിടന്നു. ബാങ്കുകളും, പമ്പുകളും, ഹോട്ടലുകളും പ്രവർത്തിച്ചില്ല.

രാത്രി തന്നെ ഓട്ടം നിറുത്തി

24 മണിക്കൂർ പണിമുടക്കായതിനാൽ അർദ്ധരാത്രി തന്നെ കെ.എസ്.ആർ.ടി.സി സർവീസ് അവസാനിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാർ എത്തിയെങ്കിലും യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സർവീസുകൾ മുടക്കി. കോട്ടയം ഡിപ്പോയിൽ നിന്ന് മൂന്ന് സർവീസുകൾ മാത്രമാണ് നടത്തിയത്. ഈരാറ്റുപേട്ടയിൽ രണ്ടും പൊൻകുന്നത്ത് മൂന്നും പാലായിൽ ഏഴും എരുമേലിയിൽ ഒന്നും സർവീസുകൾ നടത്തി. പൊൻകുന്നത്ത് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് സമരക്കാർ തടഞ്ഞു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഓടിയില്ല.

 ടൂറിസം കേന്ദ്രങ്ങളെ ബാധിച്ചു

കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളെ പണിമുടക്ക് ബാധിച്ചു. കാര്യമായ ഹോട്ടലുകൾ തുറന്നിരുന്നില്ല. ഹൗസ് ബോട്ടുകളും സർവീസ് നടത്തിയില്ല. സഞ്ചാരികളും നന്നേ കുറവായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top